തിരുവനന്തപുരം: അവിവാഹിതർ രണ്ടുമാസത്തിനുള്ളിൽ ഒഴിയണം, എതിർലിംഗക്കാരെ ഫ്‌ളാറ്റിൽ പ്രവേശിപ്പിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ തലസ്ഥാനത്തെ ഫ്‌ളാറ്റ് അസോസിയേഷൻ ഇറക്കിയത് വിവാദമായിരിക്കുകയാണ്. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിൻസ് ഓണേഴ്സ് അസോസിയേഷനാണ് ഫ്‌ളാറ്റിൽ വിവാദ നോട്ടീസ് പതിപ്പിച്ചത്.

നോട്ടീസിൽ പറയുന്നത്:

അവിവാഹിതരുടെ ഫ്‌ളാറ്റിനകത്ത് എതിർലിംഗക്കാർക്ക് പകലോ രാത്രിയോ പ്രവേശനമുണ്ടാകില്ല. രക്തബന്ധത്തിലുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും സർക്കുലറിൽ പറയുന്നു. ഫ്‌ളാറ്റിലെത്തുന്ന സന്ദർശകർക്കും നിയന്ത്രണമുണ്ട്. താഴത്തെ നിലയിലെ അസോസിയേഷൻ ഓഫീസിൽ വച്ച് മാത്രമാണ് സന്ദർശകർക്ക് ഫ്‌ളാറ്റിലെ താമസക്കാരുമായി സംസാരിക്കാൻ അനുവാദമെന്നും സർക്കുലറിൽ പറയുന്നു.വാടകക്കാർ മാതാപിതാക്കളുടെ ഫോൺ നമ്പറും ആധാറും ഫോൺ നമ്പറും നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഈ ഫ്‌ളാറ്റ് കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ വേണ്ടിയുള്ളതാണ്. അല്ലാത്ത താമസക്കാർ രണ്ടുമാസത്തിനുള്ളിൽ ഒഴിയണമെന്നും സർക്കുലറിൽ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടാൽ വിവരം പൊലീസിനെയും രക്ഷിതാക്കളെയും അറിയിക്കുമെന്നും നോട്ടീസിൽ പറയുന്നു.

സുരക്ഷയെ കരുതിയാണ് നോട്ടീസെന്നാണ് ഹീര ട്വിൻസ് ഓണേഴ്സ് അസോസിയേഷന്റെ വിശദീകരണം.

ഹീര ട്വിൻസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

'ഈ ബിൽഡിങ്ങിൽ മൊത്തം 24 ഫ്‌ളാറ്റാണ്. അതില് നാല് ഫ്‌ളാറ്റ്, അതിന്റെ ഉടമകളൊക്കെ മിക്കവാറും പുറത്താണ്...ബ്രോക്കർമാർ വഴിയൊക്കെയാണ്, ഫ്‌ളാറ്റ് ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കും തനിയെ താമസിക്കാൻ, കൊടുത്തിരിക്കുന്നത്. ഇത് ചിലപ്പോൾ രാത്രി ഒരു മണിക്ക്, രണ്ടുമണിക്ക്, മൂന്നു മണിക്ക് ഒക്കെ ഇവര് ഇറങ്ങി പോകും... പോകുന്നതിനും വരുന്നതിനും ഒന്നും ഒരു റസ്ട്രിക്ഷനുമില്ല. ഒരു ദിവസം പകൽ മാർ ഇവാനിയോസ് കോളേജിലെ പിള്ളർ വെള്ളം കുടിക്കാൻ എന്നുപറഞ്ഞ് വന്ന് കയറി..ഒരു സംശയമുണ്ട്..ഇത് ഡ്രഗ് റാക്കറ്റാണോ..എന്താണ് നടക്കുന്നതെന്ന് ഓർത്തിട്ട്...ഞാൻ പോയി ചെക്ക് ചെയ്ത് പൊലീസിൽ അറിയിച്ചിട്ട്..അവര് വന്ന് പൊലീസ് വേരിഫൈ ചെയ്തിട്ട് പോയി...കുറച്ചുനാൾ കുഴപ്പം ഇല്ലാതിരിക്കുകയായിരുന്നു.

