- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് ഒന്നു ഇരിക്കാനോ നിൽക്കാനോ ഇടമില്ല; വാഹനം കയറ്റി ഇടേണ്ട ബസ് വേയിലും കച്ചവടക്കാർ; കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റ് കൈയേറി അനധികൃത കച്ചവടം; തിരുനക്കരയിലെ വ്യാപാരികളെ ഒഴിപ്പിച്ച നഗരസഭയ്ക്ക് നാഗമ്പടത്തെ കച്ചവടക്കാർക്ക് മുൻപിൽ മുട്ടിടിക്കുന്നോ?
കോട്ടയം: യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതിനുള്ള സ്ഥലം കൈയടക്കി അനധികൃത കച്ചവടം. കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റിലാണ് വ്യാപകമായി താൽക്കാലിക കച്ചടക്കാർ സ്ഥലം കൈയേറിയിരിക്കുന്നത്. കോട്ടയം നഗരസഭ ഇക്കാര്യം അറിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. വാഹനം കയറ്റിയിടേണ്ട ബസ് വേയിലാണ് കച്ചവടം നടത്തുന്നത്. പച്ചക്കറി മുതൽ കടലകച്ചവടവും മുറുക്കാനും പഴക്കടകളും പ്രവർത്തിക്കുന്നു. വ്യാപാരം നടത്തുന്നതിനായി പലകകൾ കൊണ്ട് കൗണ്ടറുകളും തീർത്തിട്ടുണ്ട്.
ബസ് സ്റ്റാന്റ് സമുച്ചയത്തിലെ കടകൾ നഗരസഭ ലേലം ചെയ്തു നൽകിയതിനു പുറമെയാണ് താൽക്കാലിക കടകൾ സജീവമായിരിക്കുന്നത്. വർഷങ്ങളായി വാടക നൽകി കച്ചവടം നടത്തുവരും ഇതോടെ പ്രതിസന്ധിയിലാകും. ദിവസേന ലക്ഷകണക്കിന് രൂപയുടെ വ്യാപാരം അനധികൃത കടകളിൽ നടക്കുന്നതായും സൂചനയുണ്ട്. എന്നിട്ടും ഇവരിൽ നിന്നും ഒരു രൂപ പോലും ഇടാക്കുന്നതിനോ നിയമനടപടി സ്വീകരിക്കുന്നതിനോ നഗരസഭ തയ്യാറാകുന്നില്ല. സ്ഥലം സൗകര്യം കുറയുന്നതോടെ ബസ് കാത്ത് നിൽക്കുന്നതിനു പോലും ബുദ്ധിമുട്ടാണ്. ബസ് പിന്നോട്ട് കയറ്റി ഇട്ട് സാധനങ്ങൾ കയറ്റി ഇറക്കേണ്ട സ്ഥലമാണ് ഇത്തരത്തിൽ അനധികൃത കച്ചവടക്കാർ കൈയേറിയിരിക്കുന്നത്. ഇതിനാൽ ലെഗേജുകൾ കയറ്റുന്നതിനും ബുദ്ധിമുട്ടുകയാണ്. മിക്ക യാത്രക്കാർക്കും ബസ് കാത്തു നിൽക്കാൻ സ്ഥലം സൗകര്യമില്ലാത്ത അവസ്ഥയാണ്.
അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന് അധികൃതരെ അറിയിച്ചിട്ടും ഇതുവരെയും നടപടി സ്വീകരിച്ചില്ല. തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ ബലഹീനതയെ തുടർന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ പേരിൽ അവിടെ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ എല്ലാം നഗരസഭ ഒഴിപ്പിച്ചിരുന്നു. കച്ചവടം നടത്തുന്നത് ദൂര സ്ഥലങ്ങളിൽ നിന്നുമെത്തിയവരാണ്. ഇവരുമായി മറ്റ് വ്യാപാരികളും യാത്രക്കാരും തർക്കമുണ്ടാകുന്നത് പതിവാണ്.
ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യവും മോഷണവും നടക്കുന്നതായും ആരോപണമുണ്ട്. യാത്രക്കാർ ഇരിക്കേണ്ട ഇരിപ്പിടങ്ങൾ മദ്യപാനികൾ കൈയടക്കും. ലഹരിയിൽ ബോധമില്ലാതെയാണ് ചിലർ കിടക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് യാതൊരു സുരക്ഷയും ഇല്ലാത്ത സാഹചര്യമാണ്. ബസ് സ്റ്റാന്റ് സമുച്ചയത്തിലും പരിസര പ്രദേശങ്ങളിലും വൃത്തിഹീനമായ അവസ്ഥയാണുള്ളത്. കൃത്യമായ മാലിന്യ നിർമ്മാർജനവും ശുചീകരണവും നടക്കുന്നില്ല.