തിരുവനന്തപുരം: സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദു....പറയുന്നത് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. അതേ വേദിയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി ശ്രീകുമാരൻ തമ്പിയും. അനന്തപുരി ഹിന്ദു സമ്മേളനത്തെ സുപ്പർഹിറ്റാക്കിയത് സംഘടാകരും പിസി ജോർജ്ജായിരുന്നുവെങ്കിൽ ഹിന്ദു കോൺക്ലേവിനെ ചർച്ചയാക്കിയത് ഇടതു സഖാക്കളാണ്. ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്‌കരിക്കണമെന്ന് സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ എഴുതിയതിനു മറുപടിയായാണ് കോൺക്ലേവിൽ 'ആർഷ ദർശന' പുരസ്‌കാരം ഏറ്റുവാങ്ങിയ ശ്രീകുമാരൻതമ്പിയുടെ പ്രതികരണം.

'അദ്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തർദേശീയ കവിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്‌കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇവിടെയുള്ള എന്റെയും വി.മധുസൂദനൻ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാനാവില്ലല്ലോ. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല'ശ്രീകുമാരൻ തമ്പി പറഞ്ഞു.

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്നും ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അത് ഒരു മതത്തിന്റെ അടിസ്ഥാനത്തിലല്ല. 'എന്തുകൊണ്ടാണ് എന്നെ അഹിന്ദു എന്നു വിളിക്കുന്നത്. ഇവിടെ ജനിച്ച എന്നെയും ഹിന്ദുവെന്നു വിളിക്കണം. സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദു' ഗവർണർ പറഞ്ഞു.

'ആർഷ ദർശന' പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്കു സമ്മാനിച്ചു. കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ.പിള്ള അധ്യക്ഷത വഹിച്ചു. വി. മധുസൂദനൻ നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു. ഹിന്ദു പാർലമെന്റ് നേതൃ സമ്മേളനത്തിൽ ചെയർമാൻ മാധവൻ ബി. നായർ അധ്യക്ഷത വഹിച്ചു. ശാന്താനന്ദ മഹർഷി സമാപന പ്രഭാഷണം നടത്തി. സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സനാതന ധർമം അന്ധവിശ്വാസം ആകുന്നത് എങ്ങനെയാണെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ചോദിക്കുന്നു. ഒരു കാര്യം ഞാൻ പറയാം സനാതന ധർമം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരുത്തൻ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണ്. അതെത്ര വലിയ കവിതയെഴുതിയാലും. കാരണം ലോകാസമസ്താ സുഖിനോ ഭവന്തു എന്നതിലപ്പുറം ഒരു സോഷ്യലിസലും കമ്മ്യൂണിസവുമില്ല,; ശ്രീകുമാരൻ തമ്പി പറഞ്ഞു.</ു>

കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക എന്ന സംഘടനയുടെ ഒരു ഹിന്ദു കോൺക്ലേവ് 2023 എന്ന പരിപാടിയുടെ ബ്രോഷറിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും സംഘപരിവാർ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യ പ്രതിഭകളുടെ പേരും പടവും പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. ഞങ്ങളുടെ ചിത്രം അനുവാദമില്ലാതെ പരിപാടിയുടെ ബ്രോഷറിൽ ഉൾപ്പെടുത്തിയതിനെതിരെ കവി പ്രഭാ വർമയും, അശോകൻ ചരുവിലുമടക്കം രംഗത്തെത്തിയിരുന്നു

അതിനിടെ ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിൽ വിശദീകരണവുമായി രാജ്ഭവൻ പിന്നീട് രംഗത്തു വന്നു. സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചത്. ഗവർണറുടെ 'ഹിന്ദു' പരാമർശം വിവാദമായതോടെയാണ് രാജ്ഭവന്റെ വിശദീകരണം. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന സംഘപരിവാർ അനുകൂലികളായ മലയാളികളുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക. സംഘടനയുടെ ആർഷദർശന പുരസ്‌കാരം ഇത്തവണ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കായിരുന്നു.