തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുതായി നിർമ്മിച്ച ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുമാറ്റാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടിരിക്കുകയാണ്. അനധികൃതമായി നിർമ്മിച്ച കെട്ടിടം മൂന്നുമാസത്തിനകം, മതിയായ അനുമതി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ക്രമപ്പെടുത്താൻ മൂന്നുമാസത്തെ സമയമാണ് ഓംബുഡ്‌സ്മാൻ നൽകിയിരിക്കുന്നത്. എന്നാൽ, ഉത്തരവ് വന്ന് ഒരു മാസം പിന്നിട്ടിട്ടും, ഐഎൻടിയുസി നേതത്വം നിർമ്മാണം ക്രമപ്പെടുത്താൻ അപേക്ഷ പോലും നൽകിയിട്ടില്ല. കോർപറേഷൻ ഇക്കാര്യത്തിൽ കൈകഴുകിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കെ.കരുണാകരൻ സ്മാരക ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിച്ചതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ തലസ്ഥാനത്ത് വിശദീകരിച്ചു.

അടിസ്ഥാനരഹിതമായ വാർത്തകളാണ് ചില മാധ്യമങ്ങളിൽ വരുന്നതെന്നും ആർ.ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഴുപത്തിയഞ്ചുവർഷം പിന്നിടുന്ന ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിക്ക് ആദ്യമായാണ് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം ഉണ്ടാകുന്നത്. 2015ൽ തിരുവനന്തപുരത്ത് പരുത്തിക്കുഴിയിൽ 8.5 സെന്റ് സ്ഥലവും മൂന്ന് നിലകളിൽ വാർത്ത് കോൺക്രീറ്റ് പണികൾ പൂർത്തിയാക്കിയ കെട്ടിടവും വിലക്കു വാങ്ങി.
അറ്റക്കുറ്റപണികൾ പൂർത്തിയാക്കി മെയ്‌ മൂന്നിന് കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കെട്ടിടത്തിന് നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയശേഷമാണ് ഉദ്ഘാടനം നടത്തിയത്. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം പണിതെന്ന് കാണിച്ച് ഒരു വ്യക്തി ഓംബുഡ്സ്മാനിൽ പരാതി നൽകി. ഇതിൻപ്രകാരം ഈ മാസം ഏഴിന് ഇക്കാര്യത്തിൽ ഓംബുഡ്സ്മാൻ തീർപ്പു കൽപ്പിച്ചതായും ചില വാർത്തകളിൽ കണ്ടു. ഇങ്ങനെയൊരു വിധി ഉണ്ടായിട്ടുണ്ടെങ്കിൽ പോലും അതിന് വളരെ മുമ്പ് തന്നെ ഐഎൻടിയുസി ഇത് ക്രമവൽക്കരിക്കാൻ കോർപ്പറേഷന് അപേക്ഷ സമർപ്പിച്ചിരുന്നു. കോർപ്പറേഷൻ അതനുവദിക്കുകയും ക്രമവൽക്കരിക്കുന്നതിന് 23,615 രൂപ ഫീസായി ഒടുക്കാൻ നഗരസഭ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 24ന് നഗരസഭയ്ക്ക് തുക ഒടുക്കുകയും കെട്ടിടനിർമ്മാണം ക്രമവൽക്കരിച്ചു നൽകുകയും ചെയ്തു. 2021-22 വരെയുള്ള കെട്ടിടനികുതി നഗരസഭയ്ക്ക് ഒടുക്കി രസീത് വാങ്ങി സൂക്ഷിച്ചിട്ടുള്ളതാണെന്നും മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തിയുള്ളതാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു

