തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനനയത്തിനെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ആഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഗോപകുമാർ മുകുന്ദൻ രംഗത്ത്. തോമസ് ഐസക്കിന്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. സർക്കാരിന്റെ ധനനയത്തെ ഫേസ് ബുക്ക് പോസ്റ്റിലാണ് വിമർശിക്കുന്നത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം. യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം. വിശദാംശങ്ങൾ വേണമെങ്കിലാകാം എന്നും കുറിപ്പിൽ പറയുന്നു. നിലവിലെ ധനമന്ത്രിയായ കെ എൻ ബാലഗോപലിനെ ലക്ഷിമിട്ടാണ് വിമർശനം.

പ്രീതി നഷ്ടപ്പെട്ടെന്ന് ഗവർണ്ണർ പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയാണ് ബാലഗോപാൽ. മുഖ്യമന്ത്രിക്ക് കത്തും നൽകി. എന്നാൽ തനിക്ക് പ്രീതിയുണ്ടെന്നും മാറ്റില്ലെന്നും മുഖ്യമന്ത്രിയും നിലപാട് എടുത്തു. അത്തരത്തിൽ വിവാദത്തിൽ പെട്ട മന്ത്രിയുടെ നയത്തെയാണ് ആദ്യ പിണറായി സർക്കാരിൽ ധനകാര്യം കൈകാര്യം ചെയ്ത തോമസ് ഐസക്കിന്റെ വിശ്വസ്തൻ കുറ്റപ്പെടുത്തുന്നത്. തോമസ് ഐസക്കിന്റെ പ്രീതിയും ബാലഗോപാലിന് നഷ്ടമായി എന്നതിന്റെ വിലയിരുത്തലായി ഇതുയരുന്നുണ്ട്. അതിനിടെ ധനനയം തിരുത്തണമെന്ന ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

തോമസ് ഐസകിന്റെ സ്റ്റാഫ് ആയിരുന്നില്ലേ? പാർട്ടി അംഗത്വം ഉപേക്ഷിച്ചോ? പിണരായി സർക്കാരിനെതിരെ ഫേസ് ബുക്ക് ഘടകത്തിലാണോ പരാതി ഉന്നയിക്കേണ്ടതെന്നും ചിലർ കമന്റിട്ടു. വേണ്ട സ്ഥലത്ത് മറുപടി പറഞ്ഞോളാം എന്നാണ് ഗോപകുമാറിന്റെ വിശദീകരണം. അതിനിടെ സംസ്ഥാനത്ത് ഖജനാവിന്റെ സ്ഥിതി കണക്കിലെടുത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂട്ടി നീട്ടി. കുടത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇതിനിടെയാണ് വിമർശനവുമായി സിപിഎം സർക്കാരിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനും എത്തുന്നത്. കടം വാങ്ങിയാണ് കേരളം മുമ്പോട്ട് പോകുന്നത്. ഇതെല്ലാം ചർച്ചയാക്കുകയാണ് ഈ പോസ്റ്റ്.

സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനം, ഫർണീച്ചർ വാങ്ങൽ എന്നിവയ്ക്കുൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. കോവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശ സമർപ്പിക്കാൻ രണ്ട് വിദഗ്ധ സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ.സിങ്, ആസൂത്രണ ബോർഡംഗം പ്രൊഫ. ആർ.രാമകുമാർ, കോഴിക്കോട് സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജൻ എന്നിവർ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായുള്ള സമിതിയേയുമാണ് ഇതിനായി നിയോഗിച്ചത്.

യഥാസ്ഥിതിക ധനനയമാണ് കേരളത്തിലെ പ്രശ്‌നമെന്ന് നേരത്തെ തോമസ് ഐസക്കും വിശദീകരിച്ചിരുന്നു. 2020ൽ തോമസ് ഐസക് ഉയർത്തിയ അതേ വികാരമാണ് ഇന്ന് ഗോപകുമാർ മുകുന്ദനും ചർച്ചയാക്കുന്നത്. കേരളം കോവിഡിനെ അതിജീവിച്ചു കഴിഞ്ഞോ? ഏറ്റവും ഭീകരമായത് ഇനിയും വരുമോ? ഒരു ഉറപ്പുമില്ല. നമ്മൾ ജാഗ്രത തുടർന്നേപറ്റൂ. ഏറ്റവും വലിയ ജാഗ്രത വേണ്ടത് ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ പുറത്തു നിന്നും വരുന്ന പ്രവാസികളെ ചേർത്തു പിടിക്കുമ്പോഴാണ്. ആ ഘട്ടം വരുന്നേയുള്ളൂ. എങ്ങനെയാണ് സമ്പദ്ഘടനയെ വീണ്ടും ട്രാക്കിലാക്കുക? കൃഷിയിൽ നിന്നും തുടങ്ങണം. പിന്നെ സ്വയംതൊഴിലുകൾ, വ്യവസായങ്ങൾ, ഇടക്കാലതന്ത്രം, ടൂറിസത്തിലെ ദീർഘകാലതന്ത്രം. ഇതിനൊക്കെയുള്ള പണം എങ്ങനെ കണ്ടെത്തും? കേന്ദ്രസഹായം വർദ്ധിപ്പിച്ചേ തീരൂ. കേന്ദ്രം മറ്റു രാജ്യങ്ങൾ ചെയ്യുന്നതു പഠിക്കണം. യാഥാസ്ഥിതിക ധനനയം തൽക്കാലത്തെയ്‌ക്കെങ്കിലും ഉപേക്ഷിക്കാൻ തയ്യാറാകണം.-ഇതായിരുന്നു 2020ൽ തോമസ് ഐസക് നടത്തിയ അഭിപ്രായ പ്രകടനം.

ചില തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ യു ഡി എഫിന് നേട്ടവും എൽ ഡി എഫിന് തിരിച്ചടിയുമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ ്.ഗോപകുമാർ മുകുന്ദന്റെ അഭിപ്രായത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 'വിവരമുള്ളവർക്ക് സർക്കാരിന്റെ പോക്ക് നാശത്തിലേക്കാണ് എന്ന് മനസിലായി തുടങ്ങി .ഇത്തരം പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകും. പാർട്ടി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒറിജിനൽ സഖാക്കൾ പിണറായി മുതലാളിയുടെ പോക്കിൽ കടുത്ത അതൃപ്തിയിലാണ്' എന്നായിരുന്നു ഒരു കമന്റ്.