തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാർലമെന്റിൽ എൻ കെ പ്രേമചന്ദ്രൻ ജിഎസ്ടിയുടെ കണക്കിനെ കുറിച്ചു ചോദിച്ചത് സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥത എഠുത്തു കാട്ടുന്ന വിധത്തിലത്തിലായിരുന്നു. നിർമ്മല സീതാരാമന്റെ മറുപടിയോടും കൂടി ഇതിൽ വ്യക്തമായത് സംസ്ഥാന സർക്കാറിന്റെ വീഴ്‌ച്ചകളായിരുന്നു. സർക്കാറിന്റെ കെടുകാര്യസ്ഥത കൊണ്ട് മാത്രം സംസ്ഥാനത്തിന് പതിനായിരം കോടിയോളും രൂപ നഷ്ടമായെന്നാണ് അനുമാനിക്കുന്നത്.

സംസ്ഥാന സർക്കാർ കൃത്യമായ കണക്കുമായി കേന്ദ്രത്തെ സമീപിക്കാത്തതാണ് വിഷയം. ഇതു വഴി ഐജിഎസ്ടി (സംയോജിത ചരക്ക്, സേവന നികുതി) വിഹിതത്തിൽ സംസ്ഥാനത്തിനു നഷ്ടപ്പെടുന്നത് പതിനായിരം കോടിയിലേറെ രൂപയാണെന്നാണ് വ്യക്തമാകുന്ന കാര്യം. സംസ്ഥാന സർക്കാർ നിയോഗിച്ച എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ജിഎസ്ടി നടപ്പാക്കിയ ശേഷം പ്രതിവർഷം കിട്ടാനുള്ള 5,000 കോടി രൂപ വീതം സംസ്ഥാന സർക്കാരിനു നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

5 വർഷം മുൻപാണ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയത്. ഈ റിപ്പോർട്ട് തങ്ങൾക്കു കിട്ടിയിട്ടില്ലെന്ന നിലപാടാണ് ധനവകുപ്പിന്. റിപ്പോർട്ടിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് എൻ.കെ.പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ കഴിഞ്ഞ ദിവസം ധനമന്ത്രിയോട് ചോദ്യമുന്നയിച്ചത്. ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്ക് ഉൽപന്നമോ സേവനമോ കൈമാറുമ്പോൾ നികുതിയുടെ പകുതി സംസ്ഥാനത്തിനും ബാക്കി പകുതി കേന്ദ്രത്തിനുമാണ്. എന്നാൽ, വ്യാപാരികൾ റിട്ടേൺ സമർപ്പിക്കുന്നതിലെ തെറ്റുകൾ കാരണം ഉപഭോക്തൃ സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി കൃത്യമായി ലഭിക്കുന്നില്ല.

ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയും റിട്ടേൺ സമർപ്പിക്കുമ്പോഴുള്ള തെറ്റുകൾ ഒഴിവാക്കാൻ വ്യാപാരികളെ സഹായിച്ചും സംസ്ഥാന സർക്കാർ ഐജിഎസ്ടി വരുമാന ചോർച്ച ഒഴിവാക്കണമെന്നാണ് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ വർഷവും 5,000 കോടിയെങ്കിലും ഇത്തരത്തിൽ നേടിയെടുക്കാമെന്നാണ് സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ നിഗമനം.

കമ്മിറ്റിയുടെ ശുപാർശകൾ അടിയന്തരമായി നടപ്പാക്കുന്നതിനു പകരം വിവാദം ഭയന്നു മൂടി വയ്ക്കുന്നുവെന്നാണ് സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് മന്ത്രി കെ.എൻ.ബാലഗോപാൽ ഉന്നയിക്കുന്ന വാദമാണു ശരിയെന്നാണു കണക്കുകൾ കാണിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 750 കോടിയേ കിട്ടാനുള്ളൂ. എജിയുടെ കണക്ക് കിട്ടിയില്ലെങ്കിൽ ഇതുവരെ എങ്ങനെ കേരളത്തിനു നഷ്ടപരിഹാരം നൽകി എന്ന ചോദ്യത്തിനും കേന്ദ്ര മന്ത്രി നിർമല സീതാരാമൻ മറുപടി പറയേണ്ടി വരും.

എന്നാൽ ഐജിഎസ്ടി വിഹിതം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നുണ്ടോ എന്ന പ്രേമചന്ദ്രന്റെ ചോദ്യം നിലനിൽക്കുകയാണ്. ഐജിഎസ്ടിയിൽ കേന്ദ്രസർക്കാരിനുള്ള വിഹിതം കൃത്യമായി കിട്ടും. എന്നാൽ റിട്ടേൺ ഫോമിലെ പോരായ്മകൾ മൂലം ഉപഭോക്തൃസംസ്ഥാനങ്ങൾക്ക് ഐജിഎസ്ടി വിഹിതം കൃത്യമായി കിട്ടാറില്ല. ഇതു കൃത്യമായി ലഭിക്കാൻ റിട്ടേൺ ഫോം കുറ്റമറ്റതാക്കണം. ഇതിനു ജിഎസ്ടി കൗൺസിലിൽ സംസ്ഥാനം സമ്മർദം ചെലുത്തണമെന്നും എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

ഒന്നാം തീയതി കമ്മിറ്റി ഡിജിറ്റൽ രൂപത്തിൽ റിപ്പോർട്ട് ധനവകുപ്പിനു നൽകിയിരുന്നു. എന്നാൽ കമ്മിറ്റി ചെയർമാൻ ഒപ്പിട്ട് റിപ്പോർട്ടിന്റെ കോപ്പി ധനമന്ത്രിക്കു കൈമാറുമ്പോഴാണ് റിപ്പോർട്ട് കിട്ടിയതായി കണക്കാക്കുന്നതെന്നു ധനവകുപ്പ് വാദിക്കുന്നു. റിപ്പോർട്ട് സമർപ്പിച്ചശേഷം ഇവിടെ എന്തു സംഭവിച്ചു എന്ന് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിക്കും അറിവില്ല. ജിഎസ്ടി വകുപ്പ് പുനഃസംഘടനയും ഐജിഎസ്ടി വിഹിതം കണക്കാക്കാൻ അനിവാര്യമായിരുന്നു. രണ്ടുമാസം മുമ്പ് മാത്രമാണു സംസ്ഥാനം വകുപ്പ് പുനഃസംഘടിപ്പിച്ചത്. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചുകൊണ്ടിരുന്നതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനം വർഷങ്ങളായി അലംഭാവം കാണിച്ചു എന്നു വേണം അനുമാനിക്കാൻ.