നിയമലംഘനങ്ങൾ ഇങ്ങനെ

വിമാനത്താവള അഥോറിറ്റിയുടെയോ, വൈദ്യുതി റഗുലേറ്ററി അഥോറിറ്റിയുടെയോ സർട്ടിഫിക്കറ്റുകൾ കെട്ടിടത്തിനായി വാങ്ങിയിട്ടില്ല. ഐ.എൻ.ടി.യു.സിയുടെ തന്നെ നേതാവായ അടുമൻകാട് വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്റെ വിധി. വിധിക്ക് മുമ്പ് ഓംബുഡ്സ്മാൻ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നു. തുടർന്ന് കെട്ടിടത്തിന്റെസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കോർപ്പറേഷൻ എഞ്ചിനിയറെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കെട്ടിടത്തിനാവശ്യമായ ഒരു വകുപ്പുകളുടേയും എൻഒസി. ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകി. ഇത് കണക്കിലെടുത്താണ് ഓംബുഡ്സ്മാന്റെ ഉത്തരവ്. മതിയായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കെട്ടിടം ക്രമപ്പെടുത്താനും സാധിക്കും. എന്നാൽ, ഐഎൻടിയുസി ഓഫീസിന് മാത്രം സർ്ട്ടിഫിക്കറ്റുകൾ നൽകിയാൽ, സമാന കേസുകളിൽ പെട്ടവരുടെ എതിർപ്പുകൾ ഉയരാം. അതുകൊണ്ട് തന്നെ പ്രശ്നം സങ്കീർണമാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാൻഡിങ് ഏരിയയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിയമം അനുസരിച്ച് പ്രദേശത്ത് രണ്ട് നിലക്കപ്പുറം ഒരു കെട്ടിടവും നിർമ്മിക്കാൻ പാടില്ല. കെട്ടിടം നിർമ്മിക്കാൻ എയർപോർട്ട് അഥോറിറ്റിയുടെയും സതേൺ എയർ കമാൻഡിന്റെയും എൻഒസി വേണം. പക്ഷേ കെട്ടിടത്തിന് അത്തരമൊരു എൻഒസി ഇല്ല. ഇത് ലഭിച്ചാൽ മാത്രമേ തുടർന്നുള്ള മറ്റ് വകുപ്പുകളുടെ അനുമതി ലഭിക്കൂ.

കെട്ടിടം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാൻഡിങ് ഏരിയയിലാണ്. മേഖലയിൽ രണ്ടു നിലക്ക് അപ്പുറമുള്ള കെട്ടിടം പണിയാൻ പാടില്ലെന്നാണ് നിയമം. കെട്ടിടം പണിയാൻ വിമാനത്താവള അഥോറിറ്റിയുടേയും സതേൺ എയർ കമാൻഡിന്റേയും എൻഒസി. വേണം. എന്നാൽ ഈ കെട്ടിടത്തിന് അങ്ങനെ ഒരു എൻഒസി. ഇല്ല. ഇത് ലഭിച്ചാൽ മാത്രം തുടന്നുള്ള മറ്റു വകുപ്പുകളുടെ അനുമതി ലഭിക്കൂ. അതുകൊണ്ട് തന്നെ ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി, നഗരസഭയുടെ അനുമതി തുടങ്ങിയവ ഇല്ലെന്നാണ് റിപ്പോർട്ട്.

മെയ് മൂന്നിനായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടം. എ.കെ. ആന്റണിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാഹുൽ ഗാന്ധിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കെട്ടിടം വിവാദത്തിൽ പെട്ടതോടെ അദ്ദേഹം ഉദ്ഘാടനത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് സൂചന.

ആർ.ചന്ദ്രശേഖരന് വേണ്ടി നിയമങ്ങൾ വഴി മാറി

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും കോർപ്പറഷൻ ഓഫീസുകളിലെ എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കും ഇതുസംബന്ധിച്ച പരാതികളും വിവരാവകാശ അപേക്ഷകളും നൽകിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനുവേണ്ടി നിയമങ്ങളെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപം ഉയർന്നിരുന്നു. പ്‌ളാൻ സമർപ്പണം മുതലുള്ള യാതൊരു അപേക്ഷയും നൽകാതെ കോർപ്പറേഷനിൽ നിന്ന് പുതിയ കെട്ടിട നമ്പർ വരെ കെട്ടിടത്തിന് നൽകിയെന്നാണ് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.

