- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ടൂറിന് പോകാൻ സമയമായി; ലോക കേരള സഭ മേഖലാ സമ്മേളനത്തിനായി ശ്രീരാമകൃഷണനും സംഘവും ജൂൺ 5 ന് അമേരിക്കയിലേക്ക്; ഒമ്പത് ദിവസം സർക്കാർ ചെലവിൽ ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ ഊരു ചുറ്റും; മുഖ്യമന്ത്രിയും സംഘവും യുഎസിലേക്ക് പറക്കുന്നത് ജൂൺ 8 ന്; ഒപ്പം മന്ത്രിപ്പടയും
തിരുവനന്തപുരം: ലോക കേരളസഭ മേഖല സമ്മേളനം ന്യൂയോർക്കിൽ വച്ച് നടക്കും. 3 ദിവസമാണ് മേഖല സമ്മേളനം നടക്കുക. ജൂൺ 9 മുതൽ 11 വരെയാണ് സമ്മേളനം. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നോർക്ക റൂട്ട്‌സ് വൈസ് ചെയർമാർ പി. ശ്രീരാമകൃഷ്ണൻ ജൂൺ 5 ന് അമേരിക്കയിലേക്ക് പറക്കും.
ശ്രീരാമകൃഷ്ണനോടൊപ്പം അമേരിക്കയിലേക്ക് പറക്കാൻ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും ഉണ്ടാകും. ഇവരുടെ യാത്രയും മറ്റ് അനുബന്ധ ചെലവുകളും നോർക്ക വകുപ്പാണ് വഹിക്കുക. അതായത് സംസ്ഥാന ഖജനാവിലെ പണമാണ് ഇവരുടെ യാത്രക്ക് വഹിക്കുക എന്നർത്ഥം. ശ്രീരാമകൃഷ്ണനും സംഘവും ലോക കേരള സഭയുടെ പേരിൽ 9 ദിവസം അമേരിക്കയിൽ ചുറ്റികറങ്ങും.
സർക്കാർ പരിപാടി നടക്കുന്നതിന് 5 ദിവസം മുമ്പ് ഒരു സംഘത്തെ ചുറ്റാൻ അയക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. അതും ഇത്രയും കടം കയറി ഇരിക്കുമ്പോൾ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി 5000 കോടിയുടെ അധികനികുതിക്ക് പുറമേ കെട്ടിട പെർമിറ്റ് തുടങ്ങി തദ്ദേശ സ്ഥാപനങ്ങളുടെ നികുതികൾ പലതും നൂറ് ശതമാനത്തിലധികം വർദ്ധിപ്പിച്ചിരിക്കുകയാണ്.
ജീവിക്കാൻ നിവൃത്തിയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ജനങ്ങളുടെ നികുതി പണം എടുത്ത് ശ്രീരാമകൃഷ്ണനും സംഘത്തിന്റെയും 9 ദിവസത്തെ ഊരുചുറ്റൽ. ഇവരുടെ യാത്രക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് ഇറങ്ങി. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയാണ് ഏപ്രിൽ 13 ന് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിപടയും കുടുംബവും അടക്കം വൻ സന്നാഹം അമേരിക്കയിലേക്ക് തിരിക്കുന്നുണ്ട്. ഇവരുടെ യാത്ര അനുമതി ഉത്തരവ് പൊതുഭരണ വകുപ്പിൽ നിന്ന് ഉടൻ ഇറങ്ങും.
ലോക കേരളസഭ മേഖലാ സമ്മേളനം അമേരിക്കയിലും സൗദിയിലും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി യുഎസിൽ പോകുന്നത്. ജൂണിൽ അമേരിക്കയിലും സെപ്റ്റംബറിൽ സൗദിയിലുമാണ് മേഖല സമ്മേളനങ്ങൾ നടക്കുക.
സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ നിൽക്കെ ജനത്തെ കൊഞ്ഞനം കുത്തിയാണ് ലോക കേരള സഭ എന്ന പേരിൽ എല്ലാവരും കൂടി അമേരിക്കയിലേക്കും സൗദിയിലേക്കും ടൂറ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശിച്ചിരുന്നു. കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുക്കുത്തുമ്പോഴാണ് സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിനായി 125 കോടി രൂപ അനുവദിക്കാൻ ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാർക്കും തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതുന്നില്ല. പൊലീസ് ജീപ്പിന് ഡീസലടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം അദ്ദേഹം പ്രതികരിച്ചു
മറുനാടന് മലയാളി ബ്യൂറോ