- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർമാർക്കു തല്ലു കിട്ടേണ്ടതാണെന്നു പ്രസംഗിച്ച കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ കലാപാഹ്വാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; കരുത്തു കാട്ടാൻ ഡോക്ടർമാരുടെ സമരം സ്വകാര്യ ആശുപത്രികളിലേക്കും; ഇന്ന് കേരളത്തിൽ ഒരിടത്തും ഒപിയില്ല; അടിയന്തര സേവനം മാത്രം; ഇ എസ് ഐ ആശുപത്രിയിലെ പിഴവ് ഗൗരവമെന്നും കണ്ടെത്തൽ
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരി ഇടയ്‌ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ(31) വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ സംഭവത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ 2 ഡോക്ടർമാർക്കും 2 സ്റ്റാഫ് നഴ്‌സുമാർക്കും എതിരെ നടപടിക്കു സാധ്യത. ഇതിനിടെ സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ സമരത്തിലാണ്. സമരം പൂർണ്ണമാകുമെന്നാണ് വിലയിരുത്തൽ.
സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. എന്നാൽ, അത്യാഹിതവിഭാഗം പ്രവർത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകൾ നടത്തും. ഡെന്റൽ ക്ലിനിക്കുകൾ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവർത്തിക്കൂ. ഡോക്ടർമാർക്കു തല്ലു കിട്ടേണ്ടതാണെന്നു പ്രസംഗിച്ച കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ കലാപാഹ്വാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവും സെക്രട്ടറി ഡോ. ജോസഫ് ബെനവനും പറഞ്ഞിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇങ്ങനെയൊരു പ്രസംഗം നടത്തിയ ഗണേശ് കുമാറിനു കൂടിയായിരിക്കും. ആശുപത്രി ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന ഹൈക്കോടതിയെ ഗണേശിന്റെ പ്രസ്താവനയെക്കുറിച്ചു ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സമരം കടുപ്പിക്കുന്നത്.
വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർക്കു നേരെയുണ്ടായ വധശ്രമക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തുന്ന സമരമാണ് നടക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണു സമരം. ഐഎംഎയെ കൂടാതെ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയും സമരത്തിൽ പങ്കെടുക്കുന്നു. അതുകൊണ്ട് തന്നെ സർക്കാർ സ്വകാര്യ മേഖലകളിൽ ചികിൽസ മുടങ്ങും.
ഇതിനിടെയാണ് ഇഎസ്‌ഐ ആശുപത്രിയിൽ വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ സംഭവത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ 2 ഡോക്ടർമാർക്കും 2 സ്റ്റാഫ് നഴ്‌സുമാർക്കും എതിരെ നടപടിക്കു സാധ്യതയെന്ന റിപ്പോർട്ടും വരുന്നത്. ആശുപത്രി തലത്തിൽ അന്വേഷണം നടത്തിയ സമിതി വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചു. അസി.മെഡിക്കൽ സൂപ്രണ്ട് ഡോ.സുശീൽകുമാർ മുർമു, അസി.ഡയറക്ടർ (ഫിനാൻസ്) എ.ഹരീഷ്‌കുമാർ, ഡോ.രാജീവ് എന്നിവരടങ്ങിയ അന്വേഷണ സമിതിയാണ് ഇഎസ്‌ഐ കോർപറേഷൻ മെഡിക്കൽ കമ്മിഷണർക്കു റിപ്പോർട്ട് ഇമെയിൽ ചെയ്തത്.
ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത് മതിയായ സൗകര്യമില്ലാതെ ആയിരുന്നുവെന്ന വിവരവും പുറത്തായി. ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയറ്റർ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നതിനാൽ മറ്റൊരു തിയറ്റർ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയാണ് പ്രധാന ശസ്ത്രക്രിയകൾ നടത്തുന്നത്. എന്നാൽ ചിഞ്ചുരാജിന്റെ ശസ്ത്രക്രിയ നടത്തിയത് മറ്റൊരു മൈനർ ഓപ്പറേഷൻ തിയറ്ററിലായിരുന്നു എന്നാണ് സൂചന. സിസേറിയൻ പോലെയുള്ള പ്രധാന ശസ്ത്രക്രിയ നടത്താൻ ഒരു സൗകര്യവുമില്ലാത്ത തിയറ്ററാണിത്.
അണുബാധ ഉണ്ടായതിന്റെ ഒരു കാരണം ഈ സാഹചര്യമാകാം എന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ ഉള്ളിൽ കുടുങ്ങിപ്പോയ സർജിക്കൽ മോപ് നീക്കം ചെയ്തത് സാധാരണ ശസ്ത്രക്രിയ നടത്തുന്ന തിയറ്ററിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നു ചിഞ്ചുരാജിന്റെ വയറിന്റെ എക്‌സ്‌റേ എടുക്കുകയും സ്‌കാൻ ചെയ്യുകയും ചെയ്തപ്പോഴാണ് സർജിക്കൽ മോപ് ഉള്ളിൽ കുടുങ്ങിയത് തിരിച്ചറിയുന്നതും വീണ്ടും ശസ്ത്രക്രിയ നടത്തി ബന്ധുക്കളെ അറിയിക്കാതെ അതു പുറത്തെടുത്തതും.
സ്ഥിതി വഷളായതോടെ ചിഞ്ചുരാജിനെ തിരുവനന്തപുരത്തെ സ്‌പെഷ്യൽറ്റി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