- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലത്തൂർ തീവയ്പ് കേസിൽ അതീവ സുരക്ഷയോടെ എത്തിക്കേണ്ട പ്രതിയുടെ വിവരങ്ങൾ ചോർന്നു; വലിയ സുരക്ഷാ വീഴ്ച ഉണ്ടായത് ഷാരൂഖ് സെയ്ഫിയെ രത്‌നഗിരിയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ; അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടു; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുൻ തലവൻ ഐജി പി വിജയന് സസ്പെഷൻ
തിരുവനന്തപുരം: കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിൽ നിന്നും നീക്കിയതിന് പിന്നാലെ ഐജി പി വിജയന് സസ്‌പെൻഷൻ. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണത്തിൽ എടിഎസ് സംഘത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസിന്റെ എംഡിയുമായിരുന്നു പി വിജയൻ. ഈ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി പി വിജയനെ സസ്‌പെൻഡ് ചെയ്തത്.. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ വിവരങ്ങൾ ചോർത്തിയെന്ന പേരിലാണ് നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നാണ് റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത്കുമാർ ആണ് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് എഡിജിപി പി. പത്മകുമാറിനെ ചുമതലപ്പെടുത്തി.
കേസിലെ പ്രതിയെ രത്‌നഗിരിയിൽ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതിൽ വീഴ്ചപറ്റി. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്‌ഐ കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവർത്തിക്കേണ്ട പൊലീസിലെ അന്വേഷണ വിഭാഗമാണ്. അതിലെ ഉദ്യോഗസ്ഥരെകുറിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അന്വേഷണ ഘട്ടത്തിൽ ആരോപണവിധേയരെ മാറ്റി നിർത്തേണ്ടത് അനിവാര്യനമാണെന്നും ഉത്തരവിൽ പറയുന്നു.
തീവവ്രാദ വിരുദ്ധ സേനയുടെ തലപ്പത്ത് നിന്ന് മാറ്റിയ ഐജി പി വിജയനെ എഡിജിപിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു. പകരം നിയമനം നൽകിയിരുന്നില്ല. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നൽകിയത്.
എലത്തൂർ തീവണ്ടി ആക്രമണക്കേസ് എൻഐഎ ഏറ്റെടുത്തിരുന്നു. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെയായിരുന്നു കേസ് എൻഐഎ ഏറ്റെടുത്തത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതി ഷാരൂഖ് സെയ്ഫിക്ക് മതപരമായ തീവ്ര നിലപാടുകൾ ഉള്ളതുകൊണ്ടാണ് ഇത്തരം ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