തിരുവനന്തപുരം: സർക്കാരിനെതിരായ ആക്രമണം പുതിയ തലത്തിലേക്ക് ഉയർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിനൊപ്പം മറ്റു പലതും സുപ്രീംകോടതിയുടെ വിധിയിലുണ്ടെന്നും അതും ഉപയോഗിക്കാനാണ് ഗവർണ്ണറുടെ തീരുമാനമെന്നും സൂചനകൾ പുറത്തു വരുന്നു. സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സർവ്വകലാശാല ഭേദഗതി ബില്ലും അപ്രസക്തമാകുമെന്നാണ് രാജ്ഭവന്റെ നിലപാട്. ഈ ബില്ലിൽ ഗവർണ്ണർ ഒപ്പിടില്ല. ഇതോടെ സർവ്വകലാശാലകളിൽ സർവ്വാധികാരം ഗവർണ്ണർക്കാകും.

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറായില്ല. ഇതേതുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല. സെനറ്റ് അംഗങ്ങളുടേ കേസ് ഹൈക്കോടതിയിലാണ്. ഈ കേസിനേയും സുപ്രീംകോടതി വിധി സ്വാധീനിച്ചേക്കും. ഗവർണ്ണർക്കെതിരായ വിധിയുണ്ടായാൽ അതിനെ ഉടൻ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാണ് രാജ്ഭവന്റെ തീരുമാനം. അതായത് വലിയ നിയമ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങൾ മാറും. സർക്കാരും നിയമോപദേശം തേടുന്നുണ്ട്. പുറത്താക്കിയാൽ വിസിമാരും കോടതിയെ സമീപിക്കും. ഇതെല്ലാം നിർണ്ണായകമാകും.

9 വിസിമാർ തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിർദ്ദേശം. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, കണ്ണൂർ, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സർവകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. അസാധാരണ പ്രതിസന്ധിയാണ് ഇതുണ്ടാക്കുന്നത്. വിസിമാരെ മാറ്റി പകരം താൽകാലിക വിസിമാരെ നിയമിക്കാനാണ് ശ്രമം. പുതിയ വിസിയെ നിയമിക്കുമ്പോഴും ഗവർണ്ണർക്ക് കൂടുതൽ പ്രാമുഖ്യം കിട്ടുന്നതാണ് സുപ്രീംകോടതിയുടെ വിധി. ഇതും സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്.

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015ലെ സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നൽകിയതെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യമുയർത്തിയാണ് ഗവർണ്ണറുടെ ഇടപെടൽ. ഗവർണ്ണറെ കേരളത്തിലെ പല സർവ്വകലാശാലകളും പ്രകോപിപ്പിച്ചിരുന്നു. അന്ന് തന്നെ വിസിമാരെ മാറ്റുന്നത് രാജ്ഭവൻ പരിഗണിച്ചിരുന്നു. എന്നാൽ സർക്കാരുമായുള്ള ഏറ്റുമുട്ടലിനുള്ള താൽപ്പര്യക്കുറവ് ഗവർണ്ണർക്കുണ്ടായിരുന്നു.

സാങ്കേതിക സർവകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിച്ചതും പാനൽ ഇല്ലാതെയാണ്. കണ്ണൂർ, സംസ്‌കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. ഇവരിൽ സംസ്‌കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുൻ ഗവർണർ പി.സദാശിവം ആയിരുന്നു. ഗവർണറുടെ അടുത്തിടെയുള്ള നടപടികൾക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണ്ണർ യുദ്ധ പ്രഖ്യാപനവുമായി വിസിമാരോട് രാജിവയ്ക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടത്.

മന്ത്രിമാർ ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവർണർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്. ചാൻസലർ എന്ന അധികാരപദവി ഉപയോഗിച്ചാണ് വിസിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവർണർ അസാധാരണമായ നടപടി എടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയിരുന്നു. ഈ വിധിയുടെ ചുവടുപിടിച്ചാണ് ഗവർണറുടെ പുതിയ നീക്കം.