തിരുവനന്തപുരം: മുൻധാരണയില്ലാത്ത സർക്കാറിന്റെ പലപ്രവൃത്തികളുടെയും ഭവിഷ്യത്ത് ഒടുവിൽ അനുഭവിക്കേണ്ടത് പാവം ജനങ്ങൾ തന്നെയാണ്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹയർസെക്കന്റി ജൂനിയർ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരോടുള്ള നടപടി. ഒഴിവിൽ കൂടുതൽ അദ്ധ്യാപകുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ച 31 നാണ് 67 അദ്ധ്യാപകരെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറങ്ങിയത്.അതും പരമാവധി ബുദ്ധിമുട്ടിച്ചാണ് അദ്ധ്യാപകരെ പിരിച്ചുവിട്ടതെന്ന് മറ്റൊരുവശം.സർക്കാറിന്റെ നടപടിയിൽ പ്രതിഷേധവും വ്യാപകമാണ്.

വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളായിരുന്നു നാളിതുവരെ ഹയർസെക്കന്ററി വകുപ്പിന് നാണക്കേട് എങ്കിൽ ഇപ്പോൾ അദ്ധ്യാപകരോടുള്ള നീതികേടാണ് ചർച്ചയാകുന്നത്. അദ്ധ്യാപകരെ നിയമിച്ചതിന് ശേഷമാണ് ഒഴിവുകൾ പരിശോധിച്ചത് എന്ന വസ്തുത ഉണ്ടാക്കുന്ന ഞെട്ടൽ ചെറുതല്ല.ഒരൊറ്റ വാക്കിൽ അധികൃതർക്ക് ഈ വിഷയത്തെ ഒതുക്കാമെങ്കിലും ഇതനുഭവിക്കുന്നവരുടെ മാനസീകാവസ്ഥ ഇവർക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.കാരണം ഒരു സർക്കാർ ജോലി കിട്ടി പ്രതീക്ഷയോടെ ജീവിതത്തെ കണ്ടു തുടങ്ങുമ്പോഴാണ് ഓർക്കാപ്പുറത്തെ തിരിച്ചടി.

ഇംഗ്ലീഷ് പഠിപ്പിക്കുന്ന 67 ജൂനിയർ അദ്ധ്യാപകരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഒരുത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരിക്കയാണ്.7 മുതൽ 14 വരെ പീരീഡ് വർക്ക് ലോഡില്ലാത്ത സൂപ്പർ ന്യൂമററി തസ്തികകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ 1958ലെ കെഎസ്ആർ ഭാഗം 11 ചട്ടം 7 പ്രകാരം പിരിച്ചുവിടുന്ന ഉത്തരവ്.അർഹമായ യോഗ്യതകൾ നേടി മത്സരപരീക്ഷകളിൽ വിജയിച്ച് പി. എസ്. സി തിരഞ്ഞെടുത്ത് 2021 മുതൽ ജോലിയിൽ പ്രവേശിച്ചവരും സേവനം റെഗുലറൈസ് ചെയ്യപ്പെട്ടവരുമായ അദ്ധ്യാപകരെയാണ് 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ 2023 മാർച്ച് 31ന് ഇറക്കിയ ഈ ഉത്തരവിലൂടെ സ്ഥാനഭ്രഷ്ടരാക്കിയിരിക്കുന്നത്.

പക്ഷെ ഇവർക്ക് കൊടുത്തപണി ഇതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല.ഇതിന് രണ്ടു ദിവസം മുമ്പാണ്, അതായത് മാർച്ച് 29 നാണ് ഈ അദ്ധ്യാപകരെ മുഴുവൻ നിലവിലുള്ള സ്‌കൂളുകളിൽ നിന്ന് സ്ഥലംമാറ്റി മറ്റു ചില സ്‌കൂളുകളിൽ പോയി 31 നുതന്നെ ചേരാനുള്ള സ്ഥലംമാറ്റ ഉത്തരവ് വന്നത്.അതായത് മതിയായ വർക്ക് ലോഡുള്ള സ്‌കൂളുകളിലേക്ക് സീനിയർ ഹാൻഡ്സ് ആയ അദ്ധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്.ഇതിനുമുമ്പ് ഈ ചേരേണ്ട സ്ഥലത്തുള്ള ജൂനിയർ അദ്ധ്യാപക പോസ്റ്റുകൾ സൂപ്പർ ന്യൂമററിയായി അവർ പ്രഖ്യാപിച്ചിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.

