- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണർക്കാണ് പൂർണാധികാരെമന്ന് സാങ്കേതികസർവകലാശാലാ വിസിയെ നീക്കുന്ന സുപ്രീംകോടതി ഉത്തരവിൽ വ്യക്തം; ചാൻസലറെന്ന നിലയിൽ ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് ഭരണഘടനയിൽ പറയുന്നില്ല; രാജ്ഭവന്റെ നീക്കം സാധ്യത തിരിച്ചറിഞ്ഞ്; വിസി പ്രശ്നം സർക്കാരിന് തലവേദന; രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ രാജ്ഭവൻ
കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാൻസലർമാരോട് രാജിവെക്കാൻ നിർദേശിച്ചിരിക്കുന്ന ഗവർണറുടെ നടപടി ഉന്നത സർവ്വകലാശാലകളെ തകർക്കുമെന്ന നിലപാടിൽ സർക്കാർ. എന്നാൽ സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമാണ്. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ നിലപാടിനെ കോടതിയിൽ ചോദ്യം ചെയ്താൽ തിരിച്ചടിയുമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും സംസ്ഥാന സർക്കാർ പ്രതിരോധം തീർക്കുക.
സംസ്ഥാന സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചാണ് ഇന്ന് ചേർന്ന ഇടുതുമുന്നണി യോഗം അവസാനിപ്പിച്ചത്. നവംബർ 15-ന് രാജ്ഭവനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഇടതുമുന്നണിയോഗത്തിന്റെ തീരുമാനം. പ്രത്യക്ഷ സമരത്തിന് തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ ഗവർണർ തിരിച്ചടിച്ചു. സംസ്ഥാന സർവകലാശാലകളുടെ ചരിത്രത്തിൽ ഇന്നുവരെ കേട്ടുകൾവിയില്ലാത്ത നടപടി. ഒമ്പത് വി സി.മാർ തിങ്കളാഴ്ച രാവിലെ 11.ന് മുമ്പായി രാജിവെക്കണമെന്ന നിർദ്ദേശം.
ഗവർണ്ണറുടെ നിലപാടിൽ നിയമവൃത്തങ്ങൾക്ക് ഭിന്നാഭിപ്രായവുമുണ്ട്. അസാധാരണമായ സാഹചര്യമാണ് ഗവർണർ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികൾക്കുമുമ്പിൽ എത്തിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. വൈസ് ചാൻസലറെ നിയമിക്കുന്ന കാര്യത്തിൽ ഗവർണർക്കാണ് പൂർണാധികാരെമന്ന് സുപ്രീംകോടതി സാങ്കേതികസർവകലാശാലാ വൈസ് ചാൻസലറെ നീക്കിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയതിനാൽ ഗവർണറുടെ നിർദേശത്തിന് നിയമപരമായ സാധുതയുണ്ടെന്നാണ് വിലയിരുത്തൽ. യുജിസിയുടെ അടക്കം അനൗദ്യോഗിക ഉപദേശവും തേടിയ ശേഷമാണ് ഗവർണ്ണർ കടുത്ത നിലപാടിലേക്ക് പോയതെന്നും സൂചനയുണ്ട്.
വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കാൻ കുറഞ്ഞത് മൂന്നുപേരുകൾ ഉൾപ്പെട്ട പട്ടികയാണ് ഗവർണർക്ക് നൽകേണ്ടതെന്നാണ് യുജിസി. ചട്ടത്തിൽ പറയുന്നത്. ഇങ്ങനെ നൽകുന്ന പട്ടികയിൽനിന്ന് ഗവർണറാണ് ഒരാളെ വൈസ് ചാൻസലറായി നിയമിക്കേണ്ടത്. ഇതിനുവിരുദ്ധമായി ഒരാളുടെ പേരുമാത്രം നിർദേശിക്കുമ്പോൾ സേർച്ച് കമ്മിറ്റി നിയമനാധികാരിയായി മാറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടാകുന്നതെന്നതാണ് സുപ്രീംകോടതി വിധിയുടെ കാതൽ. ഇതിനെ കൂട്ടുപിടിച്ചാണ് രാജ്ഭവന്റെ മുമ്പോട്ട് പോക്ക്.
