കെയ്‌റോ: ആഗോള ഭീകര സംഘടനയായ ഐഎസിന്റെ തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു. അബു ഹസൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. സംഘടനയുടെ ടെലഗ്രാം ചാനലിലൂടെയാണ് ഐഎസ് വക്താവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പകരക്കാരനായി അബു ഹുസൈൻ അൽ ഹുസൈനി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായും സന്ദേശത്തിലുണ്ട്.

ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന ഐ എസ് വക്താവിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ ശബ്ദസന്ദേശത്തിൽ പറയുന്നില്ല. ഖുറേഷി എന്നത് മുഹമ്മദ് നബിയുടെ ഒരു ഗോത്രത്തെ സൂചിപ്പിക്കുന്നു, അവരിൽ നിന്നാണ് ഐഎസ് നേതാക്കൾ വംശപരമ്പര അവകാശപ്പെടേണ്ടത്. പുതിയ നേതാവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വക്താവ് നൽകിയില്ല.

സിറിയയിൽ യുഎസ് ആക്രമണത്തിനിടെ അബു ഇബ്രാഹിം കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു അബു ഹസൻ ചുമതലയേറ്റത്. ഇതോടെ ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഐഎസ് തലവനാണ്. ഐഎസ് സ്ഥാപക നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയും 2019ൽ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

2014 ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. 2017 ൽ ഇറാഖിലും തുടർന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നടപടികൾ എടുത്തു. എന്നാൽ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുണ്ട്. ആഗോളവ്യാപകമായി ഐഎസിന്റെ ശക്തി ക്ഷയിച്ച അവസ്ഥയിലാണിപ്പോൾ. ഐഎസ് നേതാക്കളിൽ ഏറ്റവും മികച്ച അഞ്ച് പേരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട അബു ഹസൻ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞത്.