- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംരക്ഷിത മേഖലയിൽ ആരുമറിയാതെ ആറംഗസംഘം കടന്നത് എങ്ങനെ? മേഖലയിൽ പ്രവേശനം ഡ്യൂട്ടിയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രം; പൊന്നമ്പലമേട്ടിൽ മണിക്കൂറുകളോളം പൂജ നടത്തിയത് അവിശ്വസനീയമെന്ന് ദേവസ്വം ബോർഡ്; നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ; തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അയ്യപ്പന്റെ അനുഗ്രഹമെന്നും സ്വാമി
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണ സ്വാമി ചെയ്തത് മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം. നാരായണസ്വാമി അതിക്രമിച്ച് കയറി പൂജ നടത്തിയ വിവരം ബന്ധപ്പെട്ട അധികൃതർ അറിഞ്ഞത് പൂജ ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ശേഷം മാത്രമാണെന്നാണ് പറയുന്നത്. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് പൂജ നടത്തിയത്. നാരായണ സ്വാമി മുൻപ് ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പൂജ ചെയ്യുന്ന വിഡിയോ സംഘം സമൂഹമാധ്യമത്തിൽ ഇട്ടതിനെ തുടർന്നാണ് അധികൃതർ വിവരം അറിഞ്ഞത്.
നാരായണ സ്വാമിക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും, നാരായണ സ്വാമിയെ അറസ്റ്റ് ചെയ്തിട്ടില്ല. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം ചില ഉദ്യോഗസ്ഥരുടെ സഹായം സംഘത്തിന് ലഭിച്ചതായാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ംഭവം നടന്നതായി ദേവസ്വം ബോർഡും സ്ഥിരീകരിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നാരായണൻ
പൊന്നമ്പലമേട്ടിലെ പൂജ വിവാദത്തിൽ വിശദീകരണവുമായി നാരായണൻ രംഗത്ത്. പൂജ ചെയ്യാൻ പൊന്നമ്പലമേട്ടിൽ പോയി. പോകുന്ന സ്ഥലങ്ങളിൽ എല്ലാം പൂജ ചെയ്യാറുണ്ട്. അയ്യപ്പന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ് പൊന്നമ്പലമേട്ടിൽ പൂജ ചെയ്യാൻ കഴിഞ്ഞത് . തെറ്റൊന്നും ചെയ്തിട്ടില്ല. അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാറാണ്. പൂജ ചെയ്തതിന്റെ പേരിൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണൻ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോർഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തുകയായിരുന്നു. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല.
സംഭവത്തിൽ തുടർനടപടികൾ വേണമെന്ന് ദേവസ്വത്തിന് നിർബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കെ അനന്തഗോപൻ പങ്കെടുത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ദേവസ്വം ബോർഡും നടത്തും. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മുഖ്യപ്രതി നാരായണ സ്വാമി അടക്കമുള്ളവർക്കായി അന്വേഷണം തുടരുകയാണ്. സംരക്ഷിത വനമേഖലയിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയാൽ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 51 അനുസരിച്ച് 3 വർഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
നാരായണൻ മുൻപ് പല തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ് വൃത്തങ്ങൾ പറയുന്നു. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവർക്ക് വ്യാജ രസീതുകൾ നൽകി എന്നതുൾപ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.
മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്പലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് അയ്യപ്പ ഭക്തർ വിശ്വസിക്കുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. വനംവകുപ്പിനാണ് സുരക്ഷാ ചുമതല. ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ഓഫിസിലേക്ക് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ആളെ കടത്തി വിടുന്നത്. മൊബൈലോ ക്യാമറകളോ അനുവദിക്കില്ല. പൊന്നമ്പല മേട്ടിൽ നിന്നാൽ ശബരിമല ക്ഷേത്രം കാണാനാകും.
വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല. ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂഴിയാർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. ഇങ്ങനെ ഒരു സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവർ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
കർശന നിരീക്ഷണത്തിലുള്ള പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി ഒരു സംഘം മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അധികൃതർ അറിഞ്ഞില്ല എന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം ജ്യോതി തെളിക്കുന്ന സ്ഥലമാണ് പൊന്നമ്പല മേട്. ഇവിടെ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.
ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണു നടന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവർക്ക് പരാതി നൽകി. അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറി പൂജ നടത്തിയതിന് കേസെടുത്തതായി വനം വകുപ്പ് അധികൃതർ പ്രതികരിച്ചു. അതീവ സുരക്ഷാ മേഖലയിൽ കടന്നു കയറി മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