ചാലക്കുടി: വ്യവസായ പ്രമുഖന് വേണ്ടി പുറമ്പോക്കിൽ താമസിക്കുന്ന സോൾബി എന്ന വീട്ടമ്മയെയും രണ്ടുമക്കളെയും ഒഴിപ്പിക്കാനുള്ള ചാലക്കുടി നഗരസഭയുടെ നീക്കത്തിന് വീണ്ടും തിരിച്ചടി. സോൾബി സുനിലിന്റെ വീട് പൊളിക്കാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു.

ചാലക്കുടി പള്ളിക്കനാൽ പുറമ്പോക്കിൽ താമസിക്കുന്ന പടിഞ്ഞാറെ മലയിൽ സോൾബി സുനിൽ, ഭർത്താവ് സുനിലിനും രണ്ട് പെൺ മക്കൾക്കും ഒപ്പം തിരുവോണ നാളിൽ താലൂക്ക് ഓഫീസിന് മുന്നിൽ, പട്ടിണി സമരം നടത്തിയതോടെയാണ് വിഷയം കൂടുതൽ ചൂടുപിടിച്ചത്. ഭൂമാഫിയയ്ക്ക് ഒത്താശ ചെയ്ത് കനാൽ പുറമ്പോക്കിലെ വീട് പൊളിക്കുന്ന നഗരസഭയുടെ അന്യായത്തിനെതിരെ സാമൂഹിക പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

ഇവരുടെ അമ്മയ്ക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നൽകിയെന്നും ഇക്കാരണത്താലാണ് വീട് പൊളിച്ചു മാറ്റാൻ തീരുമാനിച്ചതെന്നും നഗരസഭ അധികൃതർ പറയുന്നു. നടപടിയുടെ ഭാഗമായി ഇവരുടെ വീട്ടിലേയ്ക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകൾ നേരത്തെ വിച്ഛേദിക്കുകയും ചെയ്തു. പലപ്പോഴും, അമ്മയും പെൺകുഞ്ഞുങ്ങളും മാത്രം വീട്ടിൽ വൈദുതി കട്ട് ചെയ്തത് തികച്ചും അന്യായമാണെന്ന് സാമൂഹിക പ്രവർത്തക പ്രൊഫ.കുസുമം ജോസഫ് പറഞ്ഞു. ഇവർക്ക് പകരം വീട് കെട്ടി കൊടുക്കാതെ ഇറക്കി വിടുന്നത് ശരിയല്ല എന്നാണ് നാട്ടുകാരുടെയും നിലപാട്.

നഗരസഭ അധികൃതർ തെറ്റായ പ്രചരണം നടത്തുകയാണെന്ന് സോൾബി പറഞ്ഞു. അമ്മ റോസിലി ലാസറിനാണ് വീട് ലഭിച്ചതെന്നും തന്റെ പേരിലെ വീട് രണ്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും സോൾബി സുനിൽ പറഞ്ഞു. 'അമ്മയ്ക്ക് പി എം എ വൈ പദ്ധതി ഉപയോഗിച്ച് പുര പണിത് അമ്മ പോയി. അമ്മയുടെ കൂടെ അപ്പച്ചനും സഹോദരങ്ങളും മാറിയിരുന്നു. അമ്മയ്ക്ക് വീടുകൊടുത്തു, പിന്നെ സോൾബിക്കും കുടുംബത്തിനും ഇവിടെ കിടക്കാൻ, പറ്റില്ലെന്നാണ് മുൻസിപ്പാലിറ്റി അധികൃതരും, ഭൂമാഫിയയും പറയുന്നത്. ലൈഫിന്റെ പദ്ധതിയിൽ 25 ാമത്തെ നമ്പറായി എന്റെ പേര് വന്നിട്ടുണ്ട്. അപ്പോ, അതുകിട്ടുന്നത് വരെ, കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിൽ, കിടക്കാൻ പറ്റില്ല, ഇപ്പോ തന്നെ ഇവിടുന്ന് ഒഴിയാത്തതുകൊണ്ടു കുറെ ഭീഷണികൾ ഉണ്ടായിട്ടുണ്ട്. ലൈഫിന്റെ കിട്ടുന്നത് വരെ, ഞങ്ങൾക്ക് കിടക്കാനുള്ള അനുവാദം മാത്രമേ ഞങ്ങൾ ചോദിക്കുന്നുള്ളു.'-സോൾബിയുടെ വാക്കുകൾ ഇങ്ങനെ.

