തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ സമരത്തിലാണ്. ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക എന്നതാണ് ആരോഗ്യരംഗത്തെ സംഘടനകളുടെ മുഖ്യആവശ്യം. ഇതോടെ, ആശുപത്രി സംരക്ഷണത്തിന് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ഓർഡിനൻസിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തും.

സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതു മുൻനിർത്തിയാണ് ഇതിൽ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദ്ദേശങ്ങൾ മന്ത്രിസഭാ യോഗത്തിനു മുൻപാകെ സമർപ്പിക്കണം. കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തും. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനകൾ സർക്കാരിനു നൽകിയിട്ടുള്ള നിവേദനങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കും.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കണം. എസ്‌ഐ, എഎസ്ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ ഇവിടെ വിന്യസിക്കണം. മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി നിർവഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. എല്ലാ ആശുപത്രകളിലും ഓരോ ആറു മാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ, പൊലീസ് വകുപ്പുകൾ ഇതു നിർവഹിക്കണം. സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ടു ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോയെന്നു പരിശോധിക്കണം.

പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന നടത്തുന്ന സമയത്തും സുരക്ഷ ഉറപ്പാക്കണം. മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കുമ്പോൾ പാലിക്കുന്ന അതേ സുരക്ഷ തന്നെ ഡോക്ടറുടെ മുന്നിൽ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കുമ്പോഴും വേണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തിലെ പൊലീസ് മികച്ച സേന തന്നെയാണ്. അതുകൊണ്ടാണ് ജനങ്ങൾ സമാധാനത്തോടെ കിടന്നുറങ്ങുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. എന്നാൽ ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്. പരിശോധനയ്ക്കായി ഒരാളെ കൊണ്ടുവരുമ്പോൾ, പൊലീസിന് ഒരു ഉത്തരവാദിത്തവുമില്ലേ എന്നും കോടതി ചോദിച്ചു. ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ഒരു പൊലീസുകാരൻ എന്താണ് ചെയ്യേണ്ടത്? ഉപയോഗിക്കാവുന്ന ന്യായമായ ശക്തി എന്താണ്? കോടതി ആരാഞ്ഞു. ജീവൻ കളഞ്ഞും ഡോക്ടറെ പൊലീസ് സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി കോടതിയിൽ സമ്മതിച്ചു. മറ്റുള്ളവർക്ക് വേണ്ടി ജീവൻ വെടിഞ്ഞ നിരവധി സംഭവങ്ങൾ പൊലീസ് സേനയ്ക്ക് പറയാനാകുമെന്നും എഡിജിപി പറഞ്ഞു.

പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ ഒരു പ്രോട്ടോക്കോൾ കൊണ്ടുവരേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നൽകുമെന്ന് എഡിജിപി അറിയിച്ചു. പൊലീസിന്റെ പ്രോട്ടോക്കോളിന് സർക്കാർ പൂർണ പിന്തുണ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകരുത് എന്നതു മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

കെജിഎംഒഎ സർക്കാരിനോട് ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ

1.സിസി ടിവി ഉൾപ്പടെയുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.

2. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക

3. അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.

4. പൊലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.

5. അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 സിഎംഒമാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ സിഎംഎ മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക

അതേസമയം, ഹൗസ് സർജൻ ഡോക്ടർ വന്ദനാ ദാസിനെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയതിനെതിരെ രണ്ടാം ദിവസമായ ഇന്നും ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും വൻ പ്രതിഷേധങ്ങൾക്ക് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചു.

ഇന്നലെ പോസ്റ്റ്‌മോർട്ടം നടന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ കഴിയുന്നത് വരെയും പിന്നീട് വൈകുന്നേരം വരെ സെക്രട്ടറിയേറ്റിന് മുന്നിലും ആയിരക്കണക്കിന് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും പൊരിവെയിലിൽ തെരുവിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

താലുക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നൽകാൻ ആരോഗ്യ വകുപ്പ് വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നൽകുന്നത്.