- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി പതാക ഉയർത്തി വിക്രാന്തിനെ പടയിലെടുക്കും; ശേഷം പിൻവശത്തെ ക്വാർട്ടർ ഡെക്കിൽ നേവൽ എൻസൈനും ഉയർത്തും; കപ്പലിൽ സ്ഥാപിച്ചിട്ടുള്ള കമ്മിഷനിങ് പ്ലേറ്റും അനാഛാദനം ചെയ്യുന്നതോടെ ഐഎസി1 ഐഎൻഎസ് വിക്രാന്താകും; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ലോഞ്ചിംഗിന് തയ്യാർ
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിന് രാജ്യത്തിന് സമർപ്പിക്കാൻ ഇരിക്കയാണ്. രാജ്യത്തിന്റെ അഭിമാനമായ ഈ പടക്കപ്പൽ സമർപ്പിക്കുന്നതു നാവികസേനയുടെ പതാകയായ 'ദി ഇന്ത്യൻ നേവൽ എൻസൈൻ' ഉയർത്തുന്നതോടെയാകും. നാവികസേന നിലവിൽ ഐഎസി1 (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ1) എന്നു വിളിക്കുന്ന പടക്കപ്പൽ രണ്ടിനാണു പ്രധാനമന്ത്രി കൊച്ചി കപ്പൽശാലയിൽ കമ്മിഷൻ ചെയ്യുന്നത്. ഇതോടെ ഐഎസി1 ഐഎൻഎസ് വിക്രാന്താകും.
രാവിലെ 10നു നടക്കുന്ന കമ്മിഷനിങ് ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിയെ നാവികസേനയുടെ 150 അംഗ ഗാർഡ് ഓഫ് ഓണറോടെ സ്വീകരിക്കും. തുടർന്നു കപ്പലിനുള്ളിൽ പ്രവേശിക്കുന്ന പ്രധാനമന്ത്രി കപ്പലിന്റെ മുൻവശത്തെ ഫോക്‌സെൽ ഡെക്കിൽ ദേശീയപതാകയും ഇതിനു ശേഷം പിൻവശത്തെ ക്വാർട്ടർ ഡെക്കിൽ നേവൽ എൻസൈനും ഉയർത്തും. തുടർന്നു കപ്പലിൽ സ്ഥാപിച്ചിട്ടുള്ള കമ്മിഷനിങ് പ്ലേറ്റും അനാഛാദനം ചെയ്യും.
അതേസമയം വിക്രാന്തിൽ അവസാനവട്ട മിനുക്ക് പണികൾ തകൃതിയാണ്. രാജ്യത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പൽ. രണ്ട് ഫുട്‌ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ളൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമ്മിച്ചത്.
കപ്പൽ നിർമ്മാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ. കപ്പലിന്റെ നീളം 262 മീറ്റർ, ഉയരം 59 മീറ്റർ. 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം. 2007ൽ തുടങ്ങിയതാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം. 15 വർഷം കൊണ്ട് കപ്പൽ നിർമ്മിക്കാൻ ചെലവായത് 20,000 കോടി രൂപ. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു.
കഴിഞ്ഞ മാസം 28ന് കൊച്ചിൻ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പൽ ഷിപ്പ്‌യാർഡിൽ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി വെള്ളിയാഴ്ച കൊച്ചി കപ്പൽ ശാലയിലെത്തി കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും.
മറുനാടന് മലയാളി ബ്യൂറോ