- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനും പൊന്നൊരു ചുണക്കുട്ടി; കുട്ടിക്കാലത്തെ, വന്യമൃഗങ്ങളെ വരുതിയിലാക്കാൻ കേമൻ; മൂർഖനോ, രാജവെമ്പാലയോ, ആനയോ, പുലിയോ കടുവയോ, ഏതുവന്യജീവിയുടെ ആക്രമണവും ആകട്ടെ, നാട്ടുകാർക്ക് തുണയാകുന്ന സാഹസികൻ; മരണത്തിലും സ്റ്റീവ് ഇർവിനെ ഓർമ്മിപ്പിച്ച് ഹുസൈൻ കൽപ്പൂര് യാത്രയായപ്പോൾ
തൃശൂർ: പാലപ്പിള്ളിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടാനകളെ, കുങ്കിയാനകളെ വച്ച് തുരത്തിയെങ്കിലും, തീരാവേദനയാകുകയാണ് 12 അംഗ സംഘത്തിലെ ഹുസൈൻ കൽപ്പൂരിന്റെ മരണം. സെപ്റ്റംബർ നാലിനാണ് കാട്ടാന ആക്രമണത്തിൽ ഹുസൈന് പരുക്കേറ്റത്. ഒരാഴ്‌ച്ചയിലേറെയായി ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമായി. ആദ്യം ഹുസൈനെ തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ ബുധനാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളാകുകയും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നാട്ടിലെത്തിക്കുന്ന ഹുസൈന്റെ ഭൗതികദേഹം കൂടരഞ്ഞിയിലെ ടി.ഒ.എം.എസ്. ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.
വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയായിരുന്നു ഹുസൈൻ. പാലപ്പിള്ളിയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് കുങ്കിയാനകളെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. കുങ്കിയാനകളെ ഒരിടത്ത് തളച്ച ശേഷം പരിശോധന നടത്തുമ്പോൾ തൊട്ടടുത്ത തോട്ടത്തിൽനിന്ന് പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നു. ഹുസൈനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോൾ ഗുരുതര പരിക്കേറ്റു.
കോഴിക്കോട് മുക്കം സ്വദേശിയായ ഹുസൈന്റെ മരണം തീരാനഷ്ടമാവുന്നത് ഒരു കുടുംബത്തിന് മാത്രമല്ല, നാടിനാകെ തന്നെയാണ്. രണ്ടുകുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഒരുനിമിഷം കൊണ്ട് ഇല്ലാതായത്. വന്യമൃഗങ്ങളോട് ഇണങ്ങി പോരുന്ന സ്വഭാവമായിരുന്നു കുഞ്ഞുന്നാൾ മുതല ഹുസൈന്. മൂർഖനോ, രാജവെമ്പാലയോ ഏതുമാകട്ടെ, വാവ സുരേഷിനെ പോലെ ചുണക്കുട്ടിയായി വരുതിയിലാക്കാൻ സവിശേഷമായ കഴിവ്. വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ഭാഗമാകും മുമ്പേ വനപാലകരുടെ കൂട്ടുകാരൻ. ഏഴുവർഷം മുൻപാണ് റാപ്പിഡ് റെസ്പോൺസ് ടീമംഗമായി ഹുസൈൻ വയനാട്ടിൽ ജോലിയിൽ ചേർന്നത്.
തന്റെ കൊച്ചുകുടുംബത്തിന് സ്വന്തമായി ഒരുവീടെന്ന സ്വപ്‌നം അവശേഷിപ്പിച്ചാണ് ഹുസൈൻ കടന്നുപോകുന്നത്. വാട്ക വീട് പുതുക്കി പണിയുന്നതിന്റെ തിരക്കുകൾക്കിടയിലാണ് ദുരന്തം സംഭവിച്ചത്. പണികൾ മറ്റാരെയും ഏൽപ്പിക്കാതെ സ്വന്തമായി ചെയ്യുന്ന ശീലക്കാരനുമായിരുന്നു.ഹൈറേഞ്ചിലെ സന്നദ്ധസംഘടനയായ 'എന്റെ മുക്കത്തിന്റെയും' സജീവ പ്രവർത്തകനായിരുന്നു ഹുസൈൻ.
