- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി 30നാണ് ഹർജിക്കാർ വിവാഹിതരായത്; ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ മെയ് 31ന് വിവാഹമോചനത്തിന് ഹർജി നൽകി; ഡിവോഴ്സിന് ഒരു വർഷം കാത്തിരിക്കണമെന്ന് കുടുംബ കോടതി; ഒരു വർഷ നിബന്ധന ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് ഹൈക്കോടതിയും; ഏകീകൃത സിവിൽ കോഡിന് കേരള ഹൈക്കോടതിയും; പൊതു നന്മ ചർച്ചയാക്കി ഡിവിഷൻ ബഞ്ച് വിധി
കൊച്ചി: ക്രിസ്ത്യാനികൾക്കു ബാധകമായ വിവാഹമോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചന ഹർജി നൽകാൻ വിവാഹശേഷം ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കുകയാണ് ഹൈക്കോടതി. ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. കോടതി വഴി പരിഹാരം തേടാനുള്ള അവകാശം നിയമം മൂലം നിഷേധിക്കുന്ന 1859ലെ വിവാഹമോചന നിയമം 10 എ വ്യവസ്ഥ കോടതി റദ്ദാക്കി.
വിവാഹം നടന്ന് ഒരു വർഷത്തിനുള്ളിൽ സംയുക്ത ഹർജി നൽകാനാവില്ലെന്നു കുടുംബക്കോടതി നിലപാട് എടുത്ത സാഹചര്യത്തിൽ ക്രിസ്ത്യൻ ദമ്പതികൾ നൽകിയ ഹർജികൾ തീർപ്പാക്കിയാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കോടതി വഴി പരിഹാരം തേടുന്നതു ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഈ അവകാശം ഹനിക്കുന്നതു വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഏറെ പ്രാധാന്യമുള്ളതാണ് ഈ വിധി. ഏകീകൃത സിവിൽ കോഡിന്റെ സാധ്യതയിലേക്ക് പോലും വിലയിരുത്തലുകളെത്തുന്നു. പല മതങ്ങൾക്ക് പല നിയമങ്ങളെന്നത് അംഗീകരിക്കാനാകില്ലെന്ന വാദവും ഹൈക്കോടതി വിധിയിലുണ്ട്.
വിവാഹ, വിവാഹമോചന വിഷയങ്ങളിൽ ഏകീകൃത ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു വയ്ക്കുന്നു. മതനിരപേക്ഷ സമൂഹത്തിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവ് ഇല്ലാതെ പൊതു നന്മ ലാക്കാക്കിയുള്ള നിയമപരമായ സമീപനം വേണം. ദമ്പതികൾക്കു വിവാഹമോചനം തേടാൻ ഏകീകൃത പ്ലാറ്റ്‌ഫോം ലഭിക്കുന്ന തരത്തിൽ നിയമത്തിൽ മാറ്റം വേണമെന്നും കോടതി വിശദീകരിക്കുന്നു. കേരളത്തിലെ ഹൈക്കോടതിയും ഏകീകൃത സിവിൽ കോഡിന് അനുകൂലമായി ആദ്യമായി നടത്തുന്ന പ്രതികരണമായും ഇതു വിലയിരുത്തുന്നു.
മറ്റു വിവാഹ നിയമങ്ങൾ നൽകുന്ന ഇളവ് ക്രിസ്ത്യൻ സമൂഹത്തിനു നിഷേധിക്കുന്നതു കണ്ടില്ലെന്നു നടിക്കാനാവില്ല. ഹർജിക്കാർക്കു വൈകാതെ വിവാഹമോചനം അനുവദിച്ചു നൽകാൻ കുടുംബക്കോടതിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. അപൂർവ സാഹചര്യങ്ങളിൽ ഒരു വർഷത്തിനു മുൻപും കോടതികൾക്കു കേസ് പരിഗണിക്കാൻ കഴിയുമെന്ന് സ്‌പെഷൽ മാര്യേജ് നിയമം 29ാം വകുപ്പിലും ഹിന്ദു മാര്യേജ് നിയമം 14ാം വകുപ്പിലും വ്യവസ്ഥയുണ്ട്. ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ 10 എ വ്യവസ്ഥ അനുസരിച്ച്, വിവാഹമോചനത്തിനു സംയുക്ത ഹർജി നൽകാൻ വിവാഹ ശേഷം 2 വർഷം കാത്തിരിക്കണം എന്നതായിരുന്നു മുൻപുണ്ടായിരുന്ന വ്യവസ്ഥ. എന്നാൽ, മറ്റു വിവാഹ നിയമങ്ങൾക്കു സമാനമായി ഹൈക്കോടതിയാണ് ഇത് ഒരു വർഷമാക്കിയത്.
