കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യ നില വീണ്ടും മോശമായതായി സൂചന. ശ്വാസകോശ പ്രശ്‌നങ്ങൾ അതീവ ഗുരുതരാവസ്ഥയിലായെന്നാണ് റിപ്പോർട്ട്. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു.

മരുന്നുകളോട് നടൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് വീണ്ടും അസുഖം കലശലാകുകയായിരുന്നു. ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിൽസ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജിലേയും തിരുവനന്തപുരം ആർ എസ് സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാൽ ശ്വാസകോശത്തിനുള്ള പ്രശ്‌നങ്ങൾ ഇന്നസെന്റിന് പിന്നേയും പ്രശ്‌നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്‌നമായി.

ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുൻ ലോക്‌സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ക്യാൻസറുമായുള്ള ആകുലതകളൊന്നും ഇന്നസെന്റിനെ നിലവിൽ അലട്ടുന്നില്ല. ഇതും പ്രതീക്ഷയാണ്. മൂന്ന് തവണ നടന് കോവിഡ് വന്നു.

ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിച്ചു. ഈ സാഹചര്യമാണ് രോഗാവസ്ഥയേയും ബാധിക്കുന്നത്.