പരീക്ഷാ ഡ്യൂട്ടിക്കിടയിലായിട്ടുപോലും ഏറെ ബുദ്ധിമുട്ടു സഹിച്ച് അവസാന അദ്ധ്യയന ദിവസമായ 31 നുതന്നെ, മാറ്റിയ സ്ഥലത്ത് ഹാജരായി ജോയിൻ ചെയ്യാനുള്ള ബാധ്യത തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള, തലങ്ങും വിലങ്ങും മാറ്റപ്പെട്ട, എല്ലാ ബന്ധപ്പെട്ട അദ്ധ്യാപകർക്കും വന്നു ചേർന്നു. ഉറക്കമൊഴിച്ച് യാത്ര ചെയ്തും സ്പെഷൽ വാഹനങ്ങളെടുത്തും അവർ എങ്ങിനെയൊക്കെയോ പുതിയ സ്ഥലത്തെത്തി ജോലിക്ക് ചേർന്നു.അതേ ദിവസം വൈകുന്നേരമാണ് സൂപ്പർ ന്യൂമററി തസ്തികകൾ (അതായത് അവർ അന്നു രാവിലെ പുതുതായി ചേർന്ന തസ്തികകൾ) മുഴുവൻ റദ്ദാക്കിയും, അദ്ധ്യാപകരെ പിരിച്ചുവിട്ടുമുള്ള ഉത്തരവ് അവിചാരിതമായി ഷോക്കേല്പിക്കുന്ന ആഘാതമായി അവരുടെ മേൽ പതിക്കുന്നത്.

വേണമെന്ന് വച്ചാൽ അതായത് സർക്കാറിന് പ്രത്യേക താൽപ്പര്യമുണ്ടെങ്കിൽ ഏത് കാര്യവും വേഗത്തിൽ നടക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.കാരണം ആദ്യ ഉത്തരവ് വരുന്നത് കേവലം മാർച്ച് 2 നാണ്.അവിടുന്ന് കൃത്യം പറഞ്ഞാൽ 29 ദിവസങ്ങൾക്കുള്ളിലാണ് 67പേരെ പുറത്താക്കി ഉത്തരവ് ഇറങ്ങിയത്.ജോലിഭാരത്തിന്റെ കാര്യത്തിൽ ഓരോ അദ്ധ്യാപകർ കൈകാര്യം ചെയ്യേണ്ട മിനിമം പീരിയഡുകളുടെ എണ്ണം ഏഴായി മാനദണ്ഡം പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദിഷ്ട ഒഴിവുകളെക്കാൾ എണ്ണത്തിൽ കൂടുതൽ അദ്ധ്യാപകർ വന്നതത്രെ. വിചിത്രമായ സംഗതി, ഒഴിവുകളുടെ എണ്ണം കണക്കാക്കിയത് നിയമനം നടത്തിയതിനുശേഷമാണ് എന്നതാണ്.

എയിഡഡ് സ്ഥാപനങ്ങളിൽ പ്രത്യേകിച്ച് എൽ.പി, യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിൽ മുമ്പ് ഇതേപോലെ സൂപ്പർ ന്യൂമററി അദ്ധ്യാപകർ ഉണ്ടായപ്പോൾ അവരെയെല്ലാം പെൻഷൻകാലം വരെയും സംരക്ഷിക്കാനാണ് ഡിപ്പാർട്ട്മെന്റ് ഉത്തരവുകളിറക്കിയിരുന്നത്; പിരിച്ചുവിടാനല്ല. സ്വകാര്യ മാനേജ്മെന്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങി നിയമിച്ച അദ്ധ്യാപകർ പോലും ഇങ്ങനെ സംരക്ഷിക്കപ്പെടുകയും സർക്കാർ മേഖലയിലേക്ക് അവരെ പുനരധിവസിപ്പിച്ച് ഒഴിവുകൾ നികത്തുകയും ചെയ്ത ചരിത്രം കേരളത്തിനുണ്ട്.അ കേരളത്തിലാണ് ഇന്ന് ഈ ന്യായീകരണമില്ലാത്ത നടപടി.

