കൊച്ചി: സിപിഎം അടക്കമുള്ളവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ പണിമുടക്കിൽ പങ്കെടുത്ത് എട്ടിന്റെ പണിവാങ്ങി സംസ്ഥാന സർക്കാർ ജീവനക്കാർ. പണിമുടക്കിയവരുടെ ശമ്പളം പിടിക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. പണി മുടക്കുന്നവർക്കു ശമ്പളത്തിന് അർഹതയില്ലെന്നും അവർക്കെതിരെ ചട്ടപ്രകാരം നടപടിയെടുക്കണമെന്നും കോടതി വിധിച്ചുതോടെ സഖാക്കളുടെ വാക്കുകേട്ട് സമരത്തിന് ഇറങ്ങിയവർക്ക് ശമ്പളം പോകുന്ന അവസ്ഥയാണ് ഇപ്പോൾ.

സംയുക്ത ട്രേഡ് യൂണിയനുകൾ 2022 മാർച്ച് 28, 29 തീയതികളിൽ നടത്തിയ ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലെ റിട്ട. ഉദ്യോഗസ്ഥനായ എസ്.ചന്ദ്രചൂഡൻ നായർ നൽകിയ പൊതുതാൽപര്യ ഹർജി തീർപ്പാക്കിയാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാമ് പണിമുടക്കുന്നവർക്ക് ശമ്പളം നൽകരുതെന്ന് വ്യക്തമാക്കിയത്.

ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ ഇതിനകം തുടങ്ങിയ നടപടികൾ സർക്കാർ തുടരണമെന്നു കോടതി നിർദേശിച്ചു. കേരള സർവീസ് ചട്ടങ്ങളും സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടവും സർക്കാർ ഉത്തരവുകളും ലംഘിച്ചു സമരത്തിൽ പങ്കെടുത്തവർക്കെതിരെ നിയമപ്രകാരം നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പണിമുടക്കുന്നതിൽനിന്നു ജീവനക്കാരെ തടയണമെന്നും ഹാജർ നിർബന്ധമാക്കണമെന്നും ഡയസ്‌നോൺ ബാധകമാക്കണമെന്നും വി.സജിത്കുമാർ മുഖേനയുള്ള ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാർക്കു പണിമുടക്കാൻ അവകാശമുണ്ടോ എന്ന നിയമപ്രശ്‌നം 'ബാലഗോപാലൻ കേസി'ൽ മുൻപു തീരുമാനിച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി.

ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ച് സമരത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് അവകാശമില്ലെന്നും ലംഘിച്ചാൽ നടപടിയെടുക്കാമെന്നും ആ കേസിൽ പറഞ്ഞത് ഇവിടെയും ബാധകമാണ്. മുൻപ് കേന്ദ്രസർക്കാരിനെതിരായ സമര ദിനങ്ങളിൽ സർക്കാർ ജീവനക്കാർക്കു ശമ്പളത്തോടെ അവധി അനുവദിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവു ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടും അതു സ്റ്റേ ചെയ്തില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം വിവിധ വകുപ്പുകളിൽനിന്നു കിട്ടിയ വിവരം അനുസരിച്ച് 2022 മാർച്ച് 28നു ഹാജരാകാതിരുന്ന 1,96,931 ജീവനക്കാരുടെയും 29 നു ഹാജരാകാതിരുന്ന 1,56,845 ജീവനക്കാരുടെയും ആ ദിവസങ്ങളിലെ ശമ്പളം തടഞ്ഞതായി സർക്കാർ കോടതിയെ അറിയിച്ചു. 28 ന് ഹാജരാകാതിരുന്ന 24 പേർക്കെതിരെയും 29 ന് വരാതിരുന്ന 4 പേർക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. വനം, റവന്യു, ഹയർ സെക്കൻഡറി, പൊതുമരാമത്ത് വകുപ്പുകളിലെ വിവരങ്ങൾ കിട്ടാനുണ്ടെന്നും അറിയിച്ചു.

ഹർജിയിൽ കോടതി ഇടപെട്ടതോടെ സമരം തുടങ്ങിയ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. അത്യാവശ്യത്തിനല്ലാതെ അവധി അനുവദിക്കില്ലെന്നും ജോലിക്ക് എത്താത്തവർക്കു ഡയസ്‌നോൺ ബാധകമാകുമെന്നും ഏപ്രിലിലെ ശമ്പളത്തിൽ കുറവു വരുത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുടെ വിവരം കോടതി ആരാഞ്ഞതിനെത്തുടർന്നാണു റിപ്പോർട്ട് നൽകിയത്.

ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമുണ്ടോയെന്ന ചോദ്യം 2021ലെ ജി. ബാലഗോപാലൻ കേസിൽ നേരത്തേ പരിഗണിച്ചിട്ടുള്ളതാണെന്നും സർവിസ് ചട്ടവും സർക്കാർ ജീവനക്കാർക്ക് ബാധകമായ പെരുമാറ്റച്ചട്ടവും സർക്കാർ ഉത്തരവുകളും ലംഘിച്ച് ജീവനക്കാർക്ക് സമരത്തിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സർവിസ് റൂളിനും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമായി സമരം ചെയ്യാൻ അവകാശമില്ലെന്നാണ് ബാലഗോപാലൻ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. സമരം ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും വ്യക്തമാക്കി. ചന്ദ്രചൂഡൻ നായരുടെ ഹരജിയിലും ഇതു ബാധകമാണ്. അതിനാൽ, ചട്ടം ലംഘിച്ച് പണിമുടക്കിയവർക്കെതിരെ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

2019 ജനുവരി 8, 9 തീയതികളിൽ കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ പങ്കെടുത്തതിനെതിരെ പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോ റിട്ട. ഡയറക്ടർ ജി.ബാലഗോപാലൻ നൽകിയ പൊതുതാൽപര്യ ഹർജിയിൽ 2021 ഫെബ്രുവരിയിൽ ഹൈക്കോടതി വിധി ഇങ്ങനെയായിരുന്നു: ജീവനക്കാർക്കു ശമ്പളത്തോടെ അവധി അനുവദിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. (ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം) തുടർ നടപടികളെടുക്കാൻ വകുപ്പു തലവന്മാരോടു നിർദേശിച്ചു. സമരത്തിൽ പങ്കെടുക്കുന്നതിനു ജോലിക്കു ഹാജരാകാതിരിക്കുന്നതു ശമ്പള, അലവൻസുകൾക്ക് അർഹതയില്ലാത്ത 'ഡയസ്‌നോൺ' ആയി കണക്കാക്കുമെന്നു കേരള സർവീസ് ചട്ടം പാർട്ട് 1 റൂൾ 14 (എ)യിൽ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി.

സമരം ചെയ്തവർക്കെതിരെ നടപടിയെടുത്തുവെന്ന സർക്കാറിന്റെ വിശദീകരണം കെണ്ടും വിഷയം തീരുകയില്ല. സമരദിനങ്ങളിൽ ശമ്പളത്തോടെ അവധി അനുവദിച്ച് സർക്കാർ നേരത്തേ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി ഇതിൽ സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തിൽ സർക്കാർ നടപടികൾ തുടരാനും കോടതി നിർദേശിച്ചു.