ബെംഗളൂരു: ഇൻഡിഗോ എയർലൈൻസിനെതിരേ ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ടീം മുൻ നായകനുമായ മലയാളി താരം പി ആർ ശ്രീജേഷ്. വിമാനത്തിൽ സ്റ്റിക്ക് ഉൾപ്പെടെയുള്ള ഗോൾകീപ്പിങ് കിറ്റ് യാത്രയിൽ കൊണ്ടുപോകുന്നതിന് അധിക തുക ഈടാക്കിയതായി താരം പരാതിപ്പെട്ടു. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ശ്രീജേഷിന് ഇൻഡിഗോ അധികചാർജ് ഈടാക്കിയത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു താരം. 41 ഇഞ്ചുള്ള ഹോക്കി സ്റ്റിക്കിന് അധിക ചാർജായി വിമാനക്കമ്പനി 1500 രൂപയാണ് ഈടാക്കിയത്. ഫീസ് അടച്ചതിന്റെ പ്രിന്റൗട്ടിന്റെ ചിത്രം താരം ട്വീറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

38 ഇഞ്ചിൽ കൂടുതലുള്ള വസ്തു സൗജന്യമായി കൊണ്ടുപോകാനാകില്ലെന്നും അതിന് മുകളിലുള്ളതിന് പ്രത്യേക ഫീസ് നൽകണമെന്നും വിമാനക്കമ്പനി പറഞ്ഞതായി ശ്രീജേഷ് വെളിപ്പെടുത്തി. ശ്രീജേഷിന്റെ ഹോക്കി കിറ്റിൽ 41 ഇഞ്ചുള്ള സ്റ്റിക്കാണുള്ളത്.

'അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാനുള്ള അനുമതി എനിക്ക് നൽകിയിട്ടുണ്ട്. പക്ഷേ ഇൻഡിഗോ വിമാനക്കമ്പനി 38 ഇഞ്ചിൽ കൂടുതലുള്ള സ്റ്റിക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. എന്ത് ചെയ്യും? ഗോൾകീപ്പറുടെ കിറ്റ് കൊണ്ടുവരാൻ എനിക്ക് അധികമായി 1500 രൂപ നൽകേണ്ടിവന്നു'- ശ്രീജേഷ് കുറിച്ചു. പിന്നാലെ കൊള്ള എന്ന ടാഗും താരം കൊടുത്തിട്ടുണ്ട്.

ശ്രീജേഷിന്റെ ട്വീറ്റ് ചുരുങ്ങിയ നിമിഷംകൊണ്ടുതന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടിയ വലിയൊരു താരത്തോട് ഇത്തരത്തിലൊരു മോശം പ്രവൃത്തി ചെയ്ത ഇൻഡിഗോ അധികൃതർ പരസ്യമായി മാപ്പ് പറയണമെന്ന് ആരാധകരിൽ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

അടുത്ത മാസം ആരംഭിക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് താരം ബെംഗളൂരുവിലെത്തിയത്. പരിശീലനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ശ്രീജേഷിന് ഈ ദുരവസ്ഥയുണ്ടായത്.