ഇപ്പോ...വീണ്ടും അതേ ഫ്‌ളാറ്റ്, ആണുങ്ങളുടെ വിസിറ്റ് തുടങ്ങി. അവര് ടെറസിൽ പോയി വെള്ളമടിച്ചിട്ട് അവിടെ മൂത്രം ഒഴിച്ചുവയ്ക്കും..ബിയർ കുപ്പി ഇടും..അങ്ങനെ ഓരോ ഇല്ലീഗൽ ആക്റ്റിവിറ്റി കാണിച്ചു...അപ്പോ...ഞാനൊരു നോട്ടീസ് ഇറക്കി. ജനറൽ ബോഡി തീരുമാനമാണ്. ബാച്ചിലേഴ്‌സിന് ഫ്‌ളാറ്റ് കൊടുക്കേണ്ട...രണ്ടുമാസത്തിനകം ഒഴിയണം എന്ന് ആറ് മാസം മുമ്പ് തീരുമാനിച്ചതാണ്. ഓപ്പൊസിറ്റ് സെക്‌സുകാര് അങ്ങോട്ടും ഇങ്ങോട്ടും വിസിറ്റ് ചെയ്യാൻ പാടില്ല....ഏതു സമയത്തും, കാരണം ഇവര് ഡ്രഗ്‌സും കൊണ്ടാണോ വരുന്നെ..എന്തുകൊണ്ടാണ് വരുന്നെ എന്ന് ഒരുപിടിയുമില്ല. അപ്പോ....അസോസിയേഷന്റെ കോമൺ സ്‌പേസിൽ വച്ച് കാണാമെന്നും പറഞ്ഞ് നോട്ടീസ് ഞാൻ അവർക്ക് കൊടുത്തു..അത് അവർക്ക് ഇഷ്ടപ്പെട്ടില്ല,,,,അവർക്ക് ഫ്രീഡം വേണം. പോരാത്തതിന് ദിവസവും വാച്ച്മാനുമായി വഴക്കാണ്....വരുന്നവരുടെ ഐഡി കൊടുക്കത്തില്ല..രജിസ്റ്ററിൽ എന്റർ ചെയ്യത്തില്ല...ഇങ്ങനെ വാച്ച്മാന്മാർ സഹി കെട്ടിരിക്കുകയാണ്.

അവിവാഹിതരായ വാടക്കാർ പറയുന്നത്

അവിവാഹിതരായ വാടകക്കാർ സിവിൽ സർവീസ് പരിക്ഷയ്ക്കും മറ്റുമായി പരിശീലനത്തിന് എത്തിയവരാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നോട്ടീസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവർ പറയുന്നത്. അതേസമയം, ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കണമെന്നത് അസോസിയേഷൻ ജനറൽ ബോഡി എടുത്ത തീരുമാനമെന്ന് സെക്രട്ടറി പറയുന്നു.

ഇതുവരെ ഒരു പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ല. തങ്ങളുടെ സഹപാഠികളും മറ്റും ഗ്രൂപ്പ് സ്റ്റഡിക്കായാണ് ഇവിടെ വരാറുള്ളത്. ഒരു ചെറിയ പ്രശ്നത്തിന്റെ പേരിൽ പോലും ഒരു പൊലീസുകാരൻ പോലും ഇവിടേക്ക് വരേണ്ടി വന്നിട്ടില്ലെന്നും ഫ്‌ളാറ്റിൽ താമസിക്കുന്ന അവിവാഹിതർ പറയുന്നു. തങ്ങൾക്ക് വാടകയ്ക്ക് നൽകിയ ഉടമ ഫ്‌ളാറ്റ് ഒഴിയാൻ പറഞ്ഞിട്ടില്ല. എന്നാൽ ഫ്‌ളാറ്റിന് താഴെ ഇത്തരത്തിൽ ഒരു നോട്ടീസ് പതിച്ചതിലും എന്ന് ഒഴിയേണ്ടിവരുമെന്നതിലും ആശങ്കയുണ്ടെന്നും ഒരാൾ പറഞ്ഞു. ഏതയാലും ഈ വിഷയത്തിൽ ഫ്‌ളാറ്റ് ഉടമകൾ അസോസിയേഷൻ ഭാരവാഹികളുമായി ഇടപെട്ട് പ്രശ്‌നം തീർപ്പാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.