കൊച്ചി: സംസ്ഥാനത്തെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മിന്നിത്തിളങ്ങുന്ന ആഡംബര ലൈറ്റുകൾക്കെതിരെ നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്. ഹൈക്കോടതി വടിയെടുത്തതോടെ നിയമവിരുദ്ധമായി എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്നവർക്കാണ് പിടി വീഴുക. ഇത്തരത്തിൽ ലൈറ്റ് സംഘടിപ്പിച്ചിരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

വാഹനം വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ലൈറ്റുകൾക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തിൽ സ്ഥാപിക്കാൻ പാടുള്ളതല്ല. എന്നാൽ, മന്ത്രിമാരുടെ വാഹനങ്ങൾ അടക്കമുള്ള സർക്കാർ വാഹനങ്ങൾ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തി. ഇത്തരത്തിൽ നിയമം ലംഘിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കുമെതിരെ നടപടിവേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇതോടെ പല മന്ത്രിമാരും എൽഡിഡി ലൈറ്റുകൾ ഒഴിവാക്കേണ്ടി വരും.

സംസ്ഥാന പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളിൽനിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള സർക്കാർ വാഹനങ്ങൾ എൽഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

രാജ്യത്തെ മോട്ടോർവാഹന നിയമപ്രകാരം ഒരു വാഹനത്തിലും ഇത്തരം ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിക്കാനാവില്ല. സർക്കാർ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹന ഉടമകൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെയും കർശന നടപടി വേണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. റോഡുകളിലെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരുടെയും, മറ്റു വാഹന ഉപയോക്താക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അനധികൃതമായുള്ള ആഡംബര ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോറിക്ഷ മുതലുള്ള വാഹനങ്ങൾക്കാണ് പുതിയ നിയമം ബാധകമാകും.

മൾട്ടി കളർ എൽഇഡി, ലേസർ, നിയോൺ ലൈറ്റ്, ഫ്‌ളാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ചിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉയർന്ന പിഴ ഈടാക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ പരിശോധനയിൽ പിടിക്കപ്പെടുകയാണെങ്കിൽ, ലൈറ്റുകൾ അവിടെ വച്ച് തന്നെ അഴിച്ചു മാറ്റുന്നതാണ്. നേരത്തെ എഐ ക്യാമറകൾ സ്ഥാപിച്ചപ്പോഴും പ്രമുഖരുടെ വാഹനങ്ങളെ ഒഴിവാക്കിയ നടപടിക്കെതിരെയും കനത്ത വിമർശനമുയർന്നിരുന്നു.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിൽ ഉൾപ്പെടെ നിരവധി സർക്കാർ വാഹനങ്ങളിൽ ഇത്തരത്തിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ മറ്റ് വാഹനയാത്രക്കാർക്ക് ശല്യമാകുന്ന തരത്തിൽ നീലയും ചുവപ്പും നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകളാണ് വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോടതി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. മന്ത്രി വീണാ ജോർജ് ,റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, ആർ ബിന്ദു എന്നീ മന്ത്രിമാരും ഇത്തരത്തിൽ ഗ്രില്ലിൽ എൽഇഡി ഘടിപ്പിച്ചു പായുന്നവരാണ്. എൽഇഡി ഫ്ളെക്സിബിൾ സ്ട്രിപ് ലൈറ്റുകൾ, എൽഇഡി ബാർ ലൈറ്റുകൾ എന്നിവ വാഹനത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് പച്ചയായ നിയമലംഘനം.

125ഡെസിബലിനും മുകളിൽ ശബ്ദമുള്ള ഹോണുകളാണ് സർക്കാർ വാഹനങ്ങളിൽ ഫിറ്റ് ചെയ്യുന്നത്. ലൈറ്റുകൾ മാത്രമല്ല കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണുകളും ഒട്ടുമിക്ക സർക്കാർ വാഹനങ്ങളിലെയും പതിവ് കാഴ്ചയാണ്. മോട്ടോർ വാഹന നിയമപ്രകാരം 93 മുതൽ 112ഡെസിബൽ വരെയാണ് ഹോണുകളുടെ ശബ്ദപരിധി. എന്നാൽ വാഹനത്തിനൊപ്പം ലഭിക്കുന്ന ഹോണുകൾ അഴിച്ചുമാറ്റി 125ഡെസിബലിനും മുകളിലിൽ ശബ്ദമുള്ള ഹോണുകളാണ് സർക്കാർ വാഹനങ്ങളിൽ ഫിറ്റ് ചെയ്യുന്നത്.