തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കർ തന്റെ ബന്ധുവാണെന്ന ആരോപണത്തെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നും പഴയ ജയന്റെ സിനിമയിലെ പോലത്തെ സഹോദര ബന്ധമാണ് താനും ഫാരിസും തമ്മിൽ ഉള്ളതെന്നുമാണ് റിയാസിന്റെ പ്രതികരണം. ഫാരിസുമായി ബന്ധമുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആദ്യം ഒന്നു പരുങ്ങിയ ശേഷമാണ് മന്ത്രി ആരോപണത്തിന് മറുപടി പറഞ്ഞത്.

ഇതുവരെ ഫോണിൽ പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കറെന്നും ആരോപണം ആർക്കും ഉന്നയിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി സി ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആരോപണങ്ങൾക്കാണ് മന്ത്രി മറുപടി പറഞ്ഞത്.

അബ്ദുൾ റഹ്മാൻ, അബ്ദുൾ ലത്തീഫ്, മുജീബ് റഹ്മാൻ, അബ്ദുൾ ഷുക്കൂർ, അബ്ദുൾ റഷീദ് എന്നിവരാണ് തന്റെ ഉമ്മയുടെ സഹോദരന്മാർ. ഇപ്പോൾ പുതിയൊരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. ഇതുവരെയും നേരിൽ കാണാത്ത, ഫോണിൽ പോലും സംസാരിച്ചിട്ടില്ലാത്ത ഒരാൾ തന്റെ അമ്മാവനാണെന്നാണ് പ്രചരിപ്പിക്കുന്നത്. അതു നേരിൽ കാണാത്തതു പോകട്ടെ, ഫോണിൽ പോലും സംസാരിച്ചിട്ടില്ലാത്ത ഒരു അമ്മാവനെയാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു.

'എന്റെ അമ്മാവന്റെ മകനാണ് ഫാരിസ് എന്നാണ് ചിലരുടെ ആരോപണം. എന്റെ അമ്മയ്ക്ക് അഞ്ച് ആങ്ങളമാരാണ് ഉള്ളത്. ഇപ്പോൾ പുതിയ ഒരാളെയും കൂടി കിട്ടി. നേരിൽ കാണാത്ത, ഫോണിൽ പോലും വിളിച്ചിട്ടില്ലാത്ത ഒരു അമ്മാവനെ കൂടി എനിക്ക് കിട്ടിയിരിക്കുകയാണ്. പണ്ടത്തെ ജയന്റെ സിനിമയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. ജയനും നസീറും അഭിനയിച്ച സിനിമ. കുട്ടികളായിരിക്കുമ്പോൾ അവർ പിരിഞ്ഞു പോകും. എന്നാൽ അവർക്ക് ഒരുപോലെയുള്ള എന്തെങ്കിലും മറുക് ഉണ്ടായിരിക്കും. കുറേ കാലം കഴിയുമ്പോൾ ജയന്റെ മറുക് നസീറും നസീറിന്റെ മറുക് ജയനും കാണും. അപ്പോൾ ബാബു, ഗോപി എന്ന് പരസ്പരം വിളിച്ച് കെട്ടിപ്പിടിക്കും. അതുപോലെ ഫോണിൽപ്പോലും വർത്തമാനം പറയാത്ത ഒരു അമ്മാവനെ കിട്ടിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നു'.

'ആരോപണങ്ങളൊക്കെ ഉണ്ടാകട്ടെ. പക്ഷെ, എല്ലാത്തിനും നമ്മൾ മറുപടി കൊടുക്കണമെന്നില്ലല്ലോ. അതിന് നമുക്ക് നേരമില്ലല്ലോ. പറയേണ്ടവർ എന്തും പറയട്ടേ, ജനാധിപത്യ രാജ്യത്ത് അതിനുള്ള അവകാശമുണ്ടല്ലോ. പക്ഷെ പറയുന്നതിന്റെ നിലവാരം അളക്കാനും അത് സ്വീകരിക്കണമോ എന്ന് നിശ്ചയിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. അതിപ്പോൾ ഞാൻ പറഞ്ഞാലും അങ്ങനെ തന്നെയാണ്. രാഷ്ട്രീയ ആരോപണങ്ങൾ പറയാം. വ്യക്തിഹത്യ നടത്താൻ പാടില്ല. ചിലർക്കും എന്ത് പറയാം എന്നാണ്. എന്നാൽ, തിരിച്ചൊന്നും നമുക്ക് പറയാൻ പറ്റില്ല'- എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്‌സ് റെയ്ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ വൻ തോതിൽ കള്ളപ്പണ ഇടപാട് നടത്തി എന്ന വിവരത്തെത്തുടർന്നാണിത്. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതും വിദേശത്തുവെച്ചടക്കം പണം കൈമാറ്റം നടത്തിയതുമാണ് ഇൻകം ടാക്‌സ് അന്വേഷിക്കുന്നത്. ഈ ഇടപാടുകളിലെ കള്ളപ്പണം സംബന്ധിച്ചാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന.

കൊച്ചിയിലടക്കം ഇടനിലക്കാരെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആക്ഷേപം, ഇതിനായി കടലാസ് കമ്പനികൾ ഉണ്ടാക്കിയോ എന്നും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു. ഇപ്പോൾ വിദേശത്തുള്ള ഫാരിസ് അബൂബക്കറിനോട് ഈയാഴ്ച തന്നെ ചെന്നൈയിലെത്താൻ ഇൻകം ടാക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കിട്ടിയ വിവരങ്ങൾ കൂടി ചേർത്താകും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം. കേരളത്തിലേതടക്കം പല പ്രമുഖരുടെയും ബിനാമി കള്ളപ്പണം ഈ ഭൂമിയിടപാടുകളിൽ ഉണ്ടോയെന്നും എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കും.