- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ചിൽ വേനൽമഴയ്ക്ക് സാധ്യത; അതുണ്ടായില്ലെങ്കിൽ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരൾച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തം; പതിവിന് വിപരീതമായി വയനാടും ചുട്ടു പൊള്ളുന്നു; സംസ്ഥാനത്ത് അപകടരമാം വിധം താപനില കൂടുന്നു; ഉച്ചസമയത്തെ വെയിൽ കൊള്ളൽ ഒഴിവാക്കണം; താപനില ഉയരുമ്പോൾ
കൽപ്പറ്റ. കേരളം കൊടുംചൂടിന്റെ പിടിയിലാണ്. മൂന്നാറും വയനാടും വരെ കൊടുംചൂടിൽ. കുംഭച്ചൂടിൽ വെന്തുരുകുന്ന വയനാട് ഭീതിയിലുമാണ്. ഫെബ്രുവരി പകുതിയോടെ ഉയർന്നു തുടങ്ങിയ താപനില ഇതിനകം വലിയ തോതിൽ വർധിച്ചു കഴിഞ്ഞു. ഇതു തന്നെയാണ് ഇടുക്കിയുടേയും അവസ്ഥ. പാലക്കാടും തീ പിടിപ്പിക്കും ചൂടാണ്. ഇനി ചൂട് കൂടുമെന്നാണ് പ്രവചനം. വയനാടിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ കാലങ്ങളിൽ സ്ഥിരമായുള്ള താപനില മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വർധിച്ചതായി കണക്കുകൾ പറയുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുൻ കാലങ്ങളിലേക്കാൾ വേനൽചൂട് ഇത്തവണ കനക്കുമെന്നാണ് നിലവിലെ സാഹചര്യത്തിൽ വിദഗ്ദ്ധർ പറയുന്നത്. കനത്ത താപനിലയിലേക്ക് സംസ്ഥാനം മാറി. വയനാട് ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും കൂടിയ താപനിലയും കഴിഞ്ഞദിവസം രേഖപ്പെടുത്തി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം31. 06 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞദിവസത്തെ താപനില. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണ് വയനാട്ടിൽ അടക്കം കാണുന്നത്.
കഴിഞ്ഞ വർഷങ്ങളിലടക്കം ഫെബ്രുവരി 25 വരെയുള്ള ദിവസങ്ങളിൽ ഇത്രയും താപനില വയനാട്ടിൽ ഉയർന്നിട്ടില്ല. ഫെബ്രുവരിയുടെ ആരംഭത്തിൽ 27 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ജില്ലയിലെ താപനില. എന്നാൽ കഴിഞ്ഞ 10 ദിവസത്തിലേറെയായി ജില്ലയിലെ 30 ഡിഗ്രി സെൽഷ്യസോ അതിന് മുകളിലോ ആണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന താപനില ജില്ലയിൽ രേഖപ്പെടുത്തിയത് മാർച്ചിലായിരുന്നു: 32. 9. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ തന്നെ 31 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ മാർച്ച്,
ഏപ്രിൽ മാസങ്ങളിൽ 33 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കും താപനിലയെത്തിയേക്കും. താപനില നേരത്തേ തന്നെ വർധിച്ചതോടെ കാർഷിക മേഖലയിൽ അതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. കൃഷിയിടങ്ങളിൽ വെള്ളത്തിന്റെ കുറവുണ്ട്. :കേരളത്തിലെ വയനാട് ഒഴികെയുള്ള ഇടങ്ങളിൽ പകൽസമയങ്ങളിൽ പലയിടത്തും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. ഉച്ചസമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഫെബ്രുവരി മാസം അവസാനിക്കും മുൻപ് തന്നെ സംസ്ഥാനത്ത് വേനൽ ചൂടിൽ പൊള്ളുകയാണ് കേരളം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും കഴിഞ്ഞദിവസം 40 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അപകടരമാം വിധം താപനില കൂടുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉച്ചസമയത്ത് തുടർച്ചയായി വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം, നിർജ്ജലീകരണം തടയാൻ കൂടുതൽ വെള്ളം കുടിക്കണം, എന്നീ നിർദ്ദേശങ്ങൾക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.
മാർച്ചിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കിൽ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരൾച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു
മറുനാടന് മലയാളി ബ്യൂറോ