ഹൈദരാബാദ്: മരണം മുന്നിൽ കാണുമ്പോൾ ആരായാലും പതറും. മാരക രോഗങ്ങൾ ജീവന് ഭീഷണിയാകുമ്പോൾ, മുതിർന്നവരെ അപേക്ഷിച്ച് കൊച്ചുകുട്ടികൾക്ക് അത് താങ്ങാനാവില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, ഹൈദരാബാദിലെ ഒരു ആറു വയസുകാരന്റെ അപൂർവമായ മന:സാന്നിധ്യവും, ആത്മസംയമനവും ചികിത്സിച്ച ഡോക്ടറെ അദ്ഭുതപ്പെടുത്തി. കുട്ടിയുടെ മരണ ശേഷം ന്യൂറോളജിസ്റ്റ് ഷെയർ ചെയ്ത കുറിപ്പ് വൈറലായി.

'ഡോക്ടർ എനിക്ക് ഇനി ആറ് മാസമേ അവശേഷിക്കുന്നുള്ളു. എന്റെ അച്ഛനമ്മമാരോട് ദയവായി എനിക്ക് കാൻസറാണെന്ന് പറയരുത്, കുട്ടി അപ്പോളോ ആശുപത്രിയിലെ ഡോ.സുധീർ കുമാറിനോട് പറഞ്ഞു. അവന്റെ വാക്കുകൾ ഞെട്ടലോടെയാണ് ഡോക്ടർ കേട്ടത്. ഇപ്പോഴും ആ വാക്കുകൾ കാതിൽ മുഴങ്ങുന്നത് പോലെ. ജനുവരി 5 ന് പുറത്തുവന്ന ഡോക്ടർ സുധീറിന്റെ കുറിപ്പ് 10 ലക്ഷത്തിലേറെ പേർ വായിച്ചുകഴിഞ്ഞു.

ഡോ.സുധീർ ഓർക്കുന്നു ആ ദിവസം...

അന്നും ഡോ.സുധീർ കുമാറിന് പതിവ് പോലെ തിരക്കേറിയ ഒപിയായിരുന്നു. അപ്പോഴാണ് യുവദമ്പതികൾ അകത്തേക്ക് കടന്നു വന്നത്. ' മനു(പേര് മാറ്റിയിട്ടുണ്ട്) പുറത്തുകാത്തിരിക്കുന്നു. അവന് അർബുദമാണ്. ഞങ്ങൾ അത് അവനുമായി സംസാരിച്ചിട്ടില്ല. ദയവായി അവനെ കണ്ട് ചികിത്സ നിർദ്ദേശിക്കണം. രോഗം ഇന്നതാണെന്ന് അവനോട് പറയരുത്, യുവ ദമ്പതികൾ ഡോക്ടറോട് പറഞ്ഞു.

മനുവിനെ ഒരു വീൽ ചെയറിലാണ് കൊണ്ടുവന്നത്. അവന് മുഖത്ത് ചിരിയുണ്ടായിരുന്നു. നല്ല ആത്മവിശ്വാസവും, ചുറുചുറുക്കും ഉള്ള ആൺകുട്ടി. ആറു വയസുകാരൻ ഡോക്ടറോട് പറഞ്ഞു: ' ഡോക്ടർ എനിക്ക് നാലാം ഗ്രേഡ് കാൻസറാണ്. ഞാൻ ആറുമാസമേ ജീവിച്ചിരിക്കൂ....ദയവ് ചെയ്ത് ഇക്കാര്യം എന്റെ മാതാപിതാക്കളോട് പറയരുത്.':

തലച്ചോറിന്റെ ഇടതുഭാഗത്തായിരുന്നു ജീവനെ കാർന്നുതിന്നുന്ന അർബുദം. അതുകൊണ്ട് തന്നെ വലംകൈയും കാലും തളർന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. കീമോതെറാപ്പി ചെയ്ത് വരികയായിരുന്നു. ഇടയ്ക്കിടെ ചുഴലി ഉണ്ടാകുന്നുണ്ടായിരുന്നു.

അവർ മടങ്ങി പോകാൻ ഒരുങ്ങുമ്പോളാണ് ഡോക്ടറോട് സ്വകാര്യമായി സംസാരിക്കണമെന്ന് മനു മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. ' ഡോക്ടർ, ഞാൻ ഐപ്പാഡിൽ എന്റെ രോഗത്തെ കുറിച്ചെല്ലാം വായിച്ചറിഞ്ഞു. ഞാൻ ആറുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് എനിക്കറിയാം. ഇക്കാര്യം എന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞില്ല. അതറിഞ്ഞാൽ അവർ വല്ലാതെ വിഷമിക്കും. അവരെന്നെ നന്നായി സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ട് ദയവായി ഇക്കാര്യം അവരോട് പറയരുത്' , മനുവിന്റെ വാക്കുകൾ ഡോക്ടർ ഷെയർ ചെയ്തത് ഇങ്ങനെ.

കുട്ടിയുടെ വാക്കുകൾ ഡോക്ടറെ വല്ലാതെ ഉലച്ചുകളഞ്ഞു. ഒന്നുപതറി പോയി ഡോ.സുധീർ കുമാർ. ' തീർച്ചയായും മോനേ, ഞാൻ നീ പറഞ്ഞത് പോലെ ചെയ്യാം'...ഡോക്ടർ പറഞ്ഞൊപ്പിച്ചു. അതിന് ശേഷം ഞാൻ അവന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി. മനുവിനെ പുറത്തിരുത്തി സംഭാഷണം മുഴുവൻ അവരോട് പറഞ്ഞു. മനുവിനോടുള്ള വാഗ്ദാനം തനിക്ക് പാലിക്കാനായില്ലെന്ന് ഡോക്ടർ പറഞ്ഞു. കാരണം ഇത്രയും പ്രധാനപ്പെട്ട ഒരുകാര്യത്തെ കുറിച്ച് കുടുംബം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഒമ്പത് മാസത്തിന് ശേഷം

ഒമ്പത് മാസത്തിന് ശേഷം ദമ്പതികൾ ഡോക്ടറെ കാണാൻ വന്നു. ഡോക്ടർ അവരെ തിരിച്ചറിയുകയും മനുവിന്റെ ആരോഗ്യ വിവരങ്ങൾ ചോദിക്കുകയും ചെയ്തു.' ഡോക്ടറെ കണ്ട ശേഷം ഞങ്ങൾ മനുവിനൊപ്പം നല്ല രീതിയിൽ സമയം ചെലവഴിച്ചു. അവന് ഡിസ്‌നി ലാൻഡിൽ പോകണമെന്ന് പറഞ്ഞപ്പോൾ, ഞങ്ങൾ എല്ലാവരും കൂടി അവിടെ പോയി. കഴിഞ്ഞ മാസം അവനെ ഞങ്ങൾക്ക് നഷ്ടമായി. ഞങ്ങൾക്ക് കിട്ടിയ ആ നല്ല എട്ടുമാസങ്ങൾക്ക് ഡോക്ടറോട് നന്ദി പറയാൻ മാത്രമാണ് ഞങ്ങൾ വന്നത്:' -കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.