- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാക്കളേ, കുന്നിടിച്ചു റിസോർട്ട്... കൂട്ടിനു മമ്പറം ദിവാകരൻ.... രക്തസാക്ഷികൾ സിന്ദാബാദ്'; ചെന്താരകം പൊടി തട്ടിയെടുക്കുന്നത് മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തി നിർമ്മിച്ച പഴയ വിവാദം; സ്വപ്നയും മകനും തമ്മിലെ ചിത്രം പുറത്തു വന്നപ്പോൾ ചർച്ചയായത് സ്വർണ്ണ കടത്ത് ബന്ധം; കോടിയേരി മാറി എംവി ഗോവിന്ദൻ എത്തുമ്പോൾ വീണ്ടും പിജെ; ആ റിസോർട്ടിൽ ഇപിയുടെ ഭാര്യയും ഡയറക്ടർ; കമ്പനിയിൽ ഇന്ദിര എത്തിയത് 2021ൽ; ഇപിക്ക് കഷ്ടകാലമോ?
കണ്ണൂർ: മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം പോലും ഉയർന്നിരുന്നു. 2021ലായിരുന്നു ഉദ്ഘാടനം. കുന്നിടിച്ചുനിരത്തിയതിന്റെ പേരിൽ ഏറെനാൾ വിവാദത്തിലായ റിസോർട്ട് ഇ.പി.ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. അന്ന് കോൺഗ്രസിൽ കെ.സുധാകരൻ എംപിയുടെ എതിർപക്ഷത്തുനിൽക്കുന്ന കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനെയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചു. 2016ൽ ധർമടത്തു പിണറായി വിജയന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന മമ്പറം ദിവാകരനെ ഉദ്ഘാടനത്തിനു ക്ഷണിച്ചതിനു പിന്നിലും രാഷ്ട്രീയം കാണുന്നവരുണ്ട്. പിന്നീട് മമ്പറം കോൺഗ്രസിൽ വിമതനായി. പുറത്താവുകയും ചെയ്തു.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ എത്തുമ്പോൾ വീണ്ടും ഈ റിസോർട്ട് ചർച്ചകളിലേക്ക് എത്തുകയാണ്. ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചു. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കണ്ണൂരിലെ റിസോർട്ട് വീണ്ടും വിവാദ ചർച്ചാ കേന്ദ്രമാകുന്നു.
മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമ്മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമ്മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്കു പരാതി നൽകുകയും ചെയ്തിരുന്നു. ആന്തൂർ നഗരസഭയുടെ കെട്ടിടനിർമ്മാണ അനുമതിയുടെ അടിസ്ഥാനത്തിലാണു നിർമ്മാണം തുടങ്ങിയതെന്നും, ഖനനം നടത്തുന്ന മണ്ണ് അവിടെത്തന്നെ നിരത്തുകയാണെന്നുമായിരുന്നു കലക്ടർക്കു ലഭിച്ച അന്വേഷണ റിപ്പോർട്ട്. എന്നാൽ തുടർപരാതികളുണ്ടായില്ല. ഈ വിഷയമാണ് വീണ്ടും പി ജയരാജൻ ചർച്ചയാക്കിയത്. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ കൺവൻഷൻ സെന്ററിനു നിസ്സാര പിഴവുകൾ നിരത്തി അന്തിമാനുമതി നിഷേധിച്ച ആന്തൂർ നഗരസഭയാണു കുന്നിടിച്ചു നിർമ്മിച്ച റിസോർട്ടിന് അനുമതി നൽകിയത്.
സംസ്ഥാനം തിരഞ്ഞെടുപ്പു തിരക്കിൽ മുഴുകിയ സമയത്ത് നഗരസഭയിൽ നിന്നുള്ള മുഴുവൻ അനുമതിയും റിസോർട്ട് ഉടമകൾ വാങ്ങിയെടുത്തു. 2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ ജയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള അന്നത്തെ ഡയറക്ടർ. സിപിഎമ്മിന്റെ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമ്മിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമ്മാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. സ്വർണ്ണ കടത്തുമായും ബന്ധപ്പെട്ടും ആരോപണം ഉയർന്നു.
