വ്യക്തമായ ലക്ഷ്യബോധമുള്ള ക്യാമ്പസ് പ്രണയ കഥ പറയുന്ന അടിച്ചുപൊളിപ്പടമായി ഹയ. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ എന്ന പുതിയ ചലച്ചിത്രനിർണ്ണാണകമ്പനിയുടെ ചിത്രമായ ഹയയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കല കലയ്ക്കു വേണ്ടിയെന്ന വാദത്തിനും കല ജീവിതത്തിനുവേണ്ടിയെന്ന വാദത്തോടും സമരസപ്പെടുന്ന ഈ ചിത്രം ശക്തമായ ഒരു ആനുകാലിക വിഷയമാണ് പറയുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ കാംപസുകളെ തീപിടിപ്പിക്കുന്ന ഒരു വിഷയം തെരഞ്ഞെടുത്ത് അതിനെ തീവ്രതയോടെ സംവേദിപ്പിക്കാനാണ് ഹയ ശ്രമിക്കുന്നത്. 

കാംപസ് ചിത്രങ്ങൾ മലയാളത്തിൽ എന്നും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഉൾക്കടൽ പോലെയുള്ള ക്ലാസിക് ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ട്രൻഡി സിനിമകൾ വരെ ആ ഗണത്തിൽ വന്നിട്ടുണ്ട്. ആ കൂട്ടത്തിൽ വ്യക്തമായ ഒരു ഐഡന്റിറ്റി നിലനിർത്തുന്ന ചിത്രം തന്നെയാണ് ഹയ. ലവ് വിത്ത് വാനിറ്റി , ലവ് വിത്ത് മോഡസ്റ്റി എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രണയത്തിന്റെ രണ്ട് ധ്രുവങ്ങൾ. ആവശ്യം നേടിയെടുക്കാനുള്ള പ്രണയവും ആത്മാർതഥമായ പ്രണയവും. വാനിറ്റിയുടെ ആളായി ഹണിയും മോഡസ്റ്റിയുടെ ആളായി യമുനയും മാറുന്നു. ഈ രണ്ടു കഥാപാത്രങ്ങളുടെ പോരിന്റെ ആദ്യ അക്ഷരം ചേരുന്നതാണ് ചിത്രത്തിനിട്ടിരിക്കുന്ന ഹയ എന്ന പേര്.

നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. ഇരുപത്തിയൊമ്പതോളം പുതുമുഖങ്ങൾ. ഇരുപതും ഇരുപത്തഞ്ചും വയസ്സുള്ള കാമ്പസ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ തീർച്ചയായും പുതുമ നിലനിർത്തേണ്ടതുണ്ട്. പലപ്പോഴും അതു സംഭവിക്കാറില്ല. ചെരിപ്പിന്റെ അളവനുസരിച്ച് കാൽ മുറിക്കുന്നതുപോലെ പരിചിതയുവനടന്മാരെ കാമ്പസിലേക്കിറക്കിവിടുന്ന സിനിമാരീതിയും നമ്മൾ കാണുന്നതാണ്. എന്നാൽ അത്തരം യുക്തിരാഹിത്യത്തിനു നിൽക്കാതെ ഫ്രഷ്നസ് നിലനിർത്തി പുതുമുഖങ്ങളെത്തന്നെ ഈ കാമ്പസ് ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ പലർക്കും നല്ല രീതിയിൽ പെർഫോം ചെയ്യാനും കഴിഞ്ഞു.

ഭരത് , ചെതന്യപ്രകാശ്, അക്ഷയ ഉദയകുമാർ എന്നിവരാണ് കാമ്പസിലെ താരങ്ങൾ. നായകന്റെ പ്രണയിനിയും നായകനോട് വൺവേട്രാഫിക് പ്രണയമുള്ള മറ്റൊരു പെൺകുട്ടിയും. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ മൂന്നുപേരും ലഭിച്ച റോളുകൾ ഭംഗിയാക്കി. അതേ സമയം സന്ദിഗ്ധഘട്ടങ്ങളിൽ കഥാഗതിയിൽ നെടുംതൂണായി മാറുന്ന കഥാപാത്രമായി ഗുരു സോമസുന്ദരം ചിത്രത്തിൽ നിർണ്ണായകമാകുന്നു. വില്ലൻ റോളിൽ മലയാളിക്കു സുപരിചിതനായ ഗുരു സോമസുന്ദരത്തിന്റെ മറ്റൊരു മുഖമാണ് ഇതിലുള്ളത്. ഒരേ സമയം കർക്കശക്കാരനും കരുണയുള്ളവനുമായ കുടുംബനാഥൻ.

