തിരുവനന്തപുരം: ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്നതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാർ നടപടിയെ ഭരണഘടനാ പരമായി നേരിടാൻ ഗവർണ്ണർ. നാലു ബില്ലുകൾ രാഷ്ട്രപതിയുടെ പരിശോധനയ്ക്ക് അയക്കും. നിർണായകബില്ലുകൾ രാഷ്ട്രപതിക്കു വിട്ടാൽ സർക്കാർ പ്രതിസന്ധിയിലാവും. സുപ്രീംകോടതിയും കരുതലോടെ മാത്രമേ വിഷയത്തിൽ ഇടപെടൂ.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതേസമയം, വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.ക്കുവിട്ടത് റദ്ദാക്കുന്ന ബില്ലും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതു സംബന്ധിച്ച ബില്ലും ഉടൻ ഒപ്പിട്ടേക്കും. ലോകായുക്ത ഭേദഗതി ബിൽ ഗവർണ്ണർ ഒപ്പിടാത്തത് സർക്കാരിന് വലിയ പ്രതിസന്ധിയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്താ വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്‌ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ ബിൽ അത് മറികടക്കാനാണ്. എന്നാൽ സ്വന്തം കേസിൽ കുറ്റാരോപിതൻ തന്നെ വിധി പ്രസ്താവിക്കുന്നതാണ് ലോകായുക്ത ബിൽ എന്നതാണ് ഗവർണ്ണറുടെ നിലപാട്.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ തന്റെ അധികാരം നീക്കിയതിൽ സ്വയം തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നതാണ് ഗവർണ്ണറുടെ പക്ഷം. സർവകലാശാലാ ഭേദഗതി ബിൽ യുജിസി. മാർഗരേഖയ്ക്കു വിരുദ്ധമാണെന്നും ഗവർണ്ണർ പറയുന്നു. മിൽമ ബിൽ ജനാധിപത്യപരമല്ലെന്നാണ് രാജ്ഭവൻ വിശദീകരണം. അതുകൊണ്ട് തന്നെ ഈ നാല് ബില്ലിലും താൻ ഒപ്പിടില്ലെന്നതാണ് ഗവർണ്ണർ നൽകുന്ന സൂചന. ഇത് രാഷ്ട്രപതിക്ക് അയച്ചാൽ നടപടിക്രമങ്ങൾ ഇനിയും വൈകും. സുപ്രീംകോടതി നിരീക്ഷണവും നിർണ്ണായകമാകും.

വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന രാജ്ഭവനിൽ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ചയിലും ആവർത്തിച്ചു ഗവർണ്ണർ ഏറ്റുമുട്ടലിന്റെ സൂചന നൽകിയിരുന്നു. ലോകായുക്ത, ചാൻസലർ, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്‌നങ്ങൾ ആണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചത്. ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ആണ് ഗവർണ്ണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചത്.

മറുപടി കൂടുതലും പറഞ്ഞത് നിയമ മന്ത്രി പി രാജീവ് ആയിരുന്നു. വിദ്യാഭ്യാസം സംസ്ഥാന വിഷയം ആയതിനാൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്നായിരുന്നു രാജീവിന്റെ വാദം.