സ്വപ്നാ സുരേഷുമായി ചേർന്ന് നിൽക്കുന്നത് ജയരാജന്റെ മകനാണെന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിരുന്നു. ലൈഫ് മിഷനിൽ മന്ത്രി പുത്രനും കമ്മീഷൻ കിട്ടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ സാധൂകരിക്കും വിധമാണ് ചിത്രം പ്രചരിച്ചത്. ചിത്രം അത്ര വ്യക്തമല്ല. ഈ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളും തയ്യാറുമല്ല. അതുകൊണ്ട് തന്നെ ആ വിവാദം ഒഴിഞ്ഞു പോയി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി അന്ന്ത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ഇത് ശരിയുമാണ്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്‌സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.
സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്‌സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. 2014 മുതൽ ജയ്സൺ കമ്പനിയിൽ ഡയറക്ടറാണ്. 2021ലാണ് അമ്മ ഇന്ദിരയും ഡയറക്ടർ ബോർഡിലെത്തി. ഇതിന് പിന്നാലെ തന്നെ പാർട്ടിയിൽ വീണ്ടും രഹസ്യമായി ഈ ചർച്ച ഉയർന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് നിന്ന ഇപിക്കെതിരെ ആരും മിണ്ടിയില്ല. കോടിയേരിയുടെ മരണത്തോടെ സമവാക്യങ്ങൾ മാറി. എംവി ഗോവിന്ദൻ സെക്രട്ടറിയായി. പിന്നാലെ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലും മാറ്റമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇപിക്കെതിരെ പിജെ എത്തുന്നതെന്നും ശ്രദ്ധേയമാണ്.
കണ്ണൂർ ജില്ലയിലെ ആയൂർവേദ റിസോർട്ടിന്റെ പേരിലാണ് പി.ജയരാജൻ രണ്ടു ദിവസം മുൻപ് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന്റെ ഭാര്യയും മകനും ഉടമകളായ കമ്പനി റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി.ജയരാജൻ ആരോപിച്ചു. പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴാണ് പി.ജയരാജൻ ആരോപണം ഉന്നയിച്ചത്. റിസോർട്ട് നിർമ്മാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി. ആരോപണം നേതൃത്വത്തെ ഞെട്ടിച്ചു. ഗുരുതരമായ ആരോപണമാണെന്നും എഴുതി തന്നാൽ പരിശോധിക്കാമെന്നും പാർട്ടി സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞു. എഴുതി നൽകാമെന്ന് പി.ജയരാജനും പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായി മുതിർന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. ഏറെ നാളായി പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണ് പി.ജയരാജൻ. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിയമിക്കുകയാണ് ചെയ്തത്. ഏറെ നാളായി ഇ.പി.ജയരാജനും പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് അവധിയെടുത്ത് മാറി നിൽക്കുകയാണ്. എൽഡിഎഫ് സംഘടിപ്പിച്ച പല പ്രധാന പരിപാടികളിലും ഇ.പി.ജയരാജൻ പങ്കെടുത്തിരുന്നില്ല.
2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ ജയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റെ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമ്മിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമ്മാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമ്മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമ്മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്കു പരാതി നൽകുകയും ചെയ്തിരുന്നു.
മമ്പറം ദിവാകരനെയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ മാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്ററുകളാണു കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്. 'സഖാക്കളേ, കുന്നിടിച്ചു റിസോർട്ട്, കൂട്ടിനു മമ്പറം ദിവാകരൻ, രക്തസാക്ഷികൾ സിന്ദാബാദ്' തുടങ്ങിയ വാചകങ്ങളുള്ള പോസ്റ്ററുകളും പതിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