പാലക്കാട്: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് ജോലി നൽകിയതിന് ശേഷം എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി)ന് കഷ്ടകാലമാണ്. ഓഫീസുകളിൽ റെയ്ഡുകൾ പതിവായി. വിജിലൻസിനെയും പൊലീസിനെയും ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ പകപോക്കൽ നടപടികൾ. പിന്നാലെ സ്വർണ്ണക്കടത്തു കേസിൽ ഇ ഡി ക്ക് പരാതിയുമായി എച്ച്ആർഡിഎസ് രംഗത്തുവന്നതോടെ മുഖ്യമന്ത്രി കടുത്ത കലിപ്പിലാണ്. എച്ച്ആർഡിഎസ് എന്ന സ്ഥാപനത്തെ അമ്പേ മുടിക്കുമെന്ന് ശപഥം ചെയ്യുന്ന വിധത്തിലാണ് ഇപ്പോഴത്തെ ഇടപെടലുകൾ. നേരത്തെ എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ മറ്റൊരു കള്ളകേസിലും കുടുക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ വെച്ചു നൽകുന്ന വീട് നിർമ്മാണം നിർത്തിവയ്‌പ്പിച്ചതും. ഇതോടെ ആദിവാസികൾക്ക് ലഭിക്കേണ്ടിയിരുന്ന കിടപ്പാടമാണ് ഇവർ ഇല്ലാതാകുന്നത്. സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി എച്ച്ആർഡിഎസ് രംഗത്തുവന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുന്നതായി എച്ച് ആർ ഡി എസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് പരാതി കൊടുത്ത ശേഷം എച്ച് ആർ ഡി എസ് ഓഫീസുകളിൽ നിരന്തരം റെയ്ഡുകൾ നടക്കുകയാണ്.

അട്ടപ്പാടിയിൽ പണിത വീടുകൾക്ക് യാതൊരു സുരക്ഷ പ്രശ്‌നങ്ങളുമില്ല. 4 വർഷമായി ആദിവാസികൾ പ്രീ ഫാബ് വീടുകളിൽ താമസിക്കുന്നുണ്ട്. അതുകൊണ്ട് വീട് നിർമ്മാണം തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണമെന്നും എച്ച്ആർഡിഎസ് ആവശ്യപ്പെട്ടു. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമ്മിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമ്മാണ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി.

പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമ്മാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. എച്ച്ആർഡിഎസ് നടത്തുന്ന വീട് നിർമ്മാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മീഷനും നിർദേശിച്ചിരുന്നു. അതേസമയം പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമ്മാണം കഴിഞ്ഞ സർക്കാറിന്റെ നയമായി തന്നെ സ്വീകരിച്ച കാര്യമായിരുന്നു. എന്നാല്, ഇപ്പോൾ പകപോക്കാൻ വേണ്ടി ഇതിനെ തെറ്റായ നടപടിയായും വിശദീകരിക്കുന്നു.

എച്ച്ആർഡിഎസിന്റെ സദ്ഗൃഹ പദ്ധതി പ്രകാരം അട്ടപ്പാടിയിൽ 192 വീടുകൾ ഇതിനോടകം അട്ടപ്പാടിയിൽ നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട്. ദേശീയ ഗെയിംസിന്റെയും ഏഷ്യൻ ഗെയിംസിന്റെയും വില്ലേജകൾ നിർമ്മിച്ചതും ഈ ടെക്‌നോളജി ഉപയോഗിച്ചായിരുന്നു. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോൾ പ്രീഫാബ് ടെക്‌നോളജിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചതും. മലപ്പുറത്ത് ഇത്തരം വീടുകൾ നിർമ്മിക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി തന്നെ ആരാഞ്ഞതായി എച്ച്ആർഡിഎസ് ചൂണ്ടിക്കാടുന്നു.

