കണ്ണൂർ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബ് എറിഞ്ഞു. പയ്യന്നൂരിൽ കടയടപ്പിക്കാനായി എത്തിയ സമരാനുകൂലികളെ നാട്ടുകാർ മർദ്ദിച്ചു. പഴയങ്ങാടിയിൽ ചരക്ക് വാഹനങ്ങൾ തടഞ്ഞു. തമിഴ്‌നാടിൽ നിന്ന് വന്ന രണ്ട് ലോറികളുടെ ചാവി ഊരി എടുത്ത് സമരാനുകൂലികൾ പോയി. ഇതിനിടെ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല. ഇതിനോട് ചേർന്ന് പ്രദേശത്ത് തന്നെ വാഹനത്തിനു നേരെ കല്ലേറ് നടത്തിയെന്ന് സംശയിക്കുന്ന പ്രദേശവാസിയായ ഗഫൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. ഉളിയിൽ നരയൻപാറയിലാണ് വാഹനത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞത്. കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി രണ്ടുപേർ പിടിയിൽ. നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്. മാങ്കടവ് സ്വദേശിയായ അനസ്, ഷെരീഫ് എന്നിവരാണ് പൊലീസ് പിടിയിലായത്. കല്ല്യാശ്ശേരി മാങ്ങാട് റോഡിൽ വച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്.

കൊല്ലത്ത് പ്രതിഷേധക്കാരെ നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്‌ത്തി.സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.

കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് നേരെ പരക്കെ ആക്രമണം

കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു.പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്.

കട്ടപ്പന നിന്നും കളിയിക്കാവിളയിലേക്ക് സർവ്വിസ് നടത്തിയ ബസിനു നേരെ പത്തനംതിട്ട കണ്ണങ്കര വച്ച് കല്ലേറുണ്ടായി. ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. ആലുവയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ ചില വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി.

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറി മുഹമ്മദ് റിയാസ്‌നെ പൊലീസ് പിടികൂടി.കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. സിവിൽ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലു തകർന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിനു മുൻപിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽഡ്രൈവർക്ക് പരുക്കേറ്റു.

മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം വച്ചാണ് കല്ലേറുണ്ടായത്. മലപ്പുറം പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കോട്ടയം ഈരാറ്റുപേട്ടയിൽ ഹർത്താൽ അനുകൂലികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പലയിടത്തും കടകൾ അടിച്ചു തകർത്തു

വ്യാപക ആക്രമണങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള സർവീസുകൾ തമിഴ്‌നാട് ആർടിസി. താൽക്കാലികമായി നിർത്തി ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തെടുത്തിട്ടുണ്ട്. അക്രമം തടയാൻ അടിയന്തര നടപടി എടുക്കാനും കോടതി നിർദ്ദേശിച്ചു.

അക്രമണ സാധ്യത മുന്നിൽ കണ്ട് മലപ്പുറം ജില്ലയിൽ അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിലാക്കി. കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കൽ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നു. കണ്ണൂരിൽ 25 ഓളം പേരെ കസ്റ്റഡിൽ എടുത്തു.

കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ രണ്ടിടങ്ങളിൽ കല്ലേറ് ഉണ്ടായി. വളപട്ടണം പാലത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ ഏഴരയോടെയാണ് കല്ലേറുണ്ടായി. കല്ലേറിൽ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരുക്കേറ്റു.

കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ബെംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയും സിവിൽ സ്റ്റേഷനു സമീപത്ത് വച്ചാണ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടത്. സിവിൽ സ്റ്റേഷനു സമീപത്തെ കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർ ശശിക്ക് കണ്ണിന് പരുക്കേറ്റു.

താമരശ്ശേരിയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.പെരുമ്പാവൂർ മാറംപിള്ളി, പകലോമറ്റം, ആലുവ എന്നിവിടങ്ങളിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. പന്തളത്ത് നിന്നും പെരുമണ്ണിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന് നേരെയും കല്ലേറുണ്ടായി. കൊല്ലത്തും വയനാട്ടിലും തൃശൂർ വടക്കാഞ്ചേരിയിലും കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായി.

തൃശൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ പമ്പ് അടപ്പിച്ചു.ആലപ്പുഴ വളഞ്ഞവഴിൽ രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവക്കെതിരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞ ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. പൊലിസിന്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടതെന്നാണ് വിവരം.തിരുവനന്തപുരത്തും കൊച്ചിയിലും സമരാനുകൂലികൾ ബസിന് നേർക്ക് കല്ലെറിഞ്ഞു.

തലസ്ഥാനത്ത് കാട്ടാക്കടയിലും ആലുവ ചാലക്കൽ അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന് നേരെയാണ് ആദ്യം കല്ലേറുണ്ടായത്. കല്ലറ- മൈലമൂട് സുമതി വളവിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. പോത്തൻകോട് മഞ്ഞമലയിൽ ഹർത്താൽ അനുകൂലികൾ കട അടിച്ചുതകർത്തു. 15 പേർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്. കോട്ടയത്തും ഹർത്താൽ അനുകൂലികൾ റോഡ് തടയുന്നുണ്ട്. ഈരാറ്റുപേട്ടയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും കെഎസ്ആർടിസി ബസുകൾ തടയുകയും ചെയ്യുന്നത്.