കൊച്ചി: എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ സഹായത്തിന് ആരും ഉണ്ടാകില്ല. ഹർത്താൽ അനുകൂലികൾക്ക് പ്രതിഷേധം തീർക്കാൻ ഇന്നാരെന്നില്ല. സർക്കാർ വണ്ടി കണ്ടാൽ വിശേഷിച്ചും. അതുകൊണ്ട് ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട. തന്റെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കെത്തിയത് ഹെൽമറ്റ് ധരിച്ച്. എറണാകുളം ജില്ലയിൽ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറിൽ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാൻ ഹെൽമറ്റ് ധരിച്ചെത്തിയത്.

മുൻ അനുഭവമാണ് ഹെൽമറ്റ് ധരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവർഷം മുൻപ് ഒരു ഹർത്താൽ ദിനത്തിൽ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്പോഴാണ് കല്ലേറ് കിട്ടുന്നത്. കല്ലേറിൽ ബസിന്റെ ഗ്ലാസ് തകർന്ന് ചില്ലിന്റെ തരി കണ്ണിൽ പോയി. ഇതുമൂലം കണ്ണിൽ മുറിവുണ്ടായി. രണ്ടുവർഷത്തോളമാണ് ചികിത്സയിൽ കഴിഞ്ഞത്. ഇപ്പോഴും ഇടയ്ക്കിടെ കണ്ണിന് വേദനയും കണ്ണിൽ നിന്ന് വെള്ളം വരുന്നുമുണ്ട്. ഇതോടെയാണ് എപ്പോഴെല്ലാം ഹർത്താൽ പ്രഖ്യാപിച്ചാലും ഹെൽമറ്റ് ധരിച്ച് മാത്രമേ സർവീസിന് പോകുകയുള്ളൂ എന്ന് തീരുമാനിച്ചതെന്നും ലത്തീഫ് പറയുന്നു.

ഹർത്താൽ ദിനത്തിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് സംരക്ഷണം നൽകുമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ സുരക്ഷ ബസ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങുന്നിടത്ത് മാത്രമേയുള്ളൂ എന്ന് ലത്തീഫ് പറയുന്നു. ഇന്ന് രാവിലെ തൃശൂർ പോയി. പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കാലടിയിൽ പ്രകടനം ഉണ്ടെന്ന് അറിഞ്ഞ് ബസ് പെരുമ്പാവൂരിൽ നിർത്തിയിട്ടിരിക്കുകയാണെന്നും ലത്തീഫ് പറയുന്നു. കല്ലേറിൽ തലയ്ക്കും കണ്ണിനും സംരക്ഷണം നൽകാനാണ് ഹെൽമറ്റ് ധരിച്ചത്. ഹെൽമറ്റ് ധരിച്ചത് കണ്ടപ്പോൾ യാത്രക്കാരെല്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് നേരെ പരക്കെ ആക്രമണം

കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു.പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്.

കട്ടപ്പന നിന്നും കളിയിക്കാവിളയിലേക്ക് സർവ്വിസ് നടത്തിയ ബസിനു നേരെ പത്തനംതിട്ട കണ്ണങ്കര വച്ച് കല്ലേറുണ്ടായി. ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. ആലുവയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ ചില വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി.

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറി മുഹമ്മദ് റിയാസ്‌നെ പൊലീസ് പിടികൂടി.കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. സിവിൽ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലു തകർന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിനു മുൻപിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽഡ്രൈവർക്ക് പരുക്കേറ്റു.

മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം വച്ചാണ് കല്ലേറുണ്ടായത്. മലപ്പുറം പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കോട്ടയം ഈരാറ്റുപേട്ടയിൽ ഹർത്താൽ അനുകൂലികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.