ഹുസൈന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം
പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച റാപ്പിഡ് റെസ്പോൺസ് ടീം അംഗം ഹുസൈന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. നാളെ മന്ത്രി നേരിട്ടെത്തി അഞ്ച് ലക്ഷം രൂപ കുടുംബത്തിന് കൈമാറും. ബാക്കി തുക വൈകാതെ നൽകും. ഇതുവരെയുള്ള ആശുപത്രി ചെലവ് സർക്കാർ വഹിക്കും. ആശുപത്രിയിൽ ചെലവായ തുകയിൽ കുറച്ച് തുക ഇന്ന് തന്നെ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സുഹൃത്തായ അബ്ദുൾ സലിം ഇ.കെയുടെ ഹൃദയസ്പർശിയായ കുറിപ്പ് കൂടി വായിക്കാം:
മരണത്തിലും സ്റ്റീവ് ഇർവിനെ ഓർമ്മിപ്പിച്ച് കൊണ്ട് ഹുസൈൻ കൽപ്പൂര് യാത്രയായി ...
വർഷങ്ങൾക്കു മുമ്പ് മുക്കം ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് കാട്ടുപന്നി കിണറ്റിൽ വീണു എന്ന് ഫോറസ്റ്റ് അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് ഞങ്ങൾ തോട്ടുമുക്കം എന്ന സ്ഥലത്ത് എത്തുന്നത്.
കാട്ടുപന്നിയുടെ ശല്യം സ്ഥിരമായുള്ള പ്രദേശമായതുകൊണ്ട് നാട്ടുകാർ ഫോറസ്റ്റുകാർക്കെതിരെ പ്രതിഷേധത്തിലാണ്. ഈ വിവരം സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് ഞങ്ങൾ അറിയുന്നത്. ഞങ്ങളുടെ രക്ഷാ ഉപകരണങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലുള്ള വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധന്റെ സേവനം ഇതായിരുന്നു പദ്ധതി. വാഹനത്തിൽ നിന്നിറങ്ങി ഫോറസ്റ്റ് അധികൃതരുമായി സംസാരിച്ച്‌സുരക്ഷാ ഉപകരണങ്ങൾ സെറ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ വിദഗ്ദ്ധനെ അന്വേഷിച്ചു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് മീശ കിളിർത്തുവരുന്ന ഒരു പയ്യൻ ഞങ്ങൾക്കരികിലേക്ക് എത്തി. ഇത് ഹുസൈൻ നിങ്ങളുടെ നാട്ടുകാരൻ തന്നെ. അവിടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഞങ്ങളെ പരിചയപ്പെടുത്തി. അന്നാണ് ഹുസൈനെ ആദ്യമായി കാണുന്നത്.
കോൾ കഴിഞ്ഞ് തിരികെ പോരുമ്പോൾ ഹുസൈനുമായി സംസാരിച്ചു, അപ്പോഴാണ് അറിയുന്നത് ഹുസൈൻ ഒരു സ്‌നേക്ക് റസ്‌ക്യുവർ കൂടിയാണെന്ന്. ഇന്നത്തെ പോലെ നാട്ടിൽ സ്‌നേക്ക് റെസ്‌ക്യുവർമാരുടെ സേവനം അധികമൊന്നും ഇല്ലാത്ത കാലം ഉടൻ തന്നെ ഹുസൈന്റെ ഫോൺ നമ്പർ വാങ്ങി. അന്ന് തുടങ്ങിയതാണ് ഹുസൈനുയുള്ള സൗഹൃദം. സ്റ്റേഷനിൽ എത്തിയ ഉടനെ ഹുസൈന്റെ ഫോൺ നമ്പർ സ്റ്റേഷനിലെ എമർജൻസി ഫോൺ നമ്പറുകളുടെ കൂട്ടത്തിൽ എഴുതി ചേർത്തു. പിന്നീട് പലവട്ടം പല ആവശ്യങ്ങൾക്ക് ഈ നമ്പർ ഉപയോഗപ്പെടുത്തി.