അതേസമയം, കനാൽ പുറമ്പോക്കിൽ താമസിക്കുന്ന സോൾബിയുടെ വീട് പൊളിച്ചു മാറ്റാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ഫയൽ ചെയ്ത കേസിൽ സിംഗിൾ ബഞ്ച് അനുവദിച്ച അനുമതി ഡിവിഷൻ ബഞ്ച് ഇന്ന് സ്റ്റേ ചെയ്തു. കേസിന്റെ അന്തിമ വിധി വരും വരെയാണ് ജസ്റ്റിസ് കെ.വിനോദ്ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചിട്ടുള്ളത്. കേസ് ഡിവിഷൻ ബഞ്ച് വിശദമായി കേൾക്കാനും തീരുമാനിച്ചിട്ടുണ്ട്.

കനാൽ പുറമ്പോക്കിൽ പല വീടുകളും പൊളിച്ചു മാറ്റാനുണ്ടായിരിക്കേ ഒരു വീടു മാത്രം പൊളിക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ ഷിബു എലുവത്തിങ്കൽ എന്ന സമ്പന്നനായ വ്യവസായ പ്രമുഖന്റെ താല്പര്യമാണെന്ന് പൊലീസ് റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. സോൾബിയുടെ വീടിനു പുറകിലുള്ള ഷിബു എല്ലവത്തിങ്കലിന്റെ സ്ഥലത്തേക്ക് വാഹനം എത്തിക്കാനും, നിർമ്മാണ പ്രവർത്തനം നടത്താനുള്ള സൗകര്യം ചെയ്തു കൊടുക്കാനാണ് മുനിസിപ്പാലിറ്റിയുടെ ശ്രമം എന്നാണ് പൊലീസ് റിപ്പോർട്ട്.

ഇന്ന് കേസിന്റെ ഹിയറിങ്ങ് ഉണ്ടായിരിക്കേ ഇന്നലെത്തന്നെ വീട് പൊളിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്തു നൽകിയ മുനിസിപ്പൽ സെക്രട്ടറിയുടെ പ്രവൃത്തി നിയമ വ്യവസ്ഥയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ്. ഇത്തരത്തിൽ മുനിസിപ്പാലിറ്റി നടത്തുന്ന അതിക്രമത്തെ എല്ലാ ജനാധിപത്യ വിശ്വാസികളെയും സംഘടിപ്പിച്ച് ചെറുക്കുമെന്ന് പ്രൊഫ. കുസുമം ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സോൾബി പാർപ്പിട സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.

കിടപ്പാടം കിട്ടുന്നതുവരെ പുറമ്പോക്കിലെ വീട്ടിൽ കിടക്കാനുള്ള സാവകാശം വേണമെന്ന സോൾബിയുടെ അപേക്ഷ നഗരസഭ തള്ളുകയായിരുന്നു. നിയമങ്ങൾ പാലിക്കേണ്ടതാണെങ്കിലും, അൽപം മനുഷ്യത്വമാണ് ഇവർ നഗരസഭയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

മുനിസിപ്പൽ ചെയർമാന്റെ വിശദീകരണം

ഇവിടെ താമസിച്ചിരുന്നത് സോൾബിയുടെ അമ്മ റോസിലിയുൾപ്പെടെ അഞ്ചുപേരായിരുന്നു. ഇവർക്ക് പി.എം.എ.വൈ. പദ്ധതിയിൽ വീട് അനുവദിച്ചു നൽകി. ഇവർ മാറിത്താമസിക്കുകയും ചെയ്തു. എന്നാൽ, വീട് പൊളിച്ചുനീക്കുന്നതിനു മുൻപ് സോൾബി വന്ന് താമസിക്കുകയായിരുന്നുവെന്ന് മുനിസിപ്പൽ ചെയർമാൻ
എബി ജോർജ് പറഞ്ഞു. നഗരസഭ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇവർ ഒഴിഞ്ഞുപോകാൻ തയ്യാറായില്ല. ഇക്കാര്യത്തിൽ നഗരസഭ അനീതി കാണിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചെയർമാൻ വ്യക്തമാക്കി. നഗരസഭയുടെ കീഴിലുള്ള റോഡിന്റെ കനാൽഭാഗത്ത് വീതികൂട്ടി ഗതാഗതം സുഗമമാക്കാനും നഗരവത്കരണത്തിനും വേണ്ടിയാണ് പുനരധിവാസം നടത്തുന്നത്.