ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്തെത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ സന്ദർശിക്കും. നയതന്ത്ര നീക്കങ്ങളുടെ പുരോഗതി അതിനുശേഷമേ വ്യക്തമാകൂവെന്നും മുരളീധരൻ പറഞ്ഞു.

കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. നൈജീരിയൻ അംബാസഡർ കപ്പലിൽ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. നൈജീരിയൻ നാവികസേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണു നിഗമനം. നാവികരെ കൊണ്ടുപോയതു നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചു.

കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക. ജീവനക്കാരെ നാട്ടിലെത്തിക്കാൻ നൈജീരിയയിലെ ഇന്ത്യൻ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്ന വാശിയിലാണു നൈജീരിയൻ അധികൃതർ

നാവികരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് സംഭവത്തിൽ കുടുങ്ങിയ സനു ജോസിന്റെ ഭാര്യ ആവശ്യപ്പെട്ടു. തന്റെ ഭർത്താവടക്കമുള്ളവർ ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ പോയതല്ലെന്നും അത്തരത്തിൽ വാർത്ത നൽകരുതെന്നും അവർ വ്യക്തമാക്കി. നാവികർ തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു. അവർ തങ്ങളുടെ കുടുംബത്തിന്റെ അന്നം കണ്ടെത്താൻ പോയതാണെന്നും എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. ഭാരതം തങ്ങൾക്ക് ധൈര്യം തരുന്നുണ്ടെന്നും വ്യക്തമാക്കി.

കപ്പൽ നൈജീരിയയിൽ എത്തുന്നത് മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് നാവികരുടെ സന്ദേശം പുറത്തുവന്നിരുന്നു. മലയാളി നാവികൻ സനു ജോസിന്റെ ഭാര്യക്കാണ് സന്ദേശം ലഭിച്ചത്. തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരുമായുള്ള കപ്പൽ നൈജീരിയയിലേക്ക് തിരിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മൂന്നു മലയാളികൾ ഉൾപ്പെടെ 26 പേരാണ് കപ്പലിലുള്ളത്. കപ്പൽ ഉടമകളും അഭിഭാഷകരും നേരത്തെ തന്നെ നൈജീരിയയിൽ എത്തിയിരുന്നു.