ഹയർ സെക്കണ്ടറികളിലായാലും എയ്ഡഡ് സ്‌കൂളുകളിൽ ഏഴു പീര്യഡുകളിൽ താഴെ ജോലിയുള്ള ജൂനിയർമാർ ഇപ്പോഴും തടസ്സങ്ങളിലാതെ തുടരുന്നുമുണ്ടത്രെ. ഈ കീഴ്‌വഴക്കമുണ്ടായിരിക്കെ, ഇപ്പോളെന്തിനാണ് നിയമപരമായി സാധുവായ മാർഗ്ഗങ്ങളിലൂടെ ജോലിയിൽ പ്രവേശിച്ച് സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ചുപോന്ന ജൂനിയർ അദ്ധ്യാപകരെ മാത്രം പിരിച്ചുവിടാൻ ഉത്തരവിറക്കിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്്. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം പി.എസ്.സി വഴി കിട്ടിയ നിയമനം ഇങ്ങനെ റദ്ദായിപ്പോയാൽ പ്രായക്കൂടുതൽ കാരണം മത്സരപ്പരീക്ഷകളെഴുതാൻ ഇക്കൂട്ടത്തിൽ മിക്കവർക്കും ഇനി അവസരമുണ്ടാവില്ല എന്നതും ഗുരുതര പ്രശ്നമാണ്.

അദ്ധ്യാപകരുടെ അവകാശങ്ങളോ വ്യക്തികൾ എന്ന നിലയിലുള്ള അവരുടെ കേവലമായ അഭിമാനമോ അന്തസ്സോ ഒന്നും മാനിക്കാത്ത ഹീനമായ ഒരു നടപടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപവും ശക്തമാണ്.ഇത്രയധികം ആളുകളെ പിരിച്ചുവിട്ട്, തുടർന്ന് ക്ലാസ് നടത്താൻ വേണമെങ്കിൽ ഗസ്റ്റ് ടീച്ചർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ വകുപ്പിന് വിരോധമില്ല. ഗസ്റ്റ് ടീച്ചർമാർ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. സ്ഥിരനിയമനം ലഭിച്ചവരെ ഒഴിവാക്കി അവിടെ ഗസ്റ്റുകളെ കുടിയിരുത്താൻ ശ്രമിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ് സാമ്പത്തിക ലാഭമാണോയെന്നും ഇവർ ചോദിക്കുന്നുണ്ട്.

പിരിച്ചുവിടപ്പെട്ട അദ്ധ്യാപകരുടെ വീഴ്‌ച്ചയല്ല നടപടിക്ക് പിന്നിലെന്ന് പകൽപോലെ വ്യക്തമാണ്.കഷ്ടപ്പെട്ടു പഠിച്ച് മത്സരപ്പരീക്ഷകളുടെ കടമ്പകൾ കടന്ന്, കോവിഡ് കാലത്തെ നിയമന നിരോധ കാലവും പിന്നിട്ടാണ് നിയമനം ലഭിച്ചത്.പിന്നീട് അവരെ ചട്ടപ്രകാരം റഗുലറൈസ് ചെയ്തിട്ടുമുണ്ട്.അവരെ റിക്രൂട്ട് ചെയ്തത് സൂപ്പർ ന്യൂമററി ഒഴിവുകളിലേക്കല്ല താനും.ആർക്കും ജോലിഭാരക്കുറവ് ഒന്നും ഉണ്ടായില്ല താനും.പിന്നെന്തിനാണ് അസാമാന്യമായ ധൃതി പിടിച്ചുള്ള നാടകീയമായ ഈ സ്ഥലം മാറ്റവും പിരിച്ചുവിടലും എന്നാണ് ഈ അദ്ധ്യാപകർ ചോദിക്കുന്നത്.