ഹുസൈനെ വിളിക്കുമ്പോഴൊക്കെ ഒരു സഹോദരനോടെന്ന പോലെ പറയും, ശ്രദ്ധിക്കണം കൈവിട്ട കളിയാണ്. ഇത് പറയുമ്പോഴൊക്കെ ഹുസൈൻ ചിരിച്ചുകൊണ്ട് തിരിച്ചു ചോദിക്കും തീപിടുത്തം ഉണ്ടാവുമ്പോൾ, രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഒക്കെ അപകട സാധ്യതയില്ലേ ? മറ്റുള്ളവർക്ക് പേടി ഉണ്ടാവുമെങ്കിലും നിങ്ങൾക്കത് ചെയ്തല്ലേ പറ്റൂ.
ഒരിക്കൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ശല്യം ചെയ്ത ആനയെ പടക്കം എറിഞ്ഞു പേടിപ്പിച്ച് ഓടിക്കുന്നതിനിടയിൽ പടക്കം കൈയിൽ നിന്ന് പൊട്ടി ഹുസൈന് പരിക്കേറ്റിരുന്നു. ഈ പത്രവാർത്ത കണ്ടാണ് ഹുസൈനെ വിളിച്ചത്. പക്ഷേ ഹുസൈന് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമാണ് അവന്റെ മേലുദ്യോഗസ്ഥന്മാരുടെയും സഹപ്രവർത്തകരുടെയും സ്‌നേഹം കരുതലും എന്താണെന്ന് മനസ്സിലായത്
ഈ പരിക്കുപറ്റി കിടന്നപ്പോഴാണ്, ഞാനെന്തായാലും കൂടുതൽ ആത്മവിശ്വാസത്തോടെ ഇനി ഈ തൊഴിൽ ചെയ്യും.
ഇടയ്ക്ക് ഒരിക്കൽ എന്തോ ആവശ്യത്തിന് വിളിച്ചപ്പോൾ വയനാട്ടിൽ ആണെന്നും സാറിന്റെ സുഹൃത്തായ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ കൂടെയാണെന്നും ഹുസൈൻ അറിയിച്ചു. എന്തെങ്കിലും സേവനങ്ങൾ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ അവന്റെ ഒരു സുഹൃത്തിന്റെ നമ്പറും ഹുസൈൻ തന്നു.
ഉടനെ മുക്കം ഹൈസ്‌കൂളിലെ എന്റെ സഹപാഠി കൂടിയായ ഡോ.അരുൺ സക്കറിയയെ വിളിച്ചു. അരുണിന് ഹുസൈനെ കുറിച്ച് പറയാൻ നൂറു നാക്ക്. ഇടയ്ക്ക് കാണുമ്പോഴൊക്കെ അരുണിനു പറയാനുണ്ടാവുക ഹുസൈന്റെ സാഹസിക കൃത്യങ്ങളെക്കുറിച്ചാണ്. ഇടക്ക് അരുണിനെ പുലി ആക്രമിച്ച വിവരവും വാർത്തയായിരുന്നു.