തമിഴ് നാട്ടുകാരനായ നന്ദഗോപൻ വിവാഹം ചെയ്തിരിക്കുന്നത് ബാംഗ്ലൂർ മലയാളിയെയാണ്. ശ്രധന്യയാണ് ഭാര്യയുടെ വേഷത്തിലുള്ളത്. മകൻ വിവേക്( ഭരത് ). തമിഴ് കഥാപാത്രത്തിന്റെ ഷേഡ് നിലനിർത്തി മലയാളം സംസാരിക്കുന്ന കഥാപാത്രമാണ് നന്ദഗോപൻ. വാനിറ്റിക്കുവേണ്ടിയുള്ള പ്രണയവും മോഡസ്റ്റിയുടെ പ്രണയവും ചെന്നെത്തുന്നത് വളരെ സെൻസിറ്റീവായ പരിസമാപ്തിയിലേക്കാണ്. പ്രണയപ്പകയെന്ന വർത്തമാനകാലത്തിലെ പൊള്ളുന്ന യാഥാർത്ഥം. ക്ലൈമാക്സ് സീനിൽ ഗുരുവിന്റെ ഇടപെടൽ സംഭവവികാസങ്ങളുടെ ഗതി തന്നെ മാറ്റി മറിക്കുന്നു. ലക്ഷ്യബോധം കൈവരിക്കുന്ന ചിത്രം അവസാന ഫ്രയിമിലെത്തുമ്പോൾ മനോഹരമായ ഒറു പ്രണയചിത്രമായി പൂർത്തിയാവുകയും ചെയ്യുന്നു.

വർത്തമാനകാലത്തുണ്ടായ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏഴുവർഷം മുൻപുള്ള ഒരു എഞ്ചിനീയറിങ് കോളജ് കാമ്പസിന്റെ ഫ്ലാഷ്ബാക്കിലേക്കാണ് കഥ പോകുന്നത്. ഫേസ് ബുക്ക് ഏറെ സജീവമായ അക്കാലത്ത് പ്രണയത്തിന്റെ ടൂളായി മാറുന്നതും അതുതന്നെ. യുവത്വത്തിന്റെ ചടുലതയും മത്സരവീര്യവുമുള്ള നായകൻ, അവന്റെ വാശി കൊണ്ടുചെന്നെത്തിക്കുന്നത് പ്രശ്നങ്ങളിലേക്കാണ്. അതിനെത്തുടർന്നാണ് അവന് ബാംഗ്ലൂരിലെ കോളജിൽ പഠനം മുടങ്ങുന്നതും കൊച്ചിയിൽ പുതുതായി വന്നു ചേരേണ്ടിവന്നതും. നിയന്ത്രണാതീതമാകുന്ന അവന്റെ പ്രവൃത്തികൾ തന്നെയാണ് പ്രണയപരാജയത്തെത്തുടർന്ന് അപ്രതീക്ഷിതപ്രതികരണത്തിന് അവനെ പ്രേരിപ്പിക്കുന്നത്.

തിരക്കഥയുടെ ശക്തിയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്. വളരെ സെൻസിറ്റീവായ വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതിയുടെ രചനയ്ക്കു കഴിയുന്നു. വിഷയത്തിന്റെ ഗൗരവം തീവ്രമായിത്തന്നെ സംവേദിപ്പിക്കാൻ സംവിധായകൻ വാസുദേവ് സനലിനും കഴിഞ്ഞിട്ടുണ്ട്. അതേ സമയം ഒരു കാമ്പസ് ചിത്രമെന്ന നിലയിൽ കളർഫുള്ളായ അടിച്ചുപൊളിപ്പടമായും ഹയ മാറുന്നു. പ്രിയം പോലെയുള്ള ചിത്രത്തിലൂടെ പുതുമുഖങ്ങളെ അവതരിപ്പിച്ച സംവിധായകന് ഈ ചിത്രത്തിലും പുതുമുഖങ്ങളുടെ ഒറു വലിയ നിരയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഒപ്പം അതിമനോഹരമായ ഗാനങ്ങളും ഈ ചിത്രത്തിന്റെ ആകർഷണമാണ്. മസാലകോഫി ബാൻഡിലെ വരുൺസുനിലിന്റെ സംഗീതസംവിധാനത്തിൽ ഏഴുപാട്ടുകളാണുള്ളത്. ട്രൻഡ് അനുസരിച്ചുള്ള പാട്ടുകളും വ്യത്യസ്തമായ താരാട്ടുപാട്ടുമെല്ലാം ജനപ്രിയമാകുമെന്നതിൽ തർക്കമില്ല. പാട്ടിനൊപ്പം ആക്ഷനും ഈ ചിത്രം പ്രാധാന്യം നൽകുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു പുതുമ റോബോ ഫൈറ്റാണ്. മികച്ച ഗ്രാഫിക്സ് ഫൈറ്റിനെ മികവുറ്റതാക്കുന്നു.

കുട്ടികളെ ആകർഷിക്കാനുതകും വിധം അതിനെ അൽപ്പം പൊലിപ്പിക്കാനും സംവിധായകൻ ശ്രമിച്ചിച്ചുണ്ട്. ജോണി ആന്റണി, ലാൽജോസ്, ലയ സിംസൺ തുടങ്ങിയവരെല്ലാം അവരുടെ റോളുകൾ ഭംഗിയാക്കി. ചുരുക്കത്തിൽ ഈ ചിത്രം അടിച്ചുപൊളിപ്പടമായി യൂത്തിനു തെരഞ്ഞെടുക്കാം. മാതാപിതാക്കൾക്ക് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമായി ലിസ്റ്റു ചെയ്യാം.