- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസനുമായി വഴിവിട്ട ബന്ധത്തിന് തെളിവില്ല; ക്രൈംബ്രാഞ്ച് വെള്ള പൂശിയതോടെ ഐജി ജി ലക്ഷ്മണയെ സർവീസിൽ തിരിച്ചെടുത്തു; നടപടി ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ട് പ്രകാരം; മോൻസണുമായി ഐജിക്ക് അടുത്ത ബന്ധമെന്ന പഴയ ക്രൈംബ്രാഞ്ച് റിപ്പോർട്ട് കുപ്പയിൽ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടായിരുന്നതിനെ തുടർന്ന് സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി തല സമിതിയെ വിഷയം പരിശോധിക്കാൻ സർക്കാർ നിയോഗിച്ചിരുന്നു. ലക്ഷ്മണക്കെതിരെ തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു 2021 നവംബർ പത്തിന് ഐ.ജി ലക്ഷ്മണയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
നേരത്തേ, ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബർ പത്തിന് സസ്‌പെൻഡ് ചെയ്തത്. മോൻസനെതിരെ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം ഐജി തുടർന്നെന്നും, മോൻസനെതിരെയുള്ള കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്‌പെൻഷൻ. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന ആവശ്യപ്രകാരം പിന്നീട് നീട്ടുകയായിരുന്നു. എന്നാൽ ലക്ഷ്മണക്കെതിരെ തെളിവില്ലെന്ന നിലപാടാണ് ക്രൈം ബ്രാഞ്ച് പിന്നീട് സ്വീകരിച്ചത്.
മോൻസൺ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്മണ നിരവധി തവണ മാനേജർ ജിഷ്ണുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആന്ധ്ര സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിൾ, ഖുർആൻ, രത്‌നങ്ങൾ എന്നിവ ഇടനിലക്കാരി വഴി വിൽക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