- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൻസലറുടെ തീരുമാനം പിൻവലിക്കാതെ സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യില്ല എന്നത് ആജ്ഞാപിക്കുന്നതിന് തുല്യം; കേരളത്തിലെ പ്രധാന സർവകലാശാലയായിട്ടും വൈസ് ചാൻസലർ വേണ്ടെന്നാണ് പറയുന്നത്? ഹൈക്കോടതിയുടെ ഈ ചോദ്യങ്ങൾ വെട്ടിലാക്കുന്നത് കേരള സർവ്വകലാശാലയെ; സർക്കാരിന് തിരിച്ചടിയുണ്ടാകുമോ? ഗവർണ്ണർ-സർക്കാർ പോരിൽ അന്തിമ വിധി നിർണ്ണായകമാകും
കൊച്ചി: കേരള സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി പറയുമ്പോൾ കേരളത്തിൽ ഗവർണ്ണർ തിരിച്ചെത്തുമ്പോൾ അതിശക്തമായ നടപടികൾ ഉറപ്പ്.സർവ്വകലാശാലയോട് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനായി ചാൻസലർകൂടിയായ ഗവർണർ രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യണമെന്ന നിർദേശത്തോട് സർവകലാശാല അനുകൂലമായി പ്രതികരിക്കാത്തതിനെത്തുടർന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം. ഇത് രാജ്ഭവന് കരുത്ത് പകരുന്നതാണ്.
നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗം പ്രതിനിധിയെ നാമനിർദ്ദേശംചെയ്യണമെന്ന നിർദേശമാണ് കോടതി മുന്നോട്ടുവെച്ചത്. ഈ യോഗത്തിൽ ചാൻസലർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളെയും പങ്കെടുപ്പിക്കാൻ അനുവദിക്കാമെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. ഇതിനോടാണ് സർവകലാശാല അനുകൂലമായി പ്രതികരിക്കാതിരുന്നത്. ഒക്ടോബർ 11-ന് ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ചാൻസലർ പുറത്താക്കിയതിനെതിരേ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കോടതിയുടെ നിർദേശത്തോട് അനുകൂലപ്രതികരണമുണ്ടാകാത്തതിനാൽ വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും. അങ്ങനെ സർവ്വകലാശാലയെ വെട്ടിലാക്കുകയാണ് കോടതി.
സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്താൽ സെർച്ച് കമ്മറ്റി നടപടികളിലേക്ക് കടക്കും. ഗവർണ്ണർക്ക് വിസിയെ കണ്ടെത്താം. അധികാരങ്ങൾ ഗവർണ്ണറിൽ നിന്ന് വെട്ടി ചുരുക്കുന്ന ബില്ലുകൾ രാജ്ഭവനിലുണ്ട്. ഇതിൽ ഗവർണ്ണർ ഒപ്പിടുന്നില്ല. അതുകൊണ്ട് തന്നെ എങ്ങനേയും വിസി നിയമനം വൈകിപ്പിക്കാനായിരുന്നു സർക്കാർ ശ്രമം. അതിനാണ് സിപിഎമ്മിന് മുൻതൂക്കമുള്ള സെനറ്റിനെ കൊണ്ട് അട്ടിമറി നടത്തിയത്. തുടർന്ന് യോഗങ്ങളിൽ എത്താത്തവരെ ഗവർണ്ണർ പുറത്താക്കി. ഇവർ കോടതിയിലും പോയി. അപ്പോൾ ഇവരെ കൊണ്ടു തന്നെ സെർച്ച കമ്മറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നൽകാനാണ് ഹൈക്കോടതിയുടെ ശ്രമം.
യുജിസി. മാനദണ്ഡങ്ങളും സർവകലാശാലാനിയമവും പാലിക്കാനേ പറയുന്നുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നിട്ടും പ്രതിനിധിയെ നാമനിർദ്ദേശംചെയ്യാത്തത് അദ്ഭുതപ്പെടുത്തുന്നു. കോടതിയുടെ മേൽനോട്ടമുണ്ടാകുമെന്ന് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല. സെർച്ച് കമ്മിറ്റിക്ക് രൂപംനൽകിയ ചാൻസലറുടെ തീരുമാനം പിൻവലിക്കണമെന്ന് ഓഗസ്റ്റ് 28-ന് ചേർന്ന സെനറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു. അതു പുനഃപരിശോധിക്കാനാകില്ലേയെന്ന് കോടതി ചോദിച്ചു. ചാൻസലറുടെ തീരുമാനം പിൻവലിക്കാതെ സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശംചെയ്യില്ല എന്നത് ആജ്ഞാപിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ പ്രധാന സർവകലാശാലയായിട്ടും വൈസ് ചാൻസലർ വേണ്ടെന്നാണ് പറയുന്നത്. അതിൽ കുഴപ്പമില്ല, പക്ഷേ വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകരുത്-കോടതി പറഞ്ഞു.
പ്രശ്‌നപരിഹാരത്തിനാണ് കോടതി ശ്രമിക്കുന്നത്. എന്നാൽ, ഭരണഘടന മാറ്റുന്നുവെന്നാണ് പറയുന്നത്. സങ്കീർണമാക്കാനാണ് സർവകലാശാലയുടെ ശ്രമം. എല്ലാം വിവാദമാക്കുകയാണ്. അത് എന്തിനാണെന്നുമാത്രം പറയുന്നില്ല. - കോടതി ചോദിച്ചു. സെനറ്റ് യോഗത്തിൽ അംഗങ്ങൾ പങ്കെടുക്കാതിരുന്നത് സ്വമേധയാ ആയിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് ചാൻസലറോടും കോടതി ചോദിച്ചു. അങ്ങനെ കേസ് പുതിയ തലത്തിലേക്ക് പോകുകയാണ്. സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകിയാൽ കേസിൽ ഒരു പക്ഷേ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾക്ക് അനുകൂല വിധി വരും. അല്ലെങ്കിൽ തിരിച്ചടിയും.
വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിയോഗിക്കുന്നതിൽ ഗവർണറുമായുള്ള തർക്കമാണ് പുറത്താക്കലിൽ കലാശിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരം കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയായി ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി.കെ. രാമചന്ദ്രനെ ശുപാർശ ചെയ്തിരുന്നു. അദ്ദേഹം പിന്മാറിയതോടെ പുതിയ അംഗത്തെ കണ്ടെത്തേണ്ടിവന്നു. ഇതിനു സമയം നൽകാതെ ഗവർണർ തിരക്കിട്ടു സെനറ്റിന്റെ പ്രതിനിധിയില്ലാതെ കമ്മിറ്റിക്ക് രൂപം നൽകിയെന്നും ഇതു സർവകലാശാല നിയമത്തിനും യുജിസി മാർഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