സുഹൃത്തായ അരുൺ ഈ മേഖലയിൽ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ ഇത്തരം ഏതു വാർത്തകൾ കണ്ടാലും തപ്പിയെടുത്ത് വായിക്കുന്ന പതിവുണ്ട്. പലപ്പോഴും വാർത്തകളിലും വീഡിയോകളിലും ഒക്കെ അരുണിനെയും ഹുസൈനെയും ഒരുമിച്ചു കാണാം. ചില ചിത്രങ്ങളും വീഡിയോസും ഒക്കെ അരുൺ ഞങ്ങളുടെ സ്‌കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്യും അപ്പോഴൊക്കെ ഹുസൈൻ എന്റെയും സുഹൃത്താണെന്ന്
പറഞ്ഞു ഞാൻ ഇമോജിയിടും. ചിലപ്പോൾ പത്രത്തിൽ വരുന്ന ചില വാർത്തകളും ചാനലുകളിൽ വരുന്ന വീഡിയോ ക്ലിപ്പിങ്ങുകളും ഒക്കെ ഹുസൈൻ വാട്‌സ് ആപ്പിൽ അയച്ചു തരുമായിരുന്നു. ഹുസൈൻ രാജവെമ്പാലയെ കൈകാര്യം ചെയ്യുന്ന പലചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി .
ജോലിത്തിരക്കിനിടയിലുംനാട്ടിൻ വലിയ സൗഹൃദ വലയം കാത്ത് സൂക്ഷിച്ചിരുന്ന ഹുസൈൻ 'എന്റെ മുക്കം ' പോലെയുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഏതാണ്ട് പത്ത് വർഷത്തോളമായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആന, പുലി, കടുവ വാർത്തകളിൽ -അരുണും ഹുസൈനുമൊക്കെ നിറഞ്ഞുനിൽക്കുന്നത് അഭിമാനത്തോടെ ഞാനും കണ്ടു നിന്നു. ഇത്തരം ഏതു വാർത്തകൾ വായിക്കുമ്പോഴും അതിന്റ അപകട സാധ്യതകൾ ഓർത്ത് നെഞ്ചിനുള്ളിൽ ഒരു പിടച്ചിലുണ്ടാവും
തൃശൂർ പാലപ്പള്ളിയിൽ വെച്ച് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഹുസൈന് കാട്ടാനയുടെ ആക്രമണത്തിൻ പരിക്കേറ്റ വിവരം അറിഞ്ഞിരുന്നു. ഗുരുതരമല്ല എന്നായിരുന്നു ആദ്യം കേട്ട വിവരം .ഇന്ന് ഹൈസ്‌കൂൾ ഗ്രൂപ്പിലൂടെ തന്നെയാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്തയുമറിഞ്ഞത്.
മരണത്തെ മുഖാമുഖം കാണുന്ന തൊഴിലെന്നറിഞ്ഞിട്ടും തന്റെ പാഷൻ മുറുകെപ്പിടിച്ച് കേരളത്തിലെ നൂറു കണക്കിന് വന്യജീവികളുടെ രക്ഷകനായ വന്യ ജീവി ആക്രമണങ്ങിൽ നിന്ന് നാട്ടുകാർക്ക് സംരക്ഷണം നൽകുന്ന വനം വകുപ്പിന്റെ റാപിഡ് റെസ്‌പോൺസ് ടീമിൽ അംഗമായ ഹുസൈൻ കൽപ്പൂർ യാത്രയായിരിക്കുന്നു...
പ്രിയ സുഹൃത്തെ
നീ കൈ വച്ച മേഖലയിൽ നിന്നെപ്പോലെ ഒരാളെ ഞാനിതുവരെ നേരിട്ട് കണ്ടിട്ടില്ല.. വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല നീയില്ലായതുകൊണ്ടുള്ള നഷ്ടങ്ങൾ. ഇടക്ക് ഞാനവനോട് പറയാറുണ്ടായിരുന്നു. നിന്റെ സാഹസികതകൾ ചിലപ്പോൾ 'ക്രോകോഡയ്ൽ ഹൻഡർ 'സ്റ്റീവ് ഇർവിനെ ഓർമ്മിപ്പിക്കുന്നു എന്ന്. മരണത്തിലൂടെയും ഹുസൈൻ അദ്ദേഹത്തെ വീണ്ടും ഓർമ്മിപ്പിച്ചു......
കണ്ണീർ പ്രണാമം...
അബ്ദുൾ സലിം .ഇ .കെ.
മറുനാടന് മലയാളി ബ്യൂറോ