ഭരണഘടന ഗവർണർക്കുനൽകുന്ന വിവേചനാധികാരത്തിലൊന്ന് ചാൻസലർ എന്നനിലയിൽ സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നതാണ്. ചാൻസലറെന്നനിലയിൽ ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് എവിടെയും പറയുന്നില്ല. സർവകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്ന് സാരം.
വൈസ് ചാൻസലർമാരോടെല്ലാം രാജിവെക്കാൻ പറയാൻ ഗവർണർക്ക് ഒരധികാരവുമില്ലെന്ന് മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് തമ്പാൻ അഭിപ്രായപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി നിയമിച്ചയാളോട് പിന്നീടുണ്ടായ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി രാജിവെക്കാൻ രാഷ്ട്രപതിക്ക് ആവശ്യപ്പെടാനാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു. സുപ്രീംകോടതി ഒരു സർവകലാശാലയുടെ കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ മറ്റുസർവകലാശാല വൈസ് ചാൻസലർമാരോടെല്ലാം രാജിവെക്കാൻ ആവശ്യപ്പെടാനാകില്ലെന്നാണ് സർക്കാർ നിലപാട്. സുപ്രീംകോടതി ഉത്തരവിനെ നിയമമായി കണക്കാക്കാനാകില്ലെന്ന നിയമോപദേശവും സർക്കാരിന് കിട്ടിയിട്ടുണ്ട്.
ഗവർണറുടെ നിർദേശപ്രകാരം രാജിവെക്കേണ്ടിവരുന്ന വി സി.മാർ.
1. ഡോ. വി.പി. മഹാദേവൻ പിള്ള
കേരള സർവകലാശാല
ചട്ടലംഘനം: സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി.
സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗം.
2. ഡോ. സാബു തോമസ്
എം.ജി. സർവകലാശാല
ചട്ടലംഘനം: സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി.
സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗം.
3. ഡോ. എം വി നാരായണൻ
കാലടി സംസ്‌കൃത സർവകലാശാല
ചട്ടലംഘനം: സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി.
4. ഡോ. ഗോപിനാഥ് രവീന്ദ്രൻ
കണ്ണൂർ സർവകലാശാല
ചട്ടലംഘനം: ആദ്യനിയമനത്തിനായി സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി. സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗം. സർക്കാർ നിർദേശമനുസരിച്ച് വി സി.ക്ക് തുടർനിയമനം.
5. ഡോ. എം.കെ. ജയരാജ്
കാലിക്കറ്റ് സർവകലാശാല
ചട്ടലംഘനം: സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗം.
6. ഡോ. കെ.എൻ. മധുസൂദനൻ
കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്)
ചട്ടലംഘനം: സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗം.
7. ഡോ. കെ. റിജി ജോൺ
കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാല (കുഫോസ്)
ചട്ടലംഘനം: സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി.
8. ഡോ. എം.എസ്. രാജശ്രീ
എ.പി.ജെ. അബ്ദുൽകലാം സാങ്കേതികസർവകലാശാല.
ചട്ടലംഘനം: സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി. സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗം.
9. ഡോ. വി. അനിൽകുമാർ
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല
ചട്ടലംഘനം: സെർച്ച് കമ്മിറ്റി രണ്ടു പേരുകൾ നൽകി. ഇതിലൊരാൾ പിന്നീട് പിന്മാറിയെന്ന് കൺവീനർ അറിയിച്ചപ്പോൾ ചാൻസലർ നിയമനം നൽകി. സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗം.
മറുനാടന് മലയാളി ബ്യൂറോ