സോൾ: ദക്ഷിണകൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയർന്നു.നിലവിലെ റിപ്പോർട്ടനുസരിച്ച് 149 പേർ മരിച്ചതായാണ് കണക്ക്. 150ലധികം പേർക്കു പരുക്കേറ്റിട്ടുമുണ്ട്.മരണസംഖ്യ ഉയർന്നേക്കാമെന്ന് അഗ്‌നിശമനസേനാ വക്താവ് പറഞ്ഞു. ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിൽ പ്രാദേശിക സമയം രാത്രി പത്തരയോടെയാണു ദുരന്തം.

ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. കൃത്യമായ അപകടകാരണം വ്യക്തമായിട്ടില്ല.എന്നാൽ ഹോട്ടലിൽ പ്രമുഖ വ്യക്തി വന്നതറിഞ്ഞ്, ജനം തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നു സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നിൽനിന്നുള്ള തള്ളലിൽ ഒട്ടേറെപ്പേർ നിലത്തുവീണു.ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും.അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു.

ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേർ നഗരത്തിൽ തടിച്ചുകൂടിയിരുന്നതായാണ് റിപ്പോർട്ടുകൾ.സിയോളിലെ ഇറ്റാവോൺ ജില്ലയിൽ നിന്നുള്ള വീഡിയോയിൽ, തെരുവുകളിൽ മറ്റുള്ളവരുടെ അടിയിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകർ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുന്നത് കാണാം. നിരവധി പേർക്ക് രക്ഷാപ്രവർത്തകർ അടിയന്തരശുശ്രൂഷ നൽകുന്നതും വീഡിയോകളിലുണ്ട്.ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചു്.

പരിക്കേറ്റവർക്ക് ദ്രുതഗതിയിലുള്ള ചികിത്സ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഉത്സവ സ്ഥലങ്ങളുടെ സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തണമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ദുരന്ത നിവാരണ, മെഡിക്കൽ സഹായ സംഘങ്ങളെയും സമീപത്തെ ആശുപത്രികളിൽ കിടക്കകൾ ഉടൻ സജ്ജീകരിക്കാനും അദ്ദേഹം ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

കോവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരത്തോളം പേർ എത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇറ്റാവോൺ പ്രദേശത്ത് തിരക്ക് കൂടുതലാണെന്നും സുരക്ഷിതമല്ലെന്ന് തോന്നുന്നെന്നുമുള്ള തരത്തിൽ വൈകുന്നേരം സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് ദുരന്തം സംഭവിച്ചത്.

രാത്രി ഒരുപാട് ചെറുപ്പക്കാർ ഒത്തുകൂടിയിരുന്നു.ഹാലോവീൻ വേഷങ്ങൾ ധരിച്ച് നിരവധിപേരാണ് എത്തിയത്. പലരും തിരക്കിൽ അസ്വസ്ഥരായിരുന്നു. സംഭവം നടക്കുന്നതിന് മുമ്പത്തെ അവസ്ഥ ബിബിസി റിപ്പോർട്ട് ചെയ്യുന്നു.തിക്കിലും തിരക്കിലും പെട്ട് പലർക്കും ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. മറ്റ് പലർക്കും ശ്വാസതടസവും അനുഭവപ്പെട്ടു.