സാധാരണക്കാരനായ ഒരാൾ വീടുവയ്ക്കുമ്പോഴോ മറ്റെന്തെങ്കിലും കെട്ടിടം നിർമ്മിക്കുമ്പോഴോ റോഡിൽ നിന്നുള്ള ദൂരപരിധി മുതൽ സെപ്റ്റിക് ടാങ്കിന്റെ നീളവും വീതിയും വരെ അളന്നും കുഴിച്ചും നൂറുനൂറ് നുലാമാലകൾ തീർക്കുന്നതിൽ കുപ്രസിദ്ധമാണ് തിരുവനന്തപുരം കോർപ്പറേഷൻ. സിപിഎമ്മിന്റെ നേതൃത്വത്തിൽ കാലങ്ങളായി ഭരിക്കുന്ന കോർപ്പറേഷൻ ഇപ്പോൾ മുഖ്യ എതിരാളികളായ കോൺഗ്രസിന്റെ തൊഴിലാളി വിഭാഗത്തിന് വേണ്ടി ആസ്ഥാന മന്ദിരം നിർമ്മിച്ചതിന് വഴിവിട്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് എന്തിനെന്ന ചോദ്യമാണ് ഉയർന്നത്. ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അടുപ്പം ഇതിനുമുമ്പും പലകുറി ചർച്ചയായതാണ്.

അടുത്തകാലത്ത് ദേശീയ പണിമുടക്ക് നടന്ന വിഷയത്തിൽ ഇടതുപക്ഷത്തിനൊപ്പം വഴിതടയാനും കടകൾ അടപ്പിക്കാനും ഐഎൻടിയുസിയേയും തോളോടുതോൾ ചന്ദ്രശേഖരൻ അണിനിരത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ പലയിടത്തും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും അരങ്ങേറി.ഇതെല്ലാം ചർച്ചയായെങ്കിലും, കെട്ടിട നിർമ്മാണവുമായി മുന്നോട്ടുപോവുകയായിരുന്നു.

ഒരുനില പൂർത്തിയായ, രണ്ടുനില പില്ലറോട് കൂടിയ കെട്ടിടം 2016 ൽ ഐഎൻടിയുസി വാങ്ങുകയായിരുന്നു. പണി തീർത്ത ഒരുനിലയുടെ നികുതിയായി 1.37 ലക്ഷം രൂപയുടെ കുടിശിക ഉണ്ടായിട്ടും, രണ്ടും മൂന്നും നിലകൾ പണിതപ്പോൾ കോർപറേഷൻ ടിസി നമ്പർ അനുവദിച്ചു. വിമാനത്താവളത്തിന് സമീപം രണ്ടുനിലയിൽ കൂടുതൽ ഉയരത്തിൽ നിലകൾ പണിയുമ്പോൾ എയർപോർട്ട് അഥോറിറ്റിയുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പരിശോധിക്കാതെയാണ് കോർപറേഷൻ കെട്ടിട നമ്പർ അനുവദിച്ചതെന്നും പരാതി ഉയർന്നു. ഇതുകൂടാതെ ലിഫ്റ്റ് നിർമ്മാണത്തിന് ഇലക്ട്രിക്കൽ ഇൻസപക്ടറേറ്റിന്റെ അനുമതിയും വാങ്ങിയില്ല. നിശ്ചിത സ്ഥലം പാർക്കിങ്ങിന് വേണമെന്ന വ്യവസ്ഥയും ലംഘിച്ചതായി പരാതിയിൽ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ പുറത്തുവന്നിരുന്നു.

പ്രമാണം അനുസരിച്ച് 6.50 സെന്റും കെട്ടിടവും, വാങ്ങുന്നതിന് 60 ലക്ഷമാണ് നൽകിയത്. എന്നാൽ, 1.10 കോടി ചെലവായെന്ന് ഭാരവാഹികൾ സംഘടനയിൽ വ്യക്തമാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. കെട്ടിടം വാങ്ങാൻ 8.59 കോടി പിരിച്ചെന്നും, അവശേഷിക്കുന്ന തുകയുടെ കണക്ക് കാണിച്ചിട്ടില്ലെന്നും ആക്ഷപമുണ്ട്.

കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായും പണാപഹരണവുമായും മറ്റ് കൃത്രിമങ്ങളുമായും ബന്ധപ്പെട്ട് വിവിധ സോണൽ ഓഫീസുകളിലെ ജീവനക്കാർ അറസ്റ്റിലാവുകയും സസ്‌പെൻഷനിലാവുകയും ചെയ്തത് അടുത്തിടെയാണ്. ഇതിൽ ചിലരുടെ സഹായത്തോടെ തന്നെയാണ് ഐഎൻടിയുസി സ്മാരകമന്ദിരത്തിന് പ്‌ളാൻപോലും നൽകാതെ പുതിയ ടിസി നമ്പർ നൽകിയതെന്നാണ് ആക്ഷേപം. മുട്ടത്തറ വാർഡിലെ ബിൽഡിങ് ഇൻസ്‌പെക്ടർക്ക് എതിരെയുൾപ്പെടെ ഇതുസംബന്ധിച്ച് ആക്ഷേപം ഉയരുകയും പരാതികൾ കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും നൽകുകയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

കോർപ്പറേഷനിൽ നിന്ന് ചില ഉദ്യോഗസ്ഥർ യാതൊരു രേഖയും വാങ്ങാതെ അമിതമായി പണം കൈക്കൂലിയായി വാങ്ങി കെട്ടിടത്തിന് ഔദ്യോഗികമായി വ്യാജ നമ്പരുകൾ നൽകിയിരുന്നു. ഇതുസംബന്ധിച്ച് നിരവധി ഉദ്യോഗസ്ഥർ സസ്‌പെൻഷനിലും അന്വേഷണപരിധിയിലുമാണ്.

നികുതി കുടിശ്ശിക അടയ്ക്കാതെ പുതിയ നമ്പർ

മുട്ടത്തറ വാർഡിൽ ഈഞ്ചക്കലിൽ നിന്ന് പൂന്തുറയിലേക്ക് പോകുന്ന വഴി ദേശീയപാതയുടെ വലതുവശത്താണ് പരുത്തിക്കുഴിയിൽ പുതിയ ഐഎൻടിയുസി മന്ദിരം. നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ വാർഷിക നികുതി 18,055 രൂപയായിരുന്നു. ഇത് 2014-15 വർഷംവരെ ഒടുക്കിയിട്ടുണ്ട്. അതായത് ഐഎൻടിയുസിക്കായി വാങ്ങുന്നത് വരെ മാത്രം. അതിന് ശേഷം നികുതി അടക്കാതായതോടെ 1,39,751 രൂപ കുടിശ്ശികയായി. അതിനാൽ തന്നെ ബാധ്യതാ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നികുതി കുടിശ്ശികയുള്ള കെട്ടിടത്തിന് മുകളിൽ നിലകൾ പണിയുന്നതിന് അനുമതി ലഭിക്കണമെങ്കിൽ ബാധ്യത തീർത്ത് അപേക്ഷ നൽകണമെന്നാണ് ചട്ടം. എന്നാൽ അപേക്ഷ പോലും നൽകാതെ പണിത കെട്ടിടത്തിന് പുതിയ ടിസി നമ്പർ നൽകുകയായിരുന്നു കോർപ്പറേഷൻ.

സമാനമായ രീതിയിലാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്ന് ലിഫ്റ്റിന് അനുമതി നേടിയെടുത്തതെന്നും അതിനും ലിഫ്റ്റ് സ്ഥാപിക്കാനുമെല്ലാം സർക്കാരിലെ അടുപ്പം മുതലെടുത്ത് ഇടപെടലുകൾ നടത്തിയെന്നുമാണ് ആക്ഷേപം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വിവിധ വകുപ്പുകളിൽ മുഖ്യമന്ത്രി പിണറായിയുമായുള്ള ബന്ധം ഉപയോഗിച്ച് വഴിവിട്ട ഇടപെടലുകൾ നടത്തിയാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ലിഫ്റ്റിന് ഉൾപ്പെടെ അനുമതി നൽകാൻ വിസമ്മതിച്ച ഒരു കെഎസ്ഇബി ഓഫീസറെ സ്ഥലംമാറ്റിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതിന് പുറമെ പാർക്കിങ് ഏരിയ അനുവദിച്ചതിലെ ക്രമക്കേടും സൈഡ് യാർഡ്, റിയർ യാർഡ് എന്നിവയൊന്നും പാലിക്കാതെ കെട്ടിടം ഉയർത്തിയെന്ന പരാതിയും ഉയർന്നിട്ടുള്ളത്.