തിരുവനന്തപുരം; തികച്ചും അപ്രതീക്ഷിതമായാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, വി എസ് അച്യുതാനന്ദനെ കാണാനെത്തിയത്. നൂറാം വയസ്സിലേക്ക് കടന്ന സഖാവിനെ നേരിട്ടു കാണാൻ. വി എസ് പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോഴും ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നോ എന്ന് പൊതു സമൂഹത്തിൽ വ്യക്തമായിട്ടില്ല. ഭരണ തുടർച്ചയിൽ അധികാരത്തിൽ എത്തിയ ശേഷം വിഎസിനെ കാണാൻ പിണറായി എത്തിയില്ലെന്നാണ് പുറത്തുള്ള സൂചനകൾ. ഇതിനിടെയാണ് പിണറായിയുമായി നേർക്കുനേർ യുദ്ധം ചെയ്യുന്ന ഗവർണ്ണർ നിർണ്ണായക നീക്കം നടത്തിയത്. എന്നാൽ ഇതിനിടെയിലും വിഎസിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ശക്തമാണ്.

'അഭിമാനമാണു നിങ്ങളുടെ മുത്തച്ഛൻ. അദ്ദേഹത്തിന് എന്റെ അഭിവാദ്യങ്ങൾ.' മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദനെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതും ചർച്ചകളിലുണ്ട്. വിഎസിന്റെ പിറന്നാൾ ദിനമായ 20നു ഗവർണർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അന്നു രാവിലെ മകൻ ഡോ.വി.എ.അരുൺ കുമാറിനെ വിളിച്ച് ഗവർണർ ആശംസകൾ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം വിഎസിനെ കാണാൻ എത്തുമെന്നും അറിയിച്ചു. ഇന്നലെ രാവിലെ 10ന് ആണു വി എസ് വിശ്രമത്തിൽ കഴിയുന്ന ബാർട്ടൺ ഹില്ലിലെ അരുണിന്റെ വസതിയിൽ ഗവർണർ എത്തിയത്. പക്ഷേ വിഎസിന്റെ അടുത്തേക്ക് ഗവർണ്ണർ പോയില്ല. ഇതും ചർച്ചയാകുന്നുണ്ട്.

ഡോക്ടർമാരുടെ വിലക്കുള്ളതിനാൽ വിഎസിനെ സമീപത്തു പോയി കണ്ടില്ല. പകരം, അകലെ നിന്ന് അൽപനേരം നോക്കി നിന്നശേഷം മുറിക്കു പുറത്തിറങ്ങി. തുടർന്ന് അരുണുമായി അദ്ദേഹം സംസാരിച്ചു. ഈ സമയത്താണ് അരുണിന്റെ മക്കളായ അർജുനോടും അരവിന്ദിനോടും മുത്തച്ഛൻ അഭിമാനമാണെന്നു ഗവർണർ പറഞ്ഞത്. വിഎസിന്റെ കാര്യങ്ങളെക്കുറിച്ച് എപ്പോഴും ഗവർണർ അന്വേഷിക്കാറുണ്ട്. ഗവർണറായി ചുമതല ഏറ്റെടുത്ത സമയത്ത് ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മയും കവടിയാർ ഹൗസിൽ എത്തിയാണ് വിഎസിനെ കണ്ടത്. അപ്പോൾ വി എസ് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായിരുന്നു.

പിന്നീട് അദ്ദേഹം ആശുപത്രിയിലായപ്പോഴും ആശുപത്രി വിടുമ്പോഴുമൊക്കെ ആരിഫ് സുഖാന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്നൊന്നും ഇത് വലിയ ചർച്ചയായിരുന്നില്ല. മാധ്യമങ്ങളും വലിയ തോതിൽ ചർച്ചയാക്കിയില്ല. എന്നാൽ മുഖ്യമന്ത്രിയുമായുള്ള ഏറ്റുമുട്ടൽ കാലത്ത് ഗവർണ്ണറുടെ വരവ് വലിയ ചർച്ചയാകുന്നുണ്ട്. പിണറായി വിഎസിനെ കാണാൻ എത്തിയില്ലെന്ന ചർച്ചകളാണ് ഇതിന് കാരണം. 99ാം ജന്മദിനം ലളിതമായി ആഘോഷിക്കുകയായിരുന്നു് അച്യുതാനന്ദൻ. വിഎസിന്റെ അടുത്തേക്ക് ഗവർണ്ണർ പോകാത്തതും ചർച്ചകളിലുണ്ട്. നേതാവിന്റെ ആരോഗ്യം അത്രത്തോളം ആശങ്കാജനകമാണോ എന്നതാണ് ചർച്ച. എ്ന്നാൽ അണുബാധയുണ്ടാകാതിരിക്കാനാണ് ഈ മുൻകരുതലെന്നതാണ് വസ്തുത.

രാവിലെ 10 മണിയോടെയാണ് വി എസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്തെ വസതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലെത്തിയ ഗവർണറെ വി എസ്സിന്റെ മകൻ അരുൺകുമാറും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. പിറന്നാളാശംസകൾ നേർന്ന ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് ഗവർണർ മടങ്ങിയത്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് പാരമ്യത്തിലേക്ക് കടക്കുകയും സിപിഎം ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലുള്ള സന്ദർശനം കൗതുക കാഴ്ചയായി.

കുടുംബാംഗങ്ങൾക്കൊപ്പം തിരുവനന്തപുരം ബാർട്ടൺഹില്ലിലെ മകൻ അരുൺ കുമാറിന്റെ വസതിയിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. കുടുംബത്തിനൊപ്പം കേക്ക് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മകന്റെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് വി എസ്. വിഎസിന്റെ ജന്മദിനം ഒട്ടുമിക്ക മാധ്യമങ്ങളും വാർത്തയാക്കിയപ്പോൾ പാർട്ടി പത്രമായ ദേശാഭിമാനി മറന്നത് വലിയ പരിഹാസങ്ങൾക്ക് കാരണമായിരുന്നു. മുൻപേജുകളിലൊന്നും പാർട്ടി മുഖപത്രത്തിൽ വാർത്തകളോ ചിത്രങ്ങളോ ഇല്ലാത്തത് അണികൾക്കിടയിൽ തന്നെ വലിയ മുറുമുറുപ്പിന് കാരണമായിരുന്നു.

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 നായിരുന്നു ജനനം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ് 1940ൽ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.