തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കൾ പ്രതിയായ കോഴ കേസുകളിൽ ഉചിതമായ ഇടപെടലിന് മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്. ഈ കത്തിലെ വിശദ വിവരങ്ങൾ പുറത്തുവന്നു. ബിജെപി നേതാക്കൾ നൽകിയ നിവേദനം പരിഗണിച്ചാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ പ്രതിയായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

മഞ്ചേശ്വരത്ത് അപര സ്ഥാനാർത്ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയ കേസും കൊടകര കുഴൽപ്പണ കേസും ഉൾപ്പെടെ ബിജെപി നേതാക്കൾ പ്രതിയായ കേസുകളിൽ അനുഭാവപൂർവ്വമായ തീരുമാനമെടുക്കണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ട കത്താണ് പുറത്തായത്. 2021 ജൂൺ പത്തിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ബിജെപി നേതാക്കൾ നൽകിയ നിവേദനം പരിഗണിച്ചായിരുന്നു ഗവർണറുടെ ഇടപെടൽ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ എംഎൽഎ ഒ രാജഗോപാൽ, സംസ്ഥാന നേതാക്കളായ വിവി രാജേഷ്, എസ് സുരേഷ്, പി സുധീർ എന്നിവർ ഒപ്പുവച്ച നിവേദനത്തിന്റെ പകർപ്പും കത്തിനൊപ്പം ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറി.

സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ കൊടകര കോഴപ്പണ കേസ്, മഞ്ചേശ്വരം കേസ് തുടങ്ങിയ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യ ധ്വംസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ ഗവർണർക്ക് പരാതി നൽകുകിയിരുന്നു. 'സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് പൊലീസ് നടപടികൾ' എന്നതടക്കമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

തൊട്ടടുത്ത ദിവസമാണ് ഗവർണർ രാജ്ഭവൻ മുഖേന മുഖ്യമന്ത്രിക്ക് ബിജെപി നേതാക്കളുടെ പരാതിയിൽ ഉചിത നടപടി ആവശ്യപ്പെട്ട് കത്തയച്ചത്. ബിജെപി നേതാക്കളുടെ ആരോപണങ്ങൾ എടുത്ത് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യത്തിൽ ഉടനടി ഉചിതമായ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തിരിക്കുന്നത്.

പൊലീസിന്റെ അന്വേഷണ പരിധിയിലുള്ള ഒരു കേസിൽ ഗവർണർ രാഷ്ട്രീയ ആരോപണങ്ങളെ അതേപടി ഏറ്റുപിടിച്ച് അടിയന്തര ഇടപെടൽ തേടിയെന്നാണ് ഇടത് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇത്തരത്തിലുള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന സാധാരണ നടപടി മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് രാജ്ഭവനും അറിയിക്കുന്നത്. കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.