എന്നാൽ, ഒരു വർഷം തികയുന്നതിനു മുൻപും കോടതിയെ സമീപിക്കാനുള്ള അവസരം മറ്റു നിയമങ്ങൾ നൽകുമ്പോൾ കൊടിയ ദുരിതം അനുഭവിക്കുന്നവർക്കു പോലും അതിന് അവസരം നൽകാത്ത വിവാഹമോചന നിയമത്തിലെ 10 എ (1) നിയമവ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഏകീകൃത സിവിൽ കോഡെന്ന ആവശ്യം പൊതു സമൂഹത്തിൽ സജീവമാക്കി നിർത്തുകയാണ് കേന്ദ്ര സർക്കാരും ബിജെപിയും. ഗുജറാത്ത്-ഹിമാചൽ തെരഞ്ഞെടുപ്പിലും ഇതു ചർച്ചയായി. ഈ സാഹചര്യത്തിൽ കേരള ഹൈക്കോടതി വിധിയും ഗൗരവത്തോടെ കേന്ദ്രം കാണും.
ഇവരുടെ വിവാഹമോചന ഹർജി രണ്ടാഴ്ചയ്ക്കകം പരിഗണിച്ച് തീരുമാനമെടുക്കാൻ കുടുംബ കോടതിക്ക് നിർദ്ദേശം നൽകി.ക്രിസ്ത്യൻ മതാചാരപ്രകാരം കഴിഞ്ഞ ജനുവരി 30നാണ് ഹർജിക്കാർ വിവാഹിതരായത്. ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ മെയ് 31ന് വിവാഹമോചനത്തിന് ഹർജി നൽകി. ക്രിസ്ത്യാനികൾക്ക് ബാധകമായ വിവാഹമോചന നിയമത്തിലെ സെക്ഷൻ പത്ത് (എ) പ്രകാരം ഒരുവർഷംകഴിയാതെ ഹർജി നൽകാനാവില്ലെന്ന് വ്യക്തമാക്കി അത് തള്ളി. ഇത് ചോദ്യംചെയ്താണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഹർജി നൽകാൻ രണ്ടുവർഷം കഴിയണമെന്നായിരുന്നു വ്യവസ്ഥയുണ്ടായിരുന്നത്. പിന്നീട് ഇത് മറ്റുവിഭാഗങ്ങളുടെ വിവാഹമോചന നിയമങ്ങളിലേതുപോലെ ഒരുവർഷമാക്കി കുറച്ചിരുന്നു. പെട്ടെന്നുള്ള വികാരത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചന ഹർജി നൽകുന്ന സാഹചര്യം ഒഴിവാക്കാനാണ് കാലയളവ് നിശ്ചയിച്ചത്. എന്നാൽ അപൂർവ സാഹചര്യങ്ങളിൽ ഈ കാലയളവിനുമുമ്പും ഹർജി പരിഗണിക്കാനാവുമെന്ന് സ്‌പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലും പറയുന്നുണ്ട്. ഇത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബാധകമല്ലെന്ന വിഷയമാണ് ഹൈക്കോടതി പരിഗണിച്ചത്.
വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃതചട്ടം കൊണ്ടുവരുന്നകാര്യം കേന്ദ്രസർക്കാർ പരിഗണിക്കണം. ഇക്കാര്യത്തിൽ മതങ്ങൾക്ക് ഒരുപങ്കുമില്ല. വിവാഹമോചന നിയമം തർക്കങ്ങൾക്കല്ല കക്ഷികളുടെ ക്ഷേമത്തിനാണ് മുൻതൂക്കം നൽകേണ്ടത്. മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ഠിത സമീപനത്തിലുപരി പൊതുനന്മയാണ് ലക്ഷ്യമിടേണ്ടതെന്നും ഹൈക്കോടതി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