ന്യൂഡൽഹി: മെഡിക്കൽ ഇൻഷുൻസിനോട് പലരും മുഖം തിരിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. കാലം മാറിയതോടെ, മിക്കവരും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. കോവിഡ് മഹാമാരി കൂടി വന്നതോടെ, കൂടുതൽ പേർ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ തുടങ്ങി. നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാകും പെട്ടെന്ന് രോഗം വരിക. അപ്പോൾ ആശുപത്രി ചെലവിന് നെട്ടോട്ടം ഓടേണ്ടി വരും. തീർച്ചയായും അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ ഇൻഷുറൻസ് വലിയ സഹായം തന്നെയാണ്.

സാധാരണഗതിയിൽ, 24 മണിക്കൂർ ആശുപത്രി വാസമാണ് മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ ഇൻഷുറൻസ് കമ്പനികൾ നിബന്ധന വയ്ക്കാറുള്ളത്. ഡെ കെയർ സ്‌കീമിലുള്ള മെഡിക്കൽ സേവനങ്ങൾ ഈ പരിധിയിൽ പെടുന്നില്ല. എന്നാൽ, സാധാരണ കേസുകളിൽ, ആശുപത്രിയിൽ, ഒരുദിവസമെങ്കിലും കിടത്തി ചികിത്സ ഇല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തള്ളാറാണ് പതിവ്. ഈ പരിപാടി ഇനി നടപ്പില്ല. മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ അവകാശപ്പെടാൻ ആശുപത്രി വാസം ആവശ്യമില്ലെന്ന് വിധിച്ചിരിക്കുകയാണ് വഡോദരയിലെ ഒരു ഉപഭോക്തൃ കോടതി.

ആശുപത്രിയിൽ 24 മണിക്കൂർ അഡ്‌മിറ്റ് ചെയ്തില്ലെങ്കിലും സാരമില്ല, രോഗികൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാം. വഡോദരക്കാരനായ രമേശ് ചന്ദ്ര ജോഷി, നാഷണൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെ 2017 ൽ നൽകിയ ഹർജിയിലാണ് വിധി.

ഉപഭോക്തൃ ഫോറം വിധിയിൽ പറയുന്നത്:

കാലം മാറിയപ്പോൾ പുതിയ സാങ്കേതിക വിദ്യകൾ വന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ വളരെ വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ സൗകര്യങ്ങളുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഉള്ളതുകൊണ്ട് 24 മണിക്കൂർ തികഞ്ഞില്ല, രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല തുടങ്ങിയ കാരണങ്ങളുടെ പേരിൽ ഇൻഷുറൻസ് കമ്പനികൾക്ക് ക്ലെയിമുകൾ നിഷേധിക്കാൻ ആവില്ലെന്നാണ് വഡോദര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

പരാതിക്കാരനായ രമേഷ് ചന്ദ്രജോഷിക്ക് അദ്ദേഹത്തിന് അവകാശപ്പെട്ട 44,468 രൂപ നൽകാനും നാഷണൽ ഇൻഷുറൻസ് കമ്പനിക്ക് കോടതി ഉത്തരവ്  നൽകി. കേസിന്റെ ചെലവായി 2000 രൂപയും, മാനസിക ക്ലേശത്തിന് 3000 രൂപയും പരാതിക്കാരന് നൽകാനും ഉത്തരവിൽ പറയുന്നു.
രമേഷ് ചന്ദ്ര ജോഷിയുടെ ഭാര്യക്ക് 2016 ലാണ് ഡെർമാറ്റോ മയോസാറ്റിസ് രോഗം പിടിപെട്ടത്. അഹമ്മദാബാദിലെ ലൈഫ് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിൽ അവരെ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം പിറ്റേന്ന് ഡിസ്ചാർജ് ചെയ്തു. ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ തുടർച്ചയായി 24 മണിക്കൂർ ആശുപത്രിയിൽ അഡ്‌മിറ്റാക്കിയില്ല എന്ന കാരണം പറഞ്ഞ് ക്ലെയിം നിഷേധിച്ചു.

ഉപഭോക്തൃ കോടതിക്ക് മുമ്പാകെ പരാതിക്കാരൻ തന്റെ കൈയിലുള്ള തെളിവുകളെല്ലാം സമർപ്പിച്ചു. 2016 നവംബർ 24 ന് വൈകിട്ട് 5.38 നാണ് ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 25 ന് വൈകിട്ട് 6.30 ന് ആശുപത്രി വിട്ടു. ഇതിനെ തുടർന്നാണ് കോടതി പരിശോധിച്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.