തിരുവനന്തപുരം: കേരളവും എച്ച് 3 എൻ 2 ഭീതിയിൽ തന്നെ. ആശങ്ക ഉയർത്തുന്ന സാഹചര്യം സംസ്ഥാനത്തുമുണ്ട്. അതുകൊണ്ട് കോവിഡിന് സമാനമായ ജാഗ്രത അനിവാര്യമാണ്. പുകയും രോഗവുമെല്ലാമായി ആരോഗ്യ കേരളം പുതിയ വെല്ലുവിളിയെ നേരിടുകയാണ്. എറണാകുളം ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതർ 13 ആയി. അതിവേഗം പടരുന്നതാണ് രോഗം. അതുകൊണ്ട് തന്നെ കരുതലുണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

പാലക്കാടും ആലപ്പുഴയിലുമാണു മറ്റു 10 പേർ ചികിൽസയിലുണ്ട്. ആരുടെയും നില ഗുരുതരമല്ല. എന്നാൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നാൽ പ്രതിസന്ധി രൂക്ഷമാകും. എച്ച്3എൻ2 പരിശോധനാ സൗകര്യമുള്ള ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തിരക്കേറിയതിനാൽ ഫലം വൈകുന്നുണ്ട്. ഇതുകാരണം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലും പരിശോധനയ്ക്കു സൗകര്യം ഒരുക്കാൻ ഫയൽനീക്കം ആരംഭിച്ചു. കോവിഡുകാലത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനിയും യാഥാർത്ഥ്യമായില്ലെന്നതാണ് വസ്തുത. കോവിഡ് വാക്‌സിന് ഉൽപാദന കേന്ദ്രവും ഫയലുകളിൽ മാത്രമായി.

അതുകൊണ്ട് തന്നെ എച്ച് 3 എൻ 2 രോഗ നിർണ്ണയവും വൈകുന്നു. ഇത് രോഗം പടരുന്നതിനും കാരണമാകും. പ്രഖ്യാപനങ്ങൾ ഫയലിൽ മാത്രമായി വർഷങ്ങൾ പിന്നിടുന്നതാണ് ഇതിന് കാരണം. അസുഖത്തെ ഗൗരവത്തോടെ കാണണം. മുതിർന്നവരും കുട്ടികളും ഗർഭിണികളും രോഗങ്ങളുള്ളവരുമാണ് എച്ച്3എൻ2 ഏറെ ശ്രദ്ധിക്കേണ്ടതെന്നും വേഗം ചികിത്സ തേടണമെന്നും ആരോഗ്യ ഡയറക്ടറേറ്റ് നിർദേശിച്ചു. എച്ച്1എൻ1 കേസുകളും വർധിച്ചുവരുന്നെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈമാസം 19 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു.

ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിലും നേരിയ വർധനയുണ്ടെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ശ്വാസകോശ പ്രശ്‌നങ്ങൾ, പനി അനുബന്ധ പ്രശ്‌നങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നു നിർദേശമുണ്ട്. ആശുപത്രികളിൽ കിടക്ക ലഭ്യത ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡിന് സമാനമായ സാഹചര്യം ഉണ്ടാക്കാതിരിക്കാനാണ് ഈ ഇടപെടൽ. കൊച്ചിയിലെ പുക കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ്. ഇതിനിടെയാണ് വൈറസ് വ്യാപനവും.

ആരോഗ്യപ്രവർത്തകർക്കു വാക്സീൻ നൽകാനും നിർദേശമുണ്ട്. ആറു മാസത്തിനുള്ളിൽ ഗണ്യമായ ജനിതക വ്യതിയാനങ്ങൾക്ക് വിധേയമായ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് ശ്വാസകോശ അണുബാധ ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉയർത്തുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. എച്ച്3എൻ2 പകർച്ചപ്പനിമൂലം രാജ്യത്ത് ഇതുവരെ 2 പേർ മരിച്ചു. ഹരിയാനയിലെ ജിന്ദിൽ ഫെബ്രുവരിയിലും കർണാടകയിലെ ഹാസനിൽ മാർച്ച് ഒന്നിനും. ജനുവരി 2 മുതൽ ഇന്നലെ വരെ 451 കേസുകളാണു സ്ഥിരീകരിച്ചത്. എച്ച്3എൻ2 ഉൾപ്പെടെ സീസണൽ ഇൻഫ്ളുവൻസയ്ക്ക് കാരണമാകുന്ന വൈറസ് ബാധ രാജ്യത്തൊട്ടാകെ 3038 പേർക്കു പിടിപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കംബോഡിയയിലും പക്ഷപ്പനി കാരണം മരണം റിപ്പോർട്ട് ചെയ്തിരുന്നു. അതിന ശേഷമാണ് ഇന്ത്യയിൽ മരണമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ അതീവ ഗരുതര സാഹചര്യമാണെന്ന് കേന്ദ്രം തിരിച്ചറിയുന്നു.

രോഗബാധ സംശയിച്ചാൽ പോലും കരുതലുകൾ എടുക്കണം. മാസ്‌ക് ധരിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും മൂക്കും മറയ്ക്കുക. നിർജലീകരണം ഒഴിവാക്കുക. കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക, പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കണം. അടുത്തിടപഴകുന്നത് ഒഴിവാക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ഡോക്ടറെ കാണാതെ മരുന്നു കഴിക്കരുത്. മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് മാർഗ്ഗ നിർദ്ദേശങ്ങൾ.

തണുപ്പിൽ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റവും പനി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. ഇൻഫ്ളുവൻസ എ വൈറസിന്റെ സബ് ടൈപ്പാണ് എച്ച്3എൻ2. ഇത് ശ്വാസകോശ അണുബാധയുണ്ടാക്കുന്നു. ഈ വൈറസ് പക്ഷികളിലും സസ്തനികളിലും രോഗബാധയുണ്ടാക്കും. പക്ഷികളിലും മറ്റ് മൃഗങ്ങളിലും വൈറസിന് പലതവണ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. എച്ച്3എൻ2 ആണ് മനുഷ്യരിൽ ഇൻഫ്ളുവൻസക്കിടവരുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, പക്ഷിപ്പനി, പന്നിപ്പനി, തുടങ്ങിയ ഇൻഫ്ളുവൻസ അണുബാധ മനുഷ്യരിൽ ഗുരുതരമല്ലാത്ത ശ്വസന അണുബാധ (പനിയും ചുമയും) ഉണ്ടാക്കുന്നു. അത് ഗുരുതരമായി ന്യുമോണിയ ആവുകയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമിലേക്കും (ശ്വാസകോശത്തിലെ വായു അറകളിൽ ദ്രാവകം നിറഞ്ഞ് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ) മരണത്തിലേക്കും നയിക്കാം.