ന്യൂഡൽഹി: റഷ്യയിൽ നിന്നുമുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി സർവകാല റെക്കോർഡിൽ. ഫെബ്രുവരിയിൽ പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാണ് റഷൻ എണ്ണയുടെ ഒഴുക്കെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

റഷ്യ - യുക്രെയിൻ രക്തരൂക്ഷിതമായ തർക്കം ഒരു വർഷവും കഴിഞ്ഞ് തുടരവേ ഈ യുദ്ധത്തിലെ നയപരമായ ഇടപെടൽ ഇന്ത്യക്ക് നേട്ടമായി മാറുകയാണ്.  സർക്കാരിന്റെ ഇച്ഛാശക്തിയിൽ അമേരിക്കൻ സഖ്യത്തിന്റെ ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കുറഞ്ഞ നിരക്കിലെ റഷ്യൻ എണ്ണയ്ക്കായി കൈ കൊടുത്തത്. എന്നാൽ  റഷ്യയുടെ പിന്നിൽ അണിനിരന്നതുമില്ല. കൃത്യമായ നിലപാടുമായി നിലകൊണ്ട ഇന്ത്യ കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി സാധ്യമാക്കിയത് രാജ്യത്തിന് നേട്ടമായി മാറുകയായിരുന്നു.

റഷ്യൻ എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് എണ്ണ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും എളുപ്പം ലഭിക്കുന്നുണ്ട്. യുദ്ധം തുടരുന്ന കാലത്തോളം റഷ്യൻ എണ്ണ ഇന്ത്യയിലേക്ക് ഒഴുകുമെന്ന് കണക്കാക്കുന്നു. അതേസമയം റിലയൻസ് അടക്കമുള്ള സ്വകാര്യ കമ്പനികൾ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങി ശുദ്ധീകരിച്ച് അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തിൽ താഴെയായിരുന്നു റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി. എന്നാൽ ഇപ്പോൾ 35 ശതമാനമായി വർദ്ധിച്ചു. യുക്രൈൻ യുദ്ധത്തിന് പിന്നാലെ വിവിധ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ആരംഭിച്ചത്.

ഊർജ, ചരക്ക് ഇറക്കുമതി നിരീക്ഷകരായ വോർടെക്സയുടെ കണക്ക് പ്രകാരം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നിലിവിൽ റഷ്യയിൽ നിന്നാണ്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. നിലവിൽ ഇറാഖിൽ നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദിയിൽ നിന്ന് 6,47,813 ബാരലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

അമേരിക്കയെ പിന്തള്ളി നാലാമതുള്ള യു.എ.ഇയിൽ നിന്ന് പ്രതിദിനം 4,04,570 ബാരൽ ഇറക്കുമതി ചെയ്യുന്നു. ജനുവരിയിൽ 3,99,914 ബാരൽ ഇറക്കുമതി ചെയ്തിരുന്നത് ഫെബ്രുവരിയോടെ 2,48,430 ബാരലായി കുറഞ്ഞു. 16 വർഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലാണ് സൗദിയിൽ നിന്നും ഇറാഖിൽ നിന്നും ഇറക്കുമതി നടക്കുന്നത്.

എണ്ണയ്ക്കായി ഇന്ത്യ സ്ഥിരമായി ആശ്രയിച്ചിരുന്നത് ഗൾഫ് രാജ്യങ്ങളെയായിരുന്നു. അതിനാൽ തന്നെ അവരുമായി എപ്പോഴും തന്ത്രപരമായ ഒരു നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. പലപ്പോഴും സൗദി അല്ലെങ്കിൽ ഇറാഖുമായിരുന്നു ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പട്ടിക പരിശോധിച്ചാൽ ആദ്യമെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് മാറിയിരിക്കുകയാണ്. റഷ്യൻ എണ്ണയുടെ വരവോടെ പട്ടികയിൽ സ്ഥാനങ്ങൾ മാറി മറിയുന്ന കാഴ്ചയാണ് കാണാനാവുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഫെബ്രുവരിയിൽ ഇത് പ്രതിദിനം 1.6 ദശലക്ഷം ബാരലായി ഉയർന്നതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവിടെ റഷ്യ പട്ടികയിൽ ആദ്യം എത്തിയത് മാത്രമല്ല എടുത്ത് പറയേണ്ടത്. സൗദിയിൽ നിന്നും ഇറാഖിൽ നിന്നും വാങ്ങിയതിലും ഏറെയാണ് ഇക്കുറി റഷ്യയിൽ നിന്നു മാത്രം ഇന്ത്യ വാങ്ങിയിരിക്കുന്നത്.

തുടർച്ചയായ അഞ്ചാം മാസവും റഷ്യ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി ഇന്ത്യയുടെ പട്ടികയിൽ ആദ്യസ്ഥാനം നിലനിർത്തുകയാണ്.ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഇറക്കുമതി രാജ്യമാണ് ഇന്ത്യ. റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർധിച്ചതോടെ സൗദി അറേബ്യയിൽ നിന്നും എന്തിന് അമേരിക്കയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി പോലും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിമാസം 16 ശതമാനവും അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 38 ശതമാനവും കുറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.