തൊടുപുഴ: മെത്രാന്മാരെ അടവച്ച് വിരിയിച്ചു വിടുന്ന തമിഴ്‌നാട്ടിലെ വെല്ലൂർ ആസ്ഥാനമായുള്ള സംഘത്തിന്റെ പ്രവർത്തനം വീണ്ടും കേരളത്തിൽ സജീവമാകുന്നു. നീണ്ട ഇടവേളകൾക്ക് ശേഷമാണ് ഇവർ വീണ്ടും തട്ടിക്കൂട്ട് പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോട്ടയം, ഇടുക്കി റീജിയണൽ പാസ്റ്റേഴ്സ് മീറ്റ് എന്ന പേരിലാണ് സംഘം വീണ്ടും അവതരിച്ചത്. തൊടുപുഴയിലെ പ്രവർത്തനം നിലച്ച സിനിമ തീയേറ്റർ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. നിരവധി സ്വയം പ്രഖ്യാപിത മെത്രാന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്.

തമിഴ്‌നാട്ടിലെ വെല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഫി ഇന്റർനാഷണൽ ഡയോസിസ് എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു മീറ്റ് സംഘടിപ്പിച്ചത്. പത്തുവർഷം മുമ്പ് നിരവധി പേരെയാണ് ഇവർ മെത്രാന്മാരാക്കിയത്. ഇവർ പെന്തകോസ്ത് സഭകളിലെ പാസ്റ്റർമാരെയും മറ്റു ചില തട്ടിപ്പുകാരെയുമായിരുന്നു വാഴിച്ചത്. ഇതിൽ പ്രധാനിയായിരുന്നു കൊല്ലം കടപ്പാക്കട കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ജയിംസ് ജോർജ്.

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പേരിനോട് സാമ്യമുള്ള പേരിൽ സഭ സ്ഥാപിച്ചായിരുന്നു വെല്ലൂർ സംഘം ജയിംസ് ജോർജിനെ യാക്കോബ് മാർ ഗ്രിഗോറിയസ് എന്ന പേരിൽ ബിഷപ്പാക്കിയത്. ഭാരതീയ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ എന്ന നാമധേയത്തിലായിരുന്നു പിന്നീട് ഇയാളുടെ തട്ടിപ്പുകൾ. ജയിംസ് അറസ്റ്റിലായ സമയത്ത് തന്റെ മെത്രാൻ സ്ഥാനം സംബന്ധിച്ച രേഖകൾ പൊലീസിനെ ഇയാൾ കാണിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെഫിയുടെ തട്ടിപ്പുകൾ പുറത്തായത്. ഈ സംഘത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെ കേരളത്തിൽ നിന്നും ഉൾവലിഞ്ഞ സംഘം പ്രവർത്തനം തമിഴ്‌നാടിന് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

മുൻ കാലങ്ങളിൽ കേരളത്തിൽ നിന്നുള്ള മെത്രാൻ സ്ഥാനമോഹികൾ ആവശ്യപ്പെട്ടാൽ അവരവരുടെ സ്ഥലത്ത് എത്തി പട്ടം നല്കുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ട്രസ്റ്റ് ആസ്ഥാനത്ത് നേരിട്ട് എത്തി നിശ്ചിത തുക നല്കിയാൽ മാത്രമ പദവി നല്കിയിരുന്നുള്ളു. കേരളത്തിൽ നിന്നും ആരും എത്താത്തതിനെ തുടർന്നാണ് പുതിയ തന്ത്രവുമായി ഇവർ എത്തിയതെന്നാണ് സൂചന.

സ്വതന്ത്രരായി പ്രവർത്തിക്കുന്ന പെന്തകോസ്ത് പാസ്റ്റർമാരെ വലയിലാക്കിയാണ് പാസ്റ്റേഴ്സ് മീറ്റ് തട്ടിക്കൂട്ടിയത്. പ്രോഗ്രാം നോട്ടീസിൽ നല്കിയിരുന്ന ടെലിഫോൺ നമ്പരുകളിൽ ബന്ധപ്പെട്ടപ്പോൾ ഇതിൽ ഭാരവാഹികളായി കാണിച്ചവർ ഏതാനും ആഴ്ചകൾക്കു മുമ്പ് മാത്രമാണ് ഇവർക്കൊപ്പം ചേർന്നതെന്ന മറുപടിയാണ് ലഭിച്ചത്.

തൊടുപുഴ ഡിവൈ.എസ്‌പിയും ഇടുക്കി എംപി ഡീൻ കുര്യാക്കോസുമായിരുന്നു പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച നോട്ടീസിൽ പറഞ്ഞിരുന്നത്.എന്നാൽ പരിപാടിയിൽ ഡീൻ കുര്യാക്കോസും നഗരസഭ ചെയർമാനും പങ്കെടുത്തില്ല.ഇവരുടെ തട്ടിപ്പ് കഥകൾ അറിഞ്ഞതോടെയാണ് ഇരുവരും പരിപാടിയിൽ നിന്നും വിട്ടു നിന്നതെന്നാണ് വിവരം. അതേസമയം ഡി വൈ.എസ് പി മധുബാബു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

പുതുതായി എത്തുന്ന ആളുകളെ അംഗീകൃത സഭയാണ് തങ്ങളുടെതെന്ന് ബോധ്യപ്പെടുത്തുന്നതിനായാണ് ജനപ്രതിനിധിമാരെയും പൊലീസ് ഉദ്യോഗസ്ഥരെയും പരിപാടികളിൽ ക്ഷണിക്കുന്നതെന്നാണ് വിവരം. ഇവരുടെ സാന്നിധ്യമുള്ളതിനാൽ ആരും സംഘത്തെ അവിശ്വസിക്കില്ലെന്നതാണ് തന്ത്രം.അങ്ങനെ വലയിലാകുന്നവരിൽ നിന്നും വൻ തുക വാങ്ങി മെത്രാനാക്കുന്നതാണ് രീതി.ഇതിനായി ഇവർക്ക് ഏജന്റുമാരായി പ്രവർത്തിക്കുന്നവരുമുണ്ടെന്നാണ് അറിയുന്നത്.