ഇതൊക്കെയാണ് യാഥാർഥ്യം എന്നിരിക്കേയാണ് ഭൂപ്രകൃതിക്ക് അനുയോജ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒറ്റക്കാലം സബ് കലക്ടർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും അടച്ചുറപ്പുള്ള വീട്ടിൽ കഴിയാനുള്ള സാധാരണ പൗരന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അട്ടപ്പാടിയിൽ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാതെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസിനെതിരെ നടപടി എടുക്കുകയാണെന്നും അജി കൃഷ്ണൻ കുറ്റപ്പെടുത്തി. എച്ച്ആർഡിഎസിന്റെ അട്ടപ്പാടിയിലെ സാന്നിധ്യം തടയാൻ വേണ്ടി ഈ അഴിമതിക്കാർ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

അട്ടപ്പാടിയിൽ വിലക്കേർപ്പെടുത്തിയത് ഉൾപ്പടെ രണ്ട് ഫാമിങ് സൊസൈറ്റിളുടെ ചെയർമാനായി ജില്ലാ കലക്ടർ പ്രവർത്തിക്കുന്നുണ്ട്. ആദിവാസികളുടെ പെരിന്തൽമണ്ണയിലെ കോ ഓപ്പറേറ്റീവ് ബാങ്കിൽ പണയം വെച്ച് 19 കോടി രൂപ ലോൺ എടുക്കുയുണ്ടായി. ലോൺ തിരികെ അടക്കാതെ വന്നപ്പോൾ ഈടു നൽകിയിരുന്ന ആദിവാസികളുടെ ഭൂമി ജപ്തി നടപടികളിലേക്ക് കടക്കുന്ന അവസ്ഥയും ഉണ്ടായി. ഒടുവിൽ ഐ.റ്റി.ഡി.പിയിൽ മറ്റ് പ്രൊജക്ടുകൾ അനുവദിച്ചിരുന്ന ഫണ്ട് ഉപയോഗിച്ച് ലോൺ അടച്ചും ഉദ്യോഗസ്ഥർ തടിതപ്പുകയാണ് ഉണ്ടായത്. ലോൺ എടുത്ത 19 കോടിക്ക് എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയാത്ത അവസ്ഥയിലുമായി. ഇതരസംസ്ഥാനക്കാരായ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മലയാള ഭാഷാപരജ്ഞാനം ഇല്ലാത്തതിനാൽ കൃത്യതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതിനാൽ കീഴുദ്യോഗസ്ഥർ നൽകുന്ന തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും തീരുമാനങ്ങൾ ഉണ്ടാകുന്നത്. സൊസൈറ്റികളുടെ പേരിൽ നടന്നിട്ടുള്ള ഫണ്ട് തിരിമറികളും അഴിമതിയും സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അജികൃഷ്ണൻ ആവശ്യപ്പെട്ടു.

നാളിതുവരെ അട്ടപ്പാടിയിൽ ആദിവാസികൾക്ക് വേണ്ടി അനുവദിച്ച 100 കണക്കിന് കോടി അവരിലേക്ക് എത്തേതാതെ തട്ടിയെടുക്കുകയും ദുർവിനിയോഗം ചെയ്യുകയും ചെയ്ത ഐ.റ്റി.ഡി.പിയിലേയും പട്ടികവർഗ്ഗ വകുപ്പിലേതുമടക്കം മറ്റുവകുപ്പിലെയും ഉദ്യോഗ്സ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അജി കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. എച്ചആർഡിഎസിനെ പോലെ സമൂഹത്തിന് നന്മ ചെയ്യുന്ന സംഘടനകളുടെ പ്രവർത്തനം തടപ്പെടുത്തുകയല്ല വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ട്രൈബൽ വകുപ്പു മന്ത്രി എന്നിവർക്ക് പരാതി നൽകുന്നതിലും ജില്ലാ കലക്ടറടുെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും അജി കൃഷ്ണൻ അറിയിച്ചു.

നേരത്തെ എച്ച്ആർഡിഎസിന്റെ സാമ്പത്തിക ഉറവിടം അടക്കം പരിശോധിക്കാൻ വിജിലൻസ് റെയ്ഡു നടന്നിരുന്നു. എച്ച്ആർഡിഎസിന് എവിടെനിന്നാണ് പണം വരുന്നത്. അത് എങ്ങനെ വിനിയോഗിച്ചു, ഏതൊക്കെ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നതൊക്കെ പരിശോധിക്കും. സ്വപ്ന സുരേഷിന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അന്വേഷണം എച്ച്ആർഡിഎസിനെതിരെ ഉണ്ടായിരുന്നു. ചില കേസുകളിൽ എച്ച്ആർഡിഎസ് കേന്ദ്രീകരിച്ച് ആസൂത്രണം നടന്നതായ വിവരങ്ങളും വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലൻസ് വിശദമായ പരിശോധന നടത്തുന്നത്.