മലപ്പുറം: ക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്ക് കാൽലക്ഷം രൂപ മുതൽ 100രൂപവരെ നൽകി കൂടെ നിന്ന പ്രദേശത്തെ മുസ്ലിംസഹോദരങ്ങൾക്ക് ക്ഷേത്രം പുനഃപ്രതിഷ്ഠാ വാർഷിക ദിനത്തിലാണ് ഇഫ്താർ സംഗമം നടത്തി ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ. മലപ്പുറം വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണു ക്ഷേത്ര ഭാരവാഹികളാണു പ്രദേശത്തെ മുസ്ലിംസഹോദരങ്ങൾക്കായി ഇഫ്താർ സംഗമം നടത്തിയത്. ഏഴു വർഷത്തോളമായി തുടർന്നു വരുന്ന മതസാഹോദര്യ പെരുമയാണ് ക്ഷേത്രത്തിന്റേത്. വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ കഴിഞ്ഞ ഏഴു വർഷത്തോളമായി തുടർന്നു വരുന്ന മതസാഹോദ്യ പെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.

2017-ലാണു ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തുന്ന സമയത്ത് സാമ്പത്തികമായും ഭൗതികമായും പ്രദേശത്തെ മുസ്ലിം സഹോദരങ്ങൾ സഹായിച്ചത്. മുസ്ലിംഭൂരിപക്ഷമുള്ള ആയിരത്തിലധികം വർഷം പഴക്കമുള്ള പുന്നത്തലയിലെ ഈ ക്ഷേത്രം അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. തുടർന്നു 2016ൽ കമ്മിറ്റിയുണ്ടാക്കിയാണു പുനരുദ്ധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഹൈന്ദവ കുടുംബങ്ങളായിരുന്ന പ്രദേശത്തെ ഭൂരിഭാഗവും.

പുനഃപ്രതിഷ്ഠക്കു 15ലക്ഷത്തോളം രൂപയോളം ചെലവ് വരുമെന്നു മനസ്സിലാക്കിയതോടെയാണു വിവരം അറിഞ്ഞ് മുസ്ലിംസഹോദരങ്ങൾ സ്വമേധയാ മുന്നോട്ടുവന്നു സഹായങ്ങളായി മാറിയത്. ഒന്നോ രണ്ടോ വ്യക്തികളല്ല സഹായങ്ങളായി മാറിയത്. പ്രദേശത്തെ ഭൂരിഭാഗം മുസ്ലിംസഹോദരങ്ങളും ഓരോരുത്തരാൽ കഴിയുന്ന സഹായങ്ങൾ നൽകി. പുനഃപ്രതിഷ്ഠക്കു ഒരു വ്യക്തിയിൽനിന്നും ലഭിച്ച ഏറ്റവും വലിയ തുകയും പ്രദേശത്തെ പ്രവാസിയായ മുസ്ലിംസഹോദരൻ നൽകിയതായിരുന്നു.

പുനഃപ്രതിഷ്ഠയുടെ ദിനംവന്നത് റമദാനിലാണു വന്നത് റമദാനിലായിരുന്നു. ഇതോടെയാണ് തങ്ങളെ സഹായിച്ചവരെ പരിഗണിക്കാനായി ഇഫ്താർ 2017ൽ ആദ്യമായി ഇഫ്താർ സംഗമം നടത്തിയത്. തുടർന്നു 2018ലും 19ലും സമാനമായി ഇഫ്താർ നടത്തി. 2020ലും 21ലും കോവിഡ് കാരണം ചടങ്ങ് നടത്തിയില്ല. തുടർന്നും സമാനമായ എല്ലാ റമദാനിലും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ നടത്തിവരുന്നു. വെജിറ്റബിൾ ബിരിയാണിയും, ജ്യൂസും, ഫ്രൂട്സുമെല്ലാം കഴിച്ച് മനം നിറഞ്ഞാണു ഇഫ്താർ കഴിഞ്ഞു നാട്ടുകാരെല്ലം മടങ്ങിയത്. എല്ലാ മതസ്തരും അടങ്ങിയതാണു ഇവിടുത്തെ ക്ഷേത്ര കമ്മിറ്റി എന്നതും മറ്റൊരു പ്രത്യേകതയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ ജീർണാവസ്ഥ മാറ്റി പുനഃപ്രതിഷ്ഠ നടത്താൻ പോന്ന സാമ്പത്തികം പ്രദേശത്തെ അന്നത്തെ നാമമാത്രമായ ഹിന്ദു സമൂഹത്തിനുണ്ടായിരുന്നില്ല. ഈ സമയം ഹൈന്ദവ വിശ്വാസികൾക്കൊപ്പം സഹായവുമായി മുസ്ലിം സമൂഹവും ചേർന്നാണ് ക്ഷേത്രം പുനരുദ്ധരിച്ചത്. പുനഃപ്രതിഷ്ഠ നടന്നത് ഒരു നോമ്പ് കാലത്തായതിനാലാണ് അന്നത്തെ പതിവ് ഇന്നും മുടക്കമില്ലാതെ തുടരുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

മാറിയ കാലഘട്ടത്തിൽ ക്ഷേത്രത്തിന്റെത് മഹത്തായ മാതൃകയാണെന്ന് മലബാർ ദേവസ്വം ഏരിയ ചെയർമാൻ ബേബി ശങ്കറും ഏരിയ കമ്മിറ്റി അംഗം കെ.പി പവിത്രനും പറഞ്ഞു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി സുരേഷ് ബാബു, സ്വാഗതസംഘം ചെയർമാൻ എ. മമ്മു മാസ്റ്റർ, ഇ.മായാണ്ടി, ടി.രവി, സി.ഉണ്ണിക്കൃഷ്ണൻ നായർ, പി.മോഹനൻ, ടി ശിവദാസൻ, പി.സജീവ് തുടങ്ങിയവരാണു ഇഫ്താർ സംഗമത്തിനു നേതൃത്വംനൽകിയത്.

അതേ സമയം മലപ്പുറത്തെ മുസ്ലിംസഹോദരങ്ങൾക്കായി ക്ഷേത്രപരിസരത്ത് സമൂഹ ഇഫ്താറൊരുക്കി ക്ഷേത്ര തിരൂർ വാണിയന്നൂർ ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നേരത്തെ രംഗത്തുവന്നിരുന്നു. റമദാനിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുസ്ലിംകൾക്കായാണ് മലപ്പുറം തിരൂർ വാണിയന്നൂർ ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ക്ഷേത്രപരിസരത്ത് തന്നെ പന്തലൊരുക്കിയാണ് സമൂഹ നോമ്പ് തുറ നടത്തിയത്. ആയിരത്തോളംപേരാണു നോമ്പുതുറക്കാനെത്തിയത്. ചടങ്ങിൽ അതിഥിയായി പാണക്കാട് റശീദലി ശിഹാബ് തങ്ങൾ സംബന്ധിച്ചിരുന്നു.