- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്വ നദി കരകവിഞ്ഞു,രാമനഗരിയിൽ പ്രളയം; ബംഗളൂരു- മൈസുർ പാത പൂർണ്ണമായും അടച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു;മാണ്ഡ്യ, മൈസുർ, ബംഗളുരു എന്നിവിടങ്ങളിലും കനത്ത മഴ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; കനത്തമഴയിൽ കർണ്ണാടകയും വിറങ്ങലിക്കുന്നു
ബംഗളൂരു: കനത്ത മഴയെത്തുർന്ന് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും ദുരിതം തുടരുന്നു. കനത്ത മഴക്കൊപ്പം തടാകങ്ങൾ കര കവിഞ്ഞതുമാണ് കെടുതി രൂക്ഷമാക്കിയത്. മൈസൂരു ,മാണ്ഡ്യ ,തുംകുരു മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ലഭിച്ചത്. മാണ്ഡ്യ, മൈസൂരു, രാമനഗര, ബെംഗളൂരു അർബൻ എന്നീ ജില്ലകളിലാണ് മഴ ശക്തമായത്.സെപ്റ്റംബർ ഒന്ന് വരെ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
കണ്വ നദി കരകവിഞ്ഞൊഴുകിയതാണ് പ്രദേശത്തെ കൂടുതൽ ദുരിതത്തിലാഴ്‌ത്തിയത്.19 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ മേഖലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. രാമനഗര ,ബിഡദി,കെങ്കേരി തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷാമായത്.
രാമനഗരിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗ്ലൂരു മൈസൂരു ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.മദ്ദൂർ അഡിഗസ്സ് ഹോട്ടലിന് സമീപം ട്രാഫിക് പൊലീസ് ബാരികേഡുകൾ വെച്ച് ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞിട്ടുണ്ട്. മാഗഡി റൂട്ടിലെ ഹുളിയൂർ ദുർഗ വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കെഎസ്ആർടി ബസ്സുകൾ അടക്കം മണിക്കൂറുകളോളം കുടുങ്ങി.
എക്സ്‌പ്രസ് ഹൈവേയുടെ സർവ്വീസ് റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി.ബസ്സുകൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ കുടുങ്ങി.യാത്രക്കാരെ ഏറെപണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. മുപ്പത് കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടന്നു.കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകളും രാമനഗരയിൽ മണിക്കൂറുകളോളം കുടുങ്ങി.ബംഗളൂരു- മൈസൂരു റൂട്ടിലെ കർണാടക ആർ.ടി.സി ബസുകൾ ഹറോഹള്ളി -കനകപുര-മലവള്ളി വഴിതിരിച്ചു വിട്ടതായി അധികൃതർ അറിയിച്ചു.
എക്സ്‌പ്രസ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് വെള്ളം ഒഴുകി പോകാൻ തടസ്സം അനുഭവപ്പെടുന്നതും വെള്ളക്കെട്ടിന് കാരണമായി.രണ്ട് ദിവസം കൂടി തെക്കൻ കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ അംഗണവാടികൾ, ഒന്നു മുതൽ പത്തു വരെയുള്ള സ്‌കൂളുകൾ എന്നിവക്ക് ചൊവ്വാഴ്‌ച്ചയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സുരക്ഷ മുൻ നിർത്തിയാണ് നടപടി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.ഞായറാഴ്‌ച്ച രാത്രിയോടെയാണ് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ കനത്തത്.
മറുനാടന് മലയാളി ബ്യൂറോ