- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി എല്ലാവരെയും പണം നൽകി സഹായിക്കുന്ന 'ലാസർ'; ബന്ധുക്കളും നാട്ടുകാരും സ്വന്തം മകളും തോൽപ്പിക്കാൻ ശ്രമിച്ചിട്ടും കീഴടങ്ങാത്ത 'ശങ്കരൻ കുട്ടി മേനോൻ'; ചിരിക്കപ്പുറം ചതിയൊളിപ്പിച്ച് മലയാളിയുടെ വെറുപ്പ് നേടിയ ഇന്നസെന്റിന്റെ വില്ലൻ കഥാപാത്രങ്ങൾ
തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലമാണ് മലയാളിയെ ഇന്നസെന്റ് ചിരിപ്പിച്ച് കൊണ്ടിരുന്നത്. താൻ ചെയ്യുന്ന വേഷം ഏതായാലും അതിൽ നർമ്മത്തിന്റെ മേമ്പൊടി ചാർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ഈ ചിരി ..ഒരു കൊലച്ചിരിപോലെ തന്റെ വില്ലൻ വേഷത്തിലും ഇന്നസെന്റ് ചേർത്തിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത.മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്മാരുടെ പട്ടികയെടുത്താൽ കേളിയിലെ ' ലാസറി'നെയൊന്നും പരാമർശിക്കാതെ നമുക്ക് കടന്നുപോകാനാകില്ല.ഹാസ്യത്തിൽ തനതായ ഒരു ശൈലി രൂപപ്പെടുത്തിയ പോലെ വില്ലൻ വേഷത്തിലും അദ്ദേഹത്തിനു തനതായ ശൈലി ഉണ്ടായിരുന്നു.
കാലങ്ങളായി മലയാള സിനിമയിൽ വില്ലൻ എന്ന സങ്കൽപ്പത്തെ പൊളിക്കാൻ സാധിച്ച വില്ലനിസം ആയിരുന്നു ഇന്നസെന്റിന്റേത്.മസിലും പെരുപ്പിച്ച് നായകനൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന വില്ലൻ കഥാപാത്രങ്ങളായിരുന്നില്ല ഇന്നസെന്റിന്റേത്. നടപ്പ് രീതികളിൽ നിന്നും അൽപ്പം മാറി, ചെറിയ തമാശകൾ കാണിച്ച് പ്രേക്ഷകരിൽ അൽപ്പം ദേഷ്യമുണ്ടാക്കുന്ന ദുഷ്ടനായ വില്ലനായി ഇന്നസെന്റ് അരങ്ങ് തകർത്തു.തന്റെ എതിരാളിയെ തല്ലിതോൽപ്പിക്കുന്നതില്ലല്ല.. ഇന്നസെന്റിന്റെ തന്നെ ഒരു കഥാപാത്രം പറഞ്ഞപോലെ ദേഷ്യം മനസിൽ വച്ച് മെല്ലെ മെല്ലെ വേദനപ്പിക്കുക.. എന്നിട്ട് ആനന്ദിക്കുക അതായിരുന്നു ഇന്നസെന്റിന്റെ വില്ലൻ കഥാപാത്രങ്ങളുടെ ശൈലി.
ഇതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കേളിയിലെ ലാസർ എന്ന കഥാപാത്രം.നാട്ടിലെ പ്രമാണിയായ ലാസർ എല്ലാവർക്കും സഹായമാക്കെ ചെയ്ത് വളരെ അനുകമ്പയുള്ള കഥാപാത്രമായാണ് പുറംമോടിയിൽ.എന്നാൽ അ കഥാപാത്രത്തിന് അയാളുടെതായ സ്വാർത്ഥതാൽപ്പര്യങ്ങളും കുശാഗ്രബുദ്ധിയും ഉണ്ടായിരുന്നു.അതിന്റെ പൂർണ്ണതയിലേക്ക് ഒരു മേളപ്പെരുക്കം പോലെയാണ് ആ കഥാപാത്രം എത്തുന്നത്.
ഇതിൽ മാത്രം ഒതുങ്ങുന്നതല്ല ആ പകർന്നാട്ടങ്ങൾ. 'മഴവിൽ കാവടി'യിലെ ശങ്കരൻകുട്ടി മേനോനും 'പൊന്മുട്ടയിടുന്ന താറാവി'ലെ പണിക്കരും, തസ്‌കര വീരനിലെ ഈപ്പച്ചനും ഒക്കെ അങ്ങനെ ചില എണ്ണപ്പെട്ട വില്ലൻ കഥാപാത്രങ്ങളാണ്.
