- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിനെ ആവേശത്തിലാഴ്ത്തി പുതുവർഷത്തിലേക്ക് മിഴി തുറന്ന് ലണ്ടൻ ഐ; കണ്ണഞ്ചിക്കുന്ന മനോഹര കാഴ്ചയൊരുക്കി കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും; അത്ഭുത വിസ്മയമൊരുക്കി ബുർജ് ഖലീഫയും; കോവളത്തും കൊച്ചിയിലും ഗംഭീരാഘോഷം; ലോകം 2023നെ വരവേറ്റത് ഇങ്ങനെ
2023നെ ആവേശത്തോടെ വരവേറ്റ് ലോകം. വർണ്ണവിസ്മയ കാഴ്ചകളൊരുക്കി കോവിഡ് നിയന്ത്രണങ്ങളില്ലാതെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വമ്പൻ ആഘോഷമായാണ് പുതുവർഷത്തെ ലോകം സ്വീകരിച്ചിരിക്കുന്നത്. പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടു പിന്നാലെ ന്യൂസിലാൻഡിൽ, പിന്നീട് ഓസ്‌ട്രേലിയ നവവത്സരത്തെ സ്വാഗതം ചെയ്തു. ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലും പിന്നീട് പുതുവർഷമെത്തി. ബുർജ് ഖലീഫയെ സുന്ദരിയാക്കി ദുബായ് 2023ന് സ്വാഗതമോതി. ക്രെംലിനിൽ അസ്തമിക്കാത്ത ആഘോഷത്തോടെയായിരുന്നു പുതിയ വർഷത്തിലേക്ക് കാലെടുത്ത് വച്ചത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പുതുവൽസരാഘോഷം പൂർവാധികം ഭംഗിയോടെ അരങ്ങേറിയിരുന്നു.
കേരളത്തിൽ കോവളവും കൊച്ചിയും നിശാപാർട്ടികളുമായാണ് പുതുവർഷത്തെ വരവേറ്റത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കേരളത്തിൽ പൊതുസ്ഥലങ്ങളിലെ പുതുവത്സരാഘോഷം രാത്രി പത്ത് വരെയായി നിയന്ത്രിച്ചിരുന്നു. എന്നാൽ ഇത്തവണ രാത്രി 12 വരെ മിക്കയിടങ്ങളിലും വിപുലമായ ആഘോഷങ്ങൾക്ക് വേദിയായി. ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കൽ ജനങ്ങൾ ആഘോഷമാക്കി. കോവളത്ത് ഡിജെ പാർട്ടി ലഹരിയിലായിരുന്നു പുതുവർഷാഘോഷം. എല്ലായിടങ്ങളിലും പൊലീസിന്റെ കർശന സുരക്ഷാ വലയത്തിലായിരുന്നു ആഘോഷങ്ങൾ
ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2023ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. ഇതോടെ ലോകം പുതുദശാബ്ദത്തിന്റെ ആഘോഷങ്ങളും ആരംഭിച്ചു. സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയും ന്യൂസിലൻഡും പുതുവർഷത്തെ വരവേറ്റു. ഓക്ലൻഡ് നഗരഹൃദയത്തിലെ സ്‌കൈ ടവറിലും കരിമരുന്ന് കലാപ്രകടനം നടന്നു. പിന്നീട് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു പുതുവർഷപ്പിറവി. ഹാർബർ ബ്രിഡ്ജിൽ നിന്നും ഓപ്പറ ഹൗസിൽ നിന്നും പടക്കങ്ങൾ പൊട്ടിച്ചുകൊണ്ട് എന്നത്തേയും പോലെ ഗംഭീരമായ പ്രദർശനമാണ് സിഡ്നി നടത്തിയത്.
ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും പുതുവർഷത്തിലേക്കു കണ്ണു തുറന്നു. ചൈനയിലും മറ്റും കോവിഡിന്റെ വ്യാപനം അതിശക്തമാകുമ്പോഴും പതിനായിരങ്ങളാണ് ന്യൂ ഇയർ ആഘോഷത്തിനായി തമ്പടിച്ചത്. വിനോദസഞ്ചാരികൾക്ക് അടുത്തിടെ എടുത്തുകളഞ്ഞ കോവിഡ് നിയന്ത്രണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും വലിയ ജനക്കൂട്ടം ഒത്തുകൂടുകയും ചെയ്തു. ലോകമാകമാനമുള്ള വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് പരിപാടികൾ പുതുവൽസരാഘോഷത്തോട് അനുബന്ധിച്ച് അരങ്ങേറിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണുണ്ടായിരുന്നത്. ഏഥൻസ്, ബെർലിൻ, പാരീസ്, റോം എന്നിവിടങ്ങളിലെ ഫയർവർക്‌സുകൾ എടുത്ത് പറയേണ്ടവയാണ്. യൂറോപ്പിൽ ആദ്യമായി പുതുവർഷത്തെ വരവേറ്റത് ഗ്രീസാണ്.
ബുർജ് ഖലീഫ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് യുഎഇയിൽ ആഘോഷം നടന്നത്. ലോക റെക്കോർഡുകൾ ഭേദിച്ചുള്ള ന്യൂഇയർ കാഴ്ചകൾ ഒരുക്കിയാണ് യുഎഇ ശ്രദ്ധ നേടിയത്. എമിറേറ്റ്സിലുടനീളം ലൈവ എന്റർടൈ്ന്മെന്റ് പരിപാടികളും നടന്നു. ലക്ഷക്കണക്കിനു പേരാണ് പുതുവർഷപ്പിറവി ആഘോഷിക്കാൻ ദുബായിൽ ഒത്തുചേർന്നത്. ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, ജുമൈറ ബീച്ച്, അബുദാബ് ഷെയ്ഖ് സയാജ് ഫെസ്റ്റിവൽ എന്നിവടങ്ങളിലടക്കം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അധികൃതർ നടത്തിയത്.
ലണ്ടനിൽ ലണ്ടൻ ഐയും ബിഗ് ബെന്നുമായിരുന്നു ആകർഷണങ്ങൾ. അന്തരിച്ച രാജ്ഞിക്ക് ആദരാഞ്ജലികൾ ഉൾപ്പെടുന്ന ഒരു ഗംഭീരമായ പ്രദർശനത്തോടെയാണ് ബിഗ് ബെൻ ആഘോഷം ആരംഭിച്ചത്. എഡിൻബർഗിൽ, നഗരത്തിലെ ലോകപ്രശസ്ത ഹോഗ്മാനേ പാർട്ടിക്കായി തെരുവുകളിൽ വൻ ജനക്കൂട്ടമാണ് നിറഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ രണ്ടു വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു ജനക്കൂട്ടം നഗരത്തിലേക്ക് എത്തിയത്. ബിബിസിയുടെ ലൈവ് സംപ്രേഷണവും ഉണ്ടായിരുന്നു.
റഷ്യയും ഉക്രെയ്നും പുതുവർഷത്തിന് തുടക്കം കുറിച്ചു. സൈനികർക്ക് നടുവിൽ നിന്ന് ഒരു ഗ്ലാസ് ഉയർത്തിയാണ് പുടിൻ പുതുവർഷാഘോഷത്തിന് തുടക്കമിട്ടത്. യുദ്ധശ്രമത്തിന് ഉക്രേനിയക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് സെലെൻസ്‌കിയും ആഘോഷത്തിൽ പങ്കുചേർന്നു.
മറുനാടന് മലയാളി ബ്യൂറോ