- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഭവനിലേക്ക് എൽഡിഎഫ് നിശ്ചയിച്ച മാർച്ചിന് രാഷ്ട്രീയമുഖം ഒഴിവാക്കും; ഗവർണർക്കെതിരേ ജനകീയ മുന്നേറ്റം ബോധ്യപ്പെടുത്തും വിധം ക്രമീകരണം; 'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യുടെ പേരിൽ മാർച്ച്; ലഘുലേഖയുമായി വീടുകളിലും സിപിഎമ്മുകാരെത്തും; ഇനി രണ്ടും കൽപ്പിച്ചുള്ള പോരാട്ടം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിനു സർക്കാരിന് അനുമതി നൽകിയ സിപിഎം രണ്ടും കൽപ്പിച്ചുള്ള പോരിന്. കേന്ദ്രവുമായി ഒത്തുകളിക്കുന്ന ചില നേതാക്കളുണ്ടെന്ന ആരോപണം തകർക്കുക കൂടിയാണ് ലക്ഷ്യം. നിയമവഴിയിലൂടെയും ജനകീയസമരത്തിലൂടെയും ഗവർണർക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് സിപിഎം തീരുമാനം. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിനു നിയമനിർമ്മാണം നടത്താൻ പാർട്ടി അനുമതി നൽകിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ രാജ്ഭവനിലേക്ക് എൽ.ഡി.എഫ്. നിശ്ചയിച്ച മാർച്ചിന് രാഷ്ട്രീയമുഖം ഒഴിവാക്കും. ഗവർണർക്കെതിരേ ജനകീയ മുന്നേറ്റം ബോധ്യപ്പെടുത്തുംവിധമായിരിക്കും മാർച്ച് സംഘടിപ്പിക്കുക. 'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യുടെ പേരിലാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിനായി ഡോ. ബി. ഇക്‌ബാൽ അധ്യക്ഷനായി പ്രത്യേക സമിതി രൂപവത്കരിച്ചു. ഗവർണറുടെ ഇടപെടലിന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്താനാണ് ജനകീയ പ്രതിഷേധത്തിന് ഇടതുമുന്നണി തീരുമാനിച്ചത്. സർക്കാർ-ഗവർണർ പോര് എന്ന നിലയിൽനിന്ന് ഇപ്പോഴത്തെ തർക്കങ്ങളെ മാറ്റിനിർത്താനുള്ള മുദ്രാവാക്യമാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുംവിധം പൊതുബോധം ഉണ്ടാക്കണമെങ്കിൽ രാഷ്ട്രീയേതര കൂട്ടായ്മയാണ് നല്ലതെന്നതിന്റെ അടിസ്ഥാനത്തിലാണ് 'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യെ സമരത്തിന് മുന്നിൽനിർത്തിയത്. മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുക്കില്ല.
ഇതിനൊപ്പം സിപിഎം നിയമ പോരാട്ടവും ശക്തമാക്കും. ഗവർണർക്കെതിരെ നിയമപരമായും ഭരണഘടനാപരമായും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യും. ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ തങ്ങൾക്കു വേണ്ടപ്പെട്ടവരെ സർവകലാശാലയുടെ തലപ്പത്തു നിയമിക്കുന്ന സംഘപരിവാർ അജൻഡ ഇവിടെ നടപ്പാകില്ല. സംസ്ഥാന സർക്കാർ നിർമ്മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണു ചാൻസലർ പദവിയും അധികാരങ്ങളും. അവ നൽകണോ എന്ന കാര്യത്തിൽ ആവശ്യമായ നിലപാട് ഇനി സംസ്ഥാന സർക്കാർ സ്വീകരിക്കും ഗോവിന്ദൻ പറഞ്ഞു.
ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ പ്രക്ഷോഭത്തിനും സിപിഎം രൂപം നൽകി. 15ന് രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിൽ ദേശീയ നേതാക്കളടക്കം പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിലും അന്ന് പ്രതിഷേധമുണ്ടാകും. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെയും പ്രചാരണം ശക്തമാക്കും. രാജ്ഭവൻ മാർച്ചിനൊപ്പം ജില്ലാതലത്തിൽ ബഹുജന മാർച്ചും പൊതുയോഗവും സംഘടിപ്പിക്കും. സഹകരിക്കാവുന്ന സംഘടനകളെയും വ്യക്തികളെയും സമരത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. അതിന് രാഷ്ട്രീയമായ വേദി തടസ്സമാകാതിരിക്കാനാണ് സാംസ്‌കാരിക പ്രതിഷേധ വേദി ഒരുക്കുന്നത്.
രാജ്ഭവൻ മാർച്ച് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവർണർവിരുദ്ധ പോരാട്ടത്തിൽ തമിഴ്‌നാടിനെ ഒപ്പംനിർത്താൻ കഴിഞ്ഞദിവസം സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിനൊപ്പം, രാജ്ഭവൻ മാർച്ചിൽ ഡി.എം.കെ. പ്രതിനിധിയെ പങ്കെടുപ്പിക്കും. ഡി.എം.കെ. എംപി. തിരുച്ചി ശിവ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കും. ഇടതുമുന്നണിയുടെ ദേശീയനേതാക്കളും രാജ്ഭവനു മുമ്പിലെ പ്രതിഷേധത്തിൽ പങ്കെടുക്കും.
ഗവർണറുടെ രാഷ്ട്രീയം ബോധ്യപ്പെടുത്താൻ ലഘുലേഖ തയ്യാറാക്കി വീടുകളിലെത്തിക്കാനും സിപിഎം. തീരുമാനിച്ചു. നവംബർ 15-ന് നടക്കുന്ന ബഹുജന പ്രതിഷേധത്തിനുമുമ്പ് എല്ലാവീടുകളിലും ലഘുലേഖ എത്തിക്കും. ഇതിനൊപ്പം, കാമ്പസുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിക്കും. നവംബർ 14-നകം പ്രതിഷേധങ്ങളെല്ലാം തീരുന്ന വിധത്തിലാകും ക്രമീകരണം.
മറുനാടന് മലയാളി ബ്യൂറോ