ശ്രീനഗർ: ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറി ആക്രമണത്തിന് ശ്രമിച്ച പാക് ഭീകരനോട് കരുണകാട്ടി ഇന്ത്യൻ സൈനികർ. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധത്തിൽ ഗുരുതരമായി പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം ദാനം നൽകിയാണ് ഇന്ത്യൻ സൈനികർ മാതൃകയായത്. ഓഗസ്റ്റ് 21ന് രജൗരി ജില്ലയിലെ ബോർഡർ പോസ്റ്റിൽ ആക്രമണം നടത്തവെയാണ് പാക് ഭീകരൻ തബാറക് ഹുസൈന്(32) പരിക്കേറ്റത്. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട് ഗ്രാമത്തിൽ താമസിക്കുന്നയാളാണ് തബാറക്. അൽഖാദിയ പരിശീലനം ലഭിച്ച ശേഷമാണ് ഇയാൽ നുഴഞ്ഞു കയറിയത്.

നിയന്ത്രണരേഖയിൽ രണ്ടോ, മൂന്നോ പാക് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ജാഗ്രത നിർദേശത്തെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ ആക്രമണത്തിനു മുന്നിൽ പതറിയ ഭീകരന് അതിർത്തിയിൽ നിന്ന് രക്ഷപ്പെടാനും സാധിച്ചില്ലെന്ന് സംഭവത്തെ കുറിച്ച് വിശദീകരണം നൽകി ബ്രിഗേഡിയാർ കപിൽ റാണ പറഞ്ഞു. എന്നാൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.

തുടയ്ക്കും ഷോർഡറിനുമാണ് തബാറക്കിന് വെടിയേറ്റത്. വെടിയുണ്ടകൾ പുറത്തെടുത്തശേഷം നന്നായി രക്തസ്രാവമുണ്ടായി. പരിക്ക് ഗുരുതരമായിരുന്നു. തുടർന്ന് ഞങ്ങളുടെ സംഘത്തിൽപെട്ടവർ തബാറക്കിന് മൂന്നു കുപ്പി രക്തം നൽകുകയായിരുന്നു. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. തബാറക് ഐ.സി.യുവിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബ്രിഗേഡിയാർ രാജീവ് നായർ കൂട്ടിച്ചേർത്തു.

2016ൽ തബാറക് ഹുസൈനും അന്ന് 15 വയസുണ്ടായിരുന്ന സഹോദരൻ ഹാരൂൺ അലിയും അതിർത്തിയിൽ നുഴഞ്ഞുകടക്കാൻ ശ്രമിച്ചതായും സൈന്യം വെളിപ്പെടുത്തി. ഇവരെ പിടികൂടിയെങ്കിലും 2017ൽ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കുകയായിരുന്നു.

പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് തന്നെ അതിർത്തിയിലേക്ക് അയച്ചതെന്നും തബാറക് ഹുസൈൻ പറഞ്ഞിരുന്നു. ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കുന്നതിന് 30,000 രൂപയാണ് തബാറക്കിന് പ്രതിഫലമായി നൽകിയത്. തബാറക്കിന് ലഷ്‌കറെ ത്വയ്യിബയിൽ ആറാഴ്ച?ത്തെ പരിശീലനം ലഭിച്ചിരുന്നതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.