വില്ലൻ വേഷത്തെ പൊളിച്ചടുക്കിയ മറ്റൊരു കഥാപാത്രമായിരുന്നു 'മഴവിൽ കാവടി'യിലെ ശങ്കരൻകുട്ടി മേനോൻ.അന്നത്തെ കാലത്തെ സിനിമ നടപ്പുവശങ്ങളെത്തന്നെയാണ് ശങ്കരൻ കുട്ടി മേനോനും പൊളിച്ചെഴുതുന്നത്.നായകൻ എത്ര ഗതി പിടിക്കാത്തവൻ ആയാലും ശരി നായികയെ അവളുടെ അച്ഛന്റെ കയ്യിൽ നിന്നും നായകൻ മാസ്സ് ഡയലോഗ് അടിച്ചു അങ്ങു സ്വന്തമാക്കും.ഈ ക്ളീഷേയെയാണ് ശങ്കരൻ കുട്ടി മേനോൻ
നിർദാക്ഷണ്യം പൊളിക്കുന്നത്.നായിക അവസാനം നായകന് സ്വന്തമാകുന്നുവെങ്കിൽ പോലും യഥാർഥ വിജയി അച്ഛൻ ആയ ശങ്കരൻ കുട്ടി മേനോൻ ആയിരുന്നു...
സ്വന്തം വീട്ടിലുള്ളവർ മുതൽ നാട്ടുകാർ വരെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ശങ്കരൻകുട്ടി മേനോൻ തോറ്റില്ല....അവസാനം സ്വന്തം മകൾ മരിക്കും എന്നുറപ്പായപ്പോൾ നായകന് വേണ്ടി അയാൾ പഴനി വരെ പോയി കീഴടങ്ങാൻ തീരുമാനിക്കുന്നു....എന്നാൽ അവിടെയും അയാൾ ആണ് ജയിക്കുന്നത്...നായകൻ ഒരു വലിയ കമ്പനി മുതലാളി ആണെന്ന പൊള്ളയായ വാദം അവിടെ ഒരു ബാർബർ ഷോപ്പിൽ വച്ചു വീണുടയുന്നു...
നായിക പോലും തകരുന്നു....
സത്യത്തിൽ ഈ രംഗത്തിൽ കത്തി നിൽക്കുന്ന ശങ്കരൻ കുട്ടി മേനോനെ കാണാൻ പറ്റും....എല്ലാം കൊണ്ടും കീഴടങ്ങിയ പാവം നായകനെയും...അവസാനം മേനോൻ നായകന്റെ മുഖത്തു നോക്കി പറയുന്ന സംഭാഷണത്തിൽ ഉണ്ട് ആ കഥാപാത്രമത്രയും 'ആരോടും ഒരിക്കലും തോറ്റിട്ടില്ലെന് ശങ്കരൻ കുട്ടി മേനോൻ എന്നും അഹങ്കരിക്കും....അപ്പോഴും ഒരിക്കൽ എങ്കിലും നിന്റെ മുന്നിൽ തോറ്റ് കാണണമെന്ന് ഉള്ളാലെ ആഗ്രഹിച്ചിരുന്നു...മറ്റാർക്കും വേണ്ടി അല്ല എന്റെ മോൾക്ക് വേണ്ടി ആണ്...കാരണം എന്റെ മോളെ എനികത്രക്ക് ഇഷ്ടാ....ഈ സംഭാഷണവും രംഗവുമൊന്നും മലയാളി ഉള്ളിടത്തോളം കാലം മറക്കില്ല.
മറ്റൊരു വില്ലൻ കഥാപാത്രമാണ് 'തസ്‌കരവീരനി'ലെ ഈപ്പച്ചൻ.മമ്മൂട്ടിയ്‌ക്കൊപ്പം പിടിച്ചുനിൽക്കാൻ കെൽപ്പുള്ള ഒരു വില്ലൻ കഥാപാത്രത്തെ അനായാസമായി അദ്ദേഹം അവതരിപ്പിച്ചു.'കഥപറയുമ്പോളി'ലെ ഈപ്പച്ചൻ മുതലാളിയും ക്രൂരനല്ലാത്ത ദുഷ്ടനായ ഒരു വില്ലൻ ആണ്. പലിശയ്ക്ക് പണം കൊടുത്ത് സാധാരണക്കാരുടെ അവസ്ഥയെ ചൂഷണം ചെയ്യുന്ന നെഗറ്റീവ് കഥാപാത്രം ഇന്നസെന്റിനെ കൊണ്ടുമാത്രം കഴിയുന്നതാണ്.പിൻഗാമിയിൽ സുകുമാരന്റെ വില്ലൻ വേഷത്തെ വിശേഷപ്പിക്കാൻ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്.. തനിക്ക് ചേരുന്ന ഒരു പേരെ മലയാള നിഘണ്ടുവിലുള്ളു.. സുന്ദര കാലമാടൻ.. അതെ... മനസ്സിൽ വെറുപ്പ് കോരിയിടുന്ന വില്ലൻ വേഷങ്ങളെ മലയാളി മനസ്സിൽ കോർത്തുവച്ചാണ് ഇന്നസെന്റ് മടങ്ങുന്നത്..
മറുനാടന് മലയാളി ബ്യൂറോ