- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവനെന്തെങ്കിലും പറയട്ടെ, ഞാൻ അതൊന്നും കാര്യമാക്കുന്നില്ല; എല്ലാം അവന്റെ ഭാര്യ പറയിക്കുന്നതാണ്; ഹാരിയുടെ ആരോപണങ്ങൾ കേൾക്കാൻ പോലും താത്പര്യമില്ലെന്ന് വ്യക്തമാക്കി വില്യം; കൂടുതൽ ആരോപണങ്ങളുമായി പുതിയ എപ്പിസോഡ് വരുന്നു
ലണ്ടൻ: ഹാരിയും മേഗനും നെറ്റ്ഫ്ളിക്സ് സീരീസിലൂടെ ഉയർത്തിയ ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് വില്യം രാജകുമാരൻ പറയുന്നു. ഇതിന് മറുപടി പറഞ്ഞ് സംഘർഷം കൂടുതൽ ഗുരുതരമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവരുടെ സീരീസ് കാണാൻ താത്പര്യമില്ലെന്നും വില്യം തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭാവിയെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും, തന്റെ കടമകൾ നിർവഹിക്കുന്നതിൽ വ്യാപൃതനാകാനാണ് ആഗ്രഹിക്കുന്നതെന്നും വില്യം പറഞ്ഞതായും റിപ്പോർട്ടുകൾപറയുന്നു. അനുജനുമായി ഒരു വഴക്കിന് താനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇരുവർക്കും ഇടയിൽ സ്പർദ്ദയുണ്ടെങ്കിലും ഇരുവരും പരസ്പരം മറ്റുള്ളയാളുടെ കുട്ടികൾക്ക് ക്രിസ്ത്മസ് സമ്മാനങ്ങൾ അയക്കുമെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
വില്യമിന്റെ ഒരു സുഹൃത്തിനെ ഉദ്ധരിച്ചുകൊണ്ട് സൺഡേ ടൈംസ് ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വില്യമുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു സുഹൃത്ത് പറഞ്ഞത് രാജാവും രാജ്ഞിയും ഈ സീരീസ് കാണില്ല എന്നാണ്. മേഗനും താനുംഅനുഭവിച്ച കാര്യങ്ങൾ എല്ലാം രാജാവും വെയിൽസ് രാജകുമാരനും ഈ സീരീസിലൂടെ മനസ്സിലാക്കുമെന്ന് ഹാരി പ്രത്യാശിച്ചിരുന്നു. ഇനി അത് നടക്കില്ല.
അതേസമയം, രാജകുടുംബത്തിൽ ജീവിക്കുവാൻ തന്നെ തയ്യാറെടുപ്പിച്ചിരുന്നില്ല എന്ന മേഗന്റെ വാദം കൊട്ടാരം വൃത്തങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയാണ്. രാജകുടുംബത്തിലെ പെരുമാറ്റ മര്യാദകളെ പറ്റിയും ഔപചാരികതകളെ കുറിച്ചും ആരും തനിക്ക് പറഞ്ഞു തന്നിരുന്നില്ലെന്നും ബ്രിട്ടന്റെ ദേശീയ ഗാനം പോലും ഗൂഗിളിൽ നിന്നാണ് പഠിച്ചതെന്നുമായിരുന്നു മേഗൻ ആരോപിച്ചത്.
എന്നാൽ, ഹാരിയുടെ ഭാര്യ എന്ന നിലയിൽ ഭാവിയിൽ മേഗൻ വഹിക്കേണ്ടുന്ന പങ്കിനെ കുറിച്ചും മറ്റുമായി 30 ഇനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ആറുമാസത്തെ പരിശീലനം മേഗന് നൽകിയിരുന്നു എന്ന് കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹാരിയുടെ അന്നത്തെ പ്രൈവറ്റ് സെക്രട്ടറിയായ എദ് ലെയ്ൻ ആണ് പരിശീലനം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതുപോലെ തന്റെ അർദ്ധ സഹോദരിയുടെ മകളെ വിവാഹത്തിന് ക്ഷണിക്കാൻ അനുവദിച്ചില്ലെന്ന മേഗന്റെ ആരോപണവും കൊട്ടാരം നിഷേധിക്കുകയാണ്. ആരെയൊക്കെ ക്ഷണിക്കണം എന്നതിനെ കുറിച്ച് ഒരു നിർദ്ദേശവും വെച്ചിരുന്നില്ലെന്ന് അവർ വ്യക്തമാക്കുന്നു.
തന്റെ സഹോദരൻ വില്യം, കെയ്റ്റിനെ വിവാഹം കഴിച്ചത്, സ്നേഹം ഉള്ളതുകൊണ്ടല്ലെന്നും, രാജകുടുംബത്തിന്റെ രീതികളുമായി ഒത്തിണങ്ങി പോകും എന്നുറപ്പുള്ളതുകൊണ്ടാണെന്നും ഹാരി പറഞ്ഞതാണ് വില്യമിനെ ഏറെ വിഷമിപ്പിച്ചതെന്ന് വില്യമുമായി അടുപ്പമുള്ളവർ പറയുന്നു. അത്തരത്തിൽ ഒത്തിണങ്ങി പോകുന്ന സ്ത്രീകളെ മാത്രം വിവാഹം കഴിക്കാനാണ് രാജകുടുംബത്തിലെ പുരുഷന്മാർ ഏറെയും താത്പര്യപ്പെടുന്നതെന്നും ഹാരി പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്