- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ വിരുദ്ധതയെ നിയമമാക്കാനുള്ള ശ്രമം അംഗീകരിക്കില്ല; സർവ്വകലാശാലയുടെ സ്വയം ഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുടെ ബന്ധുക്കൾ യോഗ്യതയില്ലാത്ത പദവികളിൽ എത്തുന്നതും തടയും; ലോകായുക്തയിലും ഉടക്ക്; ജ്യൂഡിഷ്യറിയെ തകർക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പറഞ്ഞ് ഗവർണ്ണർ; സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: സർവ്വകലാശാലാ-ലോകായുക്താ ഭേദഗതികളിൽ ഒപ്പിടില്ലെന്ന സൂചനയുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ഒരു ബില്ലും കണ്ടിട്ടില്ലെന്നും എന്നാൽ പത്രത്തിൽ നിന്ന് മനസ്സിലാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും ഗവർണ്ണർ വിശദീകരിച്ചു കൊണ്ടാണ് ശക്തമായ നിലപാടുമായി മുമ്പോട്ട് പോകുമെന്ന സൂചനകൾ നൽകിയത്. താനൊരു റബ്ബർ സ്റ്റാമ്പല്ലെന്നും ചാൻസലറായി തുടരുന്നിടത്തോളം കാരണം നിയമവിരുദ്ധത അനുവദിക്കില്ലെന്നും ഗവർണ്ണർ തുറന്നടിച്ചു. ലോകായുക്താ നിയമവും അംഗീകരിക്കില്ലെന്ന സൂചനകളും നൽകി. ഇതോടെ സർക്കാരുമായി ഏറ്റുമുട്ടലിന് ഗവർണ്ണർ കടക്കുകയാണെന്ന് വ്യക്തമായി.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയ്ക്ക് എങ്ങനെ കണ്ണൂർ സർവ്വകലാശാലയിൽ ജോലി കിട്ടി എന്നും ഗവർണ്ണർ ചോദിക്കുന്നു. സർവ്വകലാശാലകളുടെ സ്വയം ഭരണാവകാശം പാവനമായ ആശയമാണ്. അതിൽ വെള്ളം ചേർക്കാൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്കെതിരായ വിധി അയാളുടെ നേതൃത്വത്തിൽ തന്നെ പുനപരിശോധിക്കുന്ന സാഹചര്യത്തേയും അംഗീകരിക്കില്ലെന്ന് ഗവർണ്ണർ വിശദീകരിച്ചു. താനൊരു റബ്ബർ സ്റ്റാമ്പല്ലെന്നും കടുത്ത നടപടികൾ ഉണ്ടാകുമെന്നും വിശദീകരിച്ചു. ഇതോടെ സർക്കാരുമായി ഏറ്റുമുട്ടലിനുള്ള സാധ്യതയാണ് ഗവർണ്ണർ ചർച്ചയാക്കുന്നത്. എംജി സർവ്വകലാശാലയിൽ ഒരു പൊളിട്ടിക്കൽ പാർട്ടി ഫ്ളക്സ് സ്ഥാപിച്ചതും ഗവർണ്ണർ ഉയർത്തി.
സർവകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാൻ അനുവദിക്കില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. സ്വയംഭരണത്തിൽ വെള്ളം ചേർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നും റബ്ബർ സ്റ്റാമ്പായി പ്രവർത്തിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാൻ അനുവദിക്കില്ല. രാഷ്ട്രീയായി സർവകലാശാലകളെ കയ്യടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ബന്ധുവിനെ നിയമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറായപ്പോൾ തീരുമാനത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകൾ അയച്ചെന്നും അതിലെല്ലാം തന്നെ സർക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളൂവെന്നാണ് ഞാൻ പറയുന്നത്- ഗവർണർ അഭിപ്രായപ്പെട്ടു. ജനാധിപത്യ സർക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകൾ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാൽ അത് നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും സർവകലാശാലകളിലെ രാഷ്ട്രീയ കൈയടക്കൽ അനുവദിക്കില്ലെന്നുമാണ് ഗവർണർ പറഞ്ഞുവയ്ക്കുന്നത്.
രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ പേരൊന്നും പറയുന്നില്ല. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുണ്ടായ വിശ്വാസ ധാരയാണ് അത്. അവർ യൂണിവേഴ്സിറ്റി കാമ്പസിൽ ഫ്ളക്സുകളും മറ്റും വയ്ക്കുന്നു. അത് സർവ്വകലാശാലാ സ്ഥലമാണ്. അവിടെ ഫ്ളക്സ് വയ്ക്കാൻ ആർക്കും അവകാശമില്ല. ഇതൊന്നും അംഗീകരിക്കില്ലെന്നും ഗവർണ്ണർ പറഞ്ഞു. സിപിഎമ്മിനേയാണ് താൻ ലക്ഷ്യമിടുന്നതെന്ന് വാക്കുകളിൽ നിന്ന് വായിച്ചെടുക്കാനുള്ള സൂചനകളെല്ലാം ഇട്ടായിരുന്നു ഗവർണ്ണറുടെ വിമർശനം. ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും ഗവർണറുടെ അനുമതിക്കായി അയച്ച് സർക്കാർ കാത്തിരിക്കുകയാണ്.
18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ ബില്ലുകളിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. ഇതിനിടെയാണ് പരസ്യമായി തന്നെ ഗവർണ്ണർ കാര്യങ്ങൾ വിശദീകരിക്കുന്നത്. നിയമസഭ പാസ്സാക്കിയ വിവാദബില്ലുകൾ നിയമവകുപ്പ് കൂടുതൽ പരിശോധന കൂടി നടത്തിയാണ് ഗവർണർക്ക് കഴിഞ്ഞ ദിവസം അയച്ചത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഒന്നും രാജ്ഭവനിൽ എത്തിയിട്ടില്ലെന്നും ഗവർണ്ണർ വിശദീകരിക്കുന്നുണ്ട്.
14 ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവർണർ എടുക്കുന്ന തീരുമാനമാണ് നിർണായകം. സർക്കാർ-ഗവർണർ പോര് അനുനയമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകൾ കൂടുതൽ ചർച്ചയായി മാറുന്നത്. എന്തു വ്ന്നാലും അംഗീകരിക്കില്ലെന്ന സൂചനകളാണ് ഗവർണ്ണർ ഇന്നും നൽകുന്നത്.
കഴിഞ്ഞ കാല തർക്കങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവർണർ അയയുന്നതിന്റെയും സർക്കാർ അനുനയത്തിന്റെയും സൂചനകൾ ഇതുവരെ നൽകുന്നില്ല. ഓണം വാരാഘോഷത്തിന്റെ സമാപനത്തിലെ ഘോഷയാത്രയിൽ ഗവർണറെ ക്ഷണിക്കുന്ന പതിവ് വരെ സർക്കാർ തെറ്റിച്ചു. തരം കിട്ടുന്ന സമയത്തെല്ലാം സർക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ച് വരുന്നു. ഒന്നുകിൽ ബില്ലിൽ ഒപ്പിടാം, അല്ലെങ്കിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഗവർണ്ണർ തീരുമാനമെടുക്കൂ.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയിൽ വിധി പറയാനിരിക്കെ ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാകും. ഇത്ര വിവാദമുണ്ടായശേഷം ബില്ലിൽ ഒപ്പിട്ടാൽ ബിജെപി-സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ൽ നിയമസഭ പാസ്സാക്കിയ സർവ്വകലാശാല അപലേറ്റ് ട്രിബ്യൂണൽ ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.
മറുനാടന് മലയാളി ബ്